Connect with us

Gulf

ദേര മത്സ്യമാര്‍ക്കറ്റ് നിര്‍മാണം അവസാന ഘട്ടത്തില്‍

Published

|

Last Updated

ദുബൈ: ദേരയില്‍ പുതിയ മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍. 26.8 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന മാര്‍ക്കറ്റിന്റെ 60 ശതമാനം ജോലികളാണ് പൂര്‍ത്തിയായത്. പരമ്പരാഗത അറേബ്യന്‍ വാസ്തു വിദ്യയില്‍ നിര്‍മിച്ച മാര്‍ക്കറ്റ് തുറക്കുന്നതോടെ വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായി മാറുമെന്ന് ദുബൈ നഗരസഭാ അധികൃതര്‍ അറിയിച്ചു.
അല്‍ ഹമരിയ്യയില്‍ ദുബൈ ആശുപത്രിക്ക് മുന്‍വശത്തായി പണിപൂര്‍ത്തിയാകുന്ന മത്സ്യമാര്‍ക്കറ്റിന് 1,10,000 സ്‌ക്വയര്‍ മീറ്ററാണ് വിസ്തൃതി. ഹയാത്ത് റീജന്‍സിയുടെ സമീപത്ത് പ്രവര്‍ത്തിക്കുന്ന പഴയ മാര്‍ക്കറ്റില്‍ നിന്നും വളരെ വ്യത്യസ്ഥമായ രീതിയിലാണ് പുതിയത് നിര്‍മിച്ചിട്ടുള്ളത്. 1988 ല്‍ നിര്‍മിച്ച പഴയ മാര്‍ക്കറ്റും ദുബൈയുടെ ആകര്‍ഷണ കേന്ദ്രമാണ്. ശീതീകരിച്ച ഷോപ്പുകളും മാര്‍ക്കറ്റിന്റെ അകത്ത് തയ്യാറാക്കുന്നുണ്ട്. എളുപ്പത്തില്‍ ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ വാങ്ങി പോകുവാന്‍ കഴിയുന്ന രീതിയിലാണ് മാര്‍ക്കറ്റ് നിര്‍മിച്ചിട്ടുള്ളതെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു. മത്സ്യമാര്‍ക്കറ്റില്‍ കോഫി ഷോപ്പുകള്‍, ജ്യൂസ് കടകള്‍, ഹോട്ടല്‍ എന്നിവക്കും മാംസം, പഴം, പച്ചക്കറികള്‍ക്കും പ്രത്യേകം മേഖല തയ്യാറാക്കിയിട്ടുണ്ട്. 700 സാധാരണ പാര്‍ക്കിംഗ് കൂടാതെ 770 ഭൂഗര്‍ഭ പാര്‍ക്കിംഗ് ഇടങ്ങളും തയ്യാറാക്കുന്നുണ്ട്. 600 മീറ്റര്‍ നീളത്തില്‍ നടപ്പാതയും 65 ബോട്ടുകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും തയ്യാറാക്കുന്നുണ്ട്. സഞ്ചാരികള്‍ക്ക് മത്സ്യബന്ധനം കാണുന്നതിനുള്ള സൗകര്യം കൂടാതെ വ്യാപാരികള്‍ മത്സ്യം ലേലത്തിലെടുക്കുന്നത് കാണാനും വിശ്രമിക്കുവാനും സൗകര്യമുണ്ട്.
2014ന്റെ ആദ്യത്തില്‍ തന്നെ 500 മത്സ്യവില്‍പന കേന്ദ്രങ്ങള്‍, 150 പഴം പച്ചക്കറി സ്റ്റാളുകള്‍, 72 മാംസ വില്‍പന കേന്ദ്രങ്ങള്‍ എന്നിവ നഗരസഭ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ബഹുനില സംവിധാനങ്ങളോട് കൂടി നിര്‍മിച്ച മാര്‍ക്കറ്റില്‍ രണ്ടാം നിലയില്‍ വിവിധോദ്ദേശ ഹാള്‍, ഓഫീസുകള്‍, കോഫി ഷോപ്പുകള്‍ എന്നിവ പ്രവര്‍ത്തിക്കും. ഒന്നാം നിലയില്‍ സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് പ്രവര്‍ത്തിക്കുക.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest