Connect with us

National

ഇന്ത്യ-യു എസ് ആണവ കരാര്‍ യാഥാര്‍ഥ്യമായി

Published

|

Last Updated

ന്യൂഡല്‍ഹി: ആണവ ബാധ്യതാ ബില്ലിന്റെ പേരിലും പരിശോധനയുടെ പേരിലും ഏഴ് വര്‍ഷത്തോളം പ്രതിസന്ധിയിലായ ഇന്ത്യ- യു എസ് സിവില്‍ ആണവ സഹകരണ കരാര്‍ യാഥാര്‍ഥ്യമായി. ആണവ ബാധ്യതാ വ്യവസ്ഥകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇന്ത്യ തയ്യാറായതോടെയാണ് കരാര്‍ യാഥാര്‍ഥ്യമാകുന്നത്. പാര്‍ലിമെന്റ് പാസ്സാക്കിയ ആണവ ബാധ്യതാ ബില്ലിനെ മറികടക്കുന്ന തീരുമാനത്തില്‍ ഇന്ത്യ എത്തിയതോടെ സമവായത്തിന് വഴിയൊരുങ്ങുകയായിരുന്നു. ആണവ ബാധ്യതയില്‍ നിന്ന് വിദേശ കമ്പനികളെ ഒഴിവാക്കികൊടുക്കുന്നതിന് ഇന്‍ഷ്വറന്‍സ് നിധി രൂപവത്കരിക്കും.
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ യു എസ് പ്രസിഡന്റ് ബരാക് ഒബാമയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹൈദരാബാദ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ആണവ കരാറിനുള്ള തടസ്സങ്ങള്‍ നീങ്ങിയത്. മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്ന മോദി- ഒബാമ ഉന്നതതല കൂടിക്കാഴ്ചയില്‍, കരാര്‍ പ്രാബല്യത്തില്‍ വരുന്നതിനുണ്ടായിരുന്ന എല്ലാ തടസ്സങ്ങളും നീങ്ങിയതായി വിദേശകാര്യ സെക്രട്ടറി സുജാതാ സിംഗ് പറഞ്ഞു.
കരാര്‍ പ്രാബല്യത്തിലാകുന്നതിനുള്ള തടസ്സങ്ങള്‍ പരിഹരിച്ചതിനെ വലിയെ മുന്നേറ്റമെന്നാണ് ഒബാമ വിശേഷിപ്പിച്ചത്. ആണവ റിയാക്ടറുകളില്‍ അപകടമുണ്ടാകുകയാണെങ്കില്‍ ആണവ സാമഗ്രി വിതരണക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥയും യു എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനുള്ള തടസ്സവുമാണ് പ്രധാനമായും നീങ്ങിയത്. ആണവ ഇന്ധനം ഊര്‍ജാവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടി, ആണവ നിലയങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കയുടെ സംഘത്തെ അനുവദിക്കണമെന്നായിരുന്നു യു എസിന്റെ ആവശ്യം. എന്നാല്‍, ഇക്കാര്യം അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. ഐ എ ഇ എയെ മാത്രമേ പരിശോധന നടത്താന്‍ അനുവദിക്കൂ എന്നായിരുന്നു ഇന്ത്യയുടെ നിലപാട്. പരിശോധന ഒഴിവാക്കാന്‍ യു എസ് തയ്യാറായതും കരാര്‍ യാഥാര്‍ഥ്യമാകുന്നതിനെ തുണച്ചു.
ധാരണ പ്രകാരം ആണവ ദുരന്തം ഉണ്ടായാല്‍ ആണവ വിതരണ കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുകയില്ല. അപകട നഷ്ടപരിഹാരത്തിനായി ഇന്ത്യയിലെ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ വഴി പ്രത്യേക നിധി രൂപവത്കരിക്കുമെന്നാണ് ഇന്ത്യ അറിയിച്ചത്.
ആണവ ബാധ്യതാ നിയമപ്രകാരം 1,500 കോടി രൂപയാണ് ഓപറേറ്റര്‍ നല്‍കേണ്ടത്. രാജ്യത്തെ നാല് പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഒന്നിച്ചു നിന്നാലും 750 കോടി മാത്രമേ നീക്കിവെക്കാനാകൂ. മൊത്തം ആസ്തിയുടെ മൂന്ന് ശതമാനം മാത്രമേ പുതിയ സംരംഭത്തിന് നീക്കിവെക്കാന്‍ ഇന്‍ഷ്വറന്‍സ് ചട്ടങ്ങള്‍ പ്രകാരം സാധിക്കൂ.

---- facebook comment plugin here -----

Latest