Connect with us

Wayanad

ഹൈടെക് വിപ്ലവം നയിച്ച് കാര്‍ഷിക കര്‍മസേന

Published

|

Last Updated

അമ്പലവയല്‍: പോളിഹൗസിലെ കൃഷിയെന്നു കേള്‍ക്കുമ്പോള്‍ ചെറുകിട, ഇടത്തരം കര്‍ഷകരുടെ ബുദ്ധിയില്‍ ഉയരുന്നത് ഇത് കീശനിറയെ കാശും ഏക്കര്‍ കണക്കിനു സ്ഥലവും ഉള്ള വന്‍കിടക്കാര്‍ക്കുള്ള ഏര്‍പ്പാടല്ലേ എന്ന ചോദ്യം. ഇതിനു കര്‍മകുശലതയിലൂടെ മറുപടി നല്‍കുകയാണ് കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആനക്കയം, അമ്പലവയല്‍ ഗവേഷണ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹൈടെക് കാര്‍ഷിക സേന. ഇത്തിരി ഇടവും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ ചുരുങ്ങിയ ചെലവില്‍ പോളിഹൗസ് സ്ഥാപിച്ച് കൃഷിയിറക്കാനും ലാഭം കൊയ്യാനും കഴിയുമെന്നതിനു ഹൈടെക് സേന തെളിവുകള്‍ നിരത്തുന്നു.
മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തുടരുന്ന ദേശീയ കാര്‍ഷികോത്സവത്തിന്റെ ഭാഗമായ സാങ്കേതിക പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഒരു സെന്റ് വെര്‍ട്ടിക്കല്‍ ഫാമിംഗ് പോളിഹൗസ്. ഇതില്‍ നാല് വരികളിലായി 10 മീറ്റര്‍ നീളമുള്ള 16 തട്ടുകളില്‍ വളരുന്നത് റെഡ് ചാര്‍ലി ഇനം സ്‌ട്രോബെറി. ഈ കാഴ്ചയില്‍ കണ്ണും മനസ്സും അര്‍പ്പിക്കുന്ന ചെറുകിട കര്‍ഷകരില്‍നിന്നു അകലുന്നത് പോളിഹൗസ് ഭയം. വേരുപിടിക്കുന്നത് ഇപ്പണി നമ്മുടെ മുറ്റത്തും പറ്റുമെന്ന ബോധ്യം. ഇതിനു നന്ദിപറയേണ്ടത് ഹൈ ടെക് കര്‍മസേനാംഗങ്ങള്‍ക്കും അവര്‍ക്ക് “ആയുധബലം” നല്‍കുന്ന കാര്‍ഷിക സര്‍വകലാശാലയ്ക്കും.
സര്‍വകലാശാലയുടെ ആനക്കയം, അമ്പലവയല്‍ ഗവേഷണ കേന്ദ്രങ്ങള്‍ക്ക് അമരംപിടിക്കുന്ന ശാസ്ത്രകാരന്‍ ഡോ.പി.രാജേന്ദ്രന്റേതാണ് ഹൈ ടെക് കാര്‍ഷിക കര്‍മസേന എന്ന ആശയം. വിവരവും ആരോഗ്യമുള്ള ചെറുപ്പക്കാരെ എങ്ങനെ കൃഷിപ്പണികളിലേക്ക് ആകര്‍ഷിക്കാം എന്ന ആലോചനയില്‍നിന്നായിരുന്നു ഈ ആശയത്തിന്റെ പിറവി. വൈകാതെ അദ്ദേഹമതിനു രൂപവും ഭാവവും പകര്‍ന്നു. ഗവേഷണ കേന്ദ്രങ്ങളില്‍ വിദഗ്ധ പരിശീലനം നേടി കര്‍മപഥത്തിലിറങ്ങിയ സേനാംഗംങ്ങള്‍ വിജയക്കൊടി പറത്താനെടുത്തത് കുറഞ്ഞകാലം. സ്വകാര്യ കൃഷിയിടങ്ങളിലടക്കം ആധുനിക മുറകളിലുള്ള കൃഷിക്കും അനുബന്ധജോലികള്‍ക്കും ഇറങ്ങുന്ന സേനാംഗങ്ങള്‍ക്ക് ലഭിക്കുന്നത് അധ്വാനത്തിനും വൈഭവത്തിനും ഒത്ത പ്രതിഫലം.
സഹകരണ നിയമപ്രകാരം മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്താണ് ഹൈടെക് കാര്‍ഷിക കര്‍മസേനയുടെ പ്രവര്‍ത്തനം. ആനക്കയത്ത് 60-ഉം വയനാട്ടില്‍ 82-ഉം അംഗങ്ങളാണ് സേനയില്‍. 20നും 40നും ഇടയില്‍ പ്രായമുളള യുവതീയുവാക്കള്‍ക്കാണ് അംഗത്വം. ഹൈടെക് കൃഷിയിലും രൂപകല്‍പനയിലും വിദഗ്ധനായ മഞ്ചേരിക്കാരന്‍ കെ.പി.അബ്ദുല്‍സലാമാണ് സെക്രട്ടറി. അംഗങ്ങളില്‍ ഒന്‍പതുപേര്‍ ടെക്‌നിക്കല്‍ ലീഡര്‍മാരാണ്. മറ്റുള്ളവര്‍ സഹായികളും.
പോളിഹൗസ് നിര്‍മാണം, ഉദ്യാന നിര്‍മാണം, നഴ്‌സറി മാനേജ്‌മെന്റ്, ഭക്ഷ്യ സംസ്‌കരണം, ഹൈ ടെക് കൃഷിക്ക് യോജിച്ച സൂക്ഷ്മ ജലസേചനം എന്നിവയിലാണ് സേനാംഗങ്ങള്‍ക്ക് വൈദഗ്ധ്യം. മൂന്നു മാസം വരെ നീണ്ട പരിശീലനമാണ് സേനയിലെ ഓരോ അംഗവും പൂര്‍ത്തിയാക്കിയത്. വെല്‍ഡിംഗും പ്ലംബിഗും ഉള്‍പ്പെടെ ജോലികള്‍ സേനയിലെ ലീഡര്‍മാര്‍ക്ക് ഹൃദിസ്ഥം. 2011ന്റെ രണ്ടാം പകുതിയില്‍ ആനക്കയത്തായിരുന്നു സേനയിലെ ആദ്യ ബാച്ചിനു പരിശീലനം. ഒരു സെന്റ് പോളിഹൗസിനു കേരളത്തില്‍ വമ്പിച്ച സാധ്യതയാണുള്ളതെന്ന് അബ്ദുല്‍സലാം പറഞ്ഞു. മുറ്റത്തും മട്ടുപ്പാവിലും പോളിഹൗസ് സ്ഥാപിക്കാം. എല്ലായിനം പച്ചക്കറികളും ഇതില്‍ കൃഷി ചെയ്യാം. നാലോ അഞ്ചോ അംഗങ്ങളുള്ള കുടുംബത്തിനു വീട്ടാവശ്യത്തിനും വില്‍ക്കാനുമുള്ള വിഭവങ്ങള്‍ പോളിഹൗസില്‍ വിളയും. ഒരു സെന്റ് പോളി ഹൗസ് സാധാരണ മാതൃകയ്ക്ക് പരമാവധി 65,000 രൂപയാണ് നിര്‍മാണത്തിനും കൃഷിക്കും പരിപാലനത്തിനുമടക്കം ചെലവ്. വെര്‍ട്ടിക്കല്‍ രീതിയില്‍ ഉണ്ടാകുന്നതിനു ഒരു ലക്ഷം രൂപയില്‍ ചുവടെ മതിയാകും-അദ്ദേഹം വിശദീകരിച്ചു. വേലയും കൂലിയും ഇല്ലെന്ന വിഷമത്തിനു സേനയുടെ ഭാഗമായശേഷം വിരാമമായെന്ന് ടെക്‌നിക്കല്‍ ലീഡര്‍ ബത്തേരി തേലമ്പറ്റ തൈയില്‍ പ്രവീണ്‍കുമാര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest