Connect with us

Wayanad

വേനല്‍ കനക്കുന്നു; കാട്ടുതീ ചെറുക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങി

Published

|

Last Updated

കല്‍പ്പറ്റ: വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ ചെറുക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങി. മിക്കയിടങ്ങളിലും ഫയര്‍ലൈന്‍ നിര്‍മാണം പുരോഗമിക്കുകയാണ്. വയനാട് കടുത്ത വരള്‍ച്ചയിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ കാട്ടുതീ പടരാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. സൗത്ത് വയനാട്, നോര്‍ത്ത് വയനാട്, വൈല്‍ഡ് ലൈഫ്, സോഷ്യല്‍ ഫോറസ്ട്രി വനം ഡിവിഷനുകളാണ് ജില്ലയിലുള്ളത്. മേപ്പാടി, കല്‍പ്പറ്റ, ചെതലയം റേഞ്ചുകള്‍ ഉള്‍പ്പെടുന്നതാണ് സൗത്ത് വയനാട് വനം ഡിവിഷന്‍. 347.50 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. ഇതില്‍ 266.86 ചതുരശ്ര കിലോമീറ്റര്‍ നിക്ഷിപ്ത വനവും 80.64 ചതുരശ്ര കിലോമീറ്റര്‍ റിസര്‍വ് വനവുമാണ്. ബേഗൂര്‍, പേരിയ, മാനന്തവാടി റേഞ്ചുകളാണ് 214.94 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള നോര്‍ത്ത് വയനാട് ഡിവിഷനില്‍. 149.09 ചതുരശ്ര കിലോമീറ്റര്‍ റിസര്‍വ് വനവും 65.85 ചതുരശ്ര കിലോ മീറ്റര്‍ നിക്ഷിപ്ത വനവുമാണ് ഇവിടെയുള്ളത്. 344.44 ചതുരശ്ര കിലോമീറ്ററാണ് വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന്റെ വിസ്തൃതി. മുത്തങ്ങ, കുറിച്യാട്, സുല്‍ത്താന്‍ ബത്തേരി, തോല്‍പ്പെട്ടി റേഞ്ചുകളാണ് വൈല്‍ഡ് ലൈഫ് ഡിവിഷന്റെ പരിധിയില്‍. ജില്ലയില്‍ കല്‍പ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിലായി രണ്ടു റേഞ്ചുകളാണ് സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്. നോര്‍ത്ത്, സൗത്ത് വയനാട് വനം ഡിവിഷനുകളിലായാണ് ഈ റേഞ്ചുകളുടെ കിടപ്പ്.
2011നു ശേഷം വന്‍ കാട്ടുതീയാണ് ജില്ലയിലുണ്ടായത്. 2011ല്‍ 1062.5 ഏക്കര്‍ വനം കത്തിനശിച്ചു. കര്‍ണാടകയിലെ ബന്ദിപ്പൂര്‍, തമിഴ്‌നാട്ടിലെ മുതുമല വനമേഖലകളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് വന്യജീവി സങ്കേതത്തിലാണ് കാട്ടുതീ കൂടുതല്‍ നാശം വിതച്ചത്. വന്യജീവി സങ്കേതത്തില്‍ മുത്തങ്ങ, സുല്‍ത്താന്‍ ബത്തേരി റേഞ്ചുകളിലായി 750 ഏക്കര്‍ വനം ചാമ്പലായി. സൗത്ത് വയനാട് വനം ഡിവിഷനില്‍ ചെതലയം, കല്‍പ്പറ്റ റേഞ്ചുകളിലടക്കം 250 ഏക്കറിലും നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ വിവിധ ഭാഗങ്ങളിലായി 62.5 ഏക്കറിലുമാണ് കാട്ടുതീ വീണത്. കഴിഞ്ഞവര്‍ഷവും ഹെക്റ്റര്‍ കണക്കിന് വനം കത്തിനശിച്ചു. മാര്‍ച്ച് പകുതിയോടെയാണ് പലയിടത്തായി കാട്ടുതീ പടര്‍ന്നു തുടങ്ങിയത്. ബാണാസുര മലനിരകളിലും മാനന്തവാടി താലൂക്കിലെ തോല്‍പ്പെട്ടി, ബേഗൂര്‍ മേഖലകളിലുമാണ് 456.64 ഏക്കറോളം വനഭൂമി കത്തിനശിച്ചത്. തോല്‍പ്പെട്ടി വന്യജീവിസങ്കേതത്തില്‍ 198.17 ഏക്കറും ബേഗൂര്‍ റേഞ്ചില്‍ 259.46 ഏക്കറും വനഭൂമി ചാമ്പലായി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ വനംവകുപ്പ് കൂടുതല്‍ ജാഗരൂകരാണ്. വ്യാപകമായ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ഇതിനകം തുടക്കമിട്ടു. പടിഞ്ഞാറത്തറ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസില്‍ പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കി. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി സലീം ക്ലാസെടുത്തു. വാരാമ്പറ്റ വനസംരക്ഷണ സമിതി പ്രസിഡന്റ് കെ കെ ശിവദാസ്, തൊഴിലുറപ്പ് മേറ്റ് മേരി മാത്യു സംസാരിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എം ബാലകൃഷ്ണന്‍, എ നിജീവ്, പി കെ സുരേഷ്, സുധാകരന്‍, റിസര്‍വ് ഫോറസ്റ്റ് വാച്ചര്‍മാരായ എ എ ജാനു, പി വി ചന്തു, വി ദിനേശ്, ബോട്ട് ഡ്രൈവര്‍ രതീപ് ആനന്ദ് നേതൃത്വം നല്‍കി.