Connect with us

Malappuram

ചെങ്കല്ല് കയറ്റിയ ലോറികള്‍ അപകടം വിതക്കുന്നു

Published

|

Last Updated

കോട്ടക്കല്‍: ചെങ്കല്‍ ലോറികള്‍ നടത്തുന്ന മരണപ്പാച്ചില്‍ അപകടങ്ങള്‍ക്ക് വഴി വെക്കുന്നു. ഇന്ത്യനൂരില്‍ നിന്നും ചെങ്കല്ലുകള്‍ കയറ്റി വരുന്ന ലോറികളാണ് വന്‍ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നത്. അമിത വേഗത്തിനൊപ്പം ലോറികള്‍ക്ക് മുകളില്‍ സ്‌റ്റെപ്പിനി ടയറുകളും, വെളള ടാങ്കുകളും കയറ്റി പറക്കുന്നത് മദ്‌റസ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുകയാണ്. കല്ലിന് മുകളില്‍ കയറ്റി വെക്കുന്ന ടയറുകളും ടാങ്കുകളും തെന്നി വീണാണ് അപകടങ്ങള്‍. ഈ വഴിയില്‍ ഇത്തരത്തില്‍ ഒട്ടേറെ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
രാവിലെ റോഡില്‍ മറ്റ് വാഹനങ്ങള്‍ കുറവായതിനാല്‍ ചെങ്കല്ല് ലോറികള്‍ അമിത വേഗത്തിലാണ് ഓടുന്നത്. ഇത്കാരണം കല്ലുകള്‍ക്ക് മുകളില്‍ കയറ്റി ഇടുന്ന ടയറുകള്‍ തെറിച്ച് യാത്രക്കാരുടെയും ഇരു ചക്രവാഹനങ്ങളുടെയും മുകളില്‍ വീഴുകയാണ്. കുട്ടികള്‍ക്കാണ് ഇവ ഏറെ ഭീഷണി. ഈ വഴിയില്‍ സ്‌കൂളുകളും മദ്‌റസകളും നിരവധിയുണ്ട്. അമിത വേഗത്തിലായതിനാല്‍ ലോറികള്‍ക്ക് മുകളില്‍ നിന്നും ഇവകള്‍ തെറിച്ച് വീഴുന്നത് പലപ്പോഴും ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടുന്നില്ല. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ടയര്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് പരുക്കേറ്റു. കൊണ്ടോട്ടി പെരുവള്ളൂര്‍ കുട്ടി ഹസ്സന്റെ മകന്‍ ഷാജിക്കാണ് പരുക്കേറ്റത്. ലോറിക്ക് മുകളില്‍ നിന്നും ടയര്‍ തെറിച്ച് ബൈക്കില്‍ തട്ടിയതോടെ നിയന്ത്രണം വിട്ടായിരുന്നു അപകടം. ഹെല്‍മറ്റ് ധരിച്ചതിനാല്‍ വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. രാവിലെ പോലീസിന്റെ പരിശോധനകള്‍ ഇല്ലാത്തത് ഇത്തരത്തില്‍ നിയമ ലംഘനത്തിന് ആക്കം കൂട്ടുകയാണ്.

Latest