Connect with us

Malappuram

തകരാറില്ലാത്ത റോഡിന് ഒറ്റ രാത്രികൊണ്ട് 25 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണി

Published

|

Last Updated

വണ്ടൂര്‍: ജനങ്ങളുടെ കണ്ണില്‍ പൊടിയിടും വിധം ഒരു തകരാറുമില്ലാത്ത റോഡ് മണിക്കൂറുകള്‍ കൊണ്ട് വീണ്ടും അറ്റകുറ്റപ്പണി നടത്തിയതില്‍ വ്യാപക ദുരൂഹത.
വണ്ടൂര്‍-കാളികാവ് ബൈപ്പാസ് റോഡ് ആണ് അര്‍ധ രാത്രിയും ഇന്നലെ പകലുമായി വീണ്ടും ടാറിംഗ് നടത്തിയത്. റോഡിന് കുഴപ്പങ്ങളായി കുഴികളോ കല്ലോ ഇതുവരെ ഇളകിയിട്ടില്ല. ബൈപ്പാസ് റോഡ് ആയതിനാല്‍ വാഹനത്തിരക്കും താരതമ്യേന കുറവാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിലായി വണ്ടൂര്‍ മേഖലയില്‍ തകര്‍ന്നു കിടക്കുന്ന നിരവധി റോഡുകളുണ്ടെങ്കിലും അവയൊന്നും അറ്റകുറ്റപ്പണി നടത്താതെയാണ് ബൈപ്പാസ് റോഡ് മിനുസം കൂട്ടിയത്. വണ്ടൂര്‍-കാളികാവ് റോഡ് നവീകരണം ഇനിയും പുറ്റമണ്ണവരെ മാത്രമെ നവീകരിച്ചിട്ടുള്ളൂ. അവശേഷിക്കുന്ന ഭാഗം നവീകരിക്കാനുള്ളതാണ്. എടവണ്ണ-ചെമ്പക്കുത്ത് റോഡ്, വാണിയമ്പലം-താളിയംകുണ്ട് റോഡ് തുടങ്ങിയവയെല്ലാം അറ്റകുറ്റപ്പണി നടത്താനുണ്ട്.
എന്നാല്‍ ഇതൊന്നും അറ്റകുറ്റപ്പണി നടത്താതെയാണ് 200 മീറ്റര്‍ നീളമുള്ള റോഡ് 25 ലക്ഷം രൂപ ചെലവഴിച്ച് മിനുസപ്പെടുത്തുന്നത്. റോഡ് നവീകരണത്തിനായി ഉടന്‍ അടച്ചിടുമെന്ന് പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ദിവസം വാര്‍ത്താ കുറിപ്പ് ഇറക്കിയപ്പോഴാണ് ഇത്തരമൊരു ഫണ്ടിനെ കുറിച്ച് ജനങ്ങള്‍ അറിയുന്നത്. റബറൈസിംഗിന് സമാനമായ രീതിയിലുള്ള ബിറ്റുമിന്‍ മെക്കാഡം ആന്റ് ബിറ്റുമിന്‍ കോണ്‍ക്രീറ്റ് രീതി എന്നറിയപ്പെടുന്ന ബി എം ബി സി മോഡലിലാണ് റോഡ് നവീകരിക്കുന്നത്. മൂന്ന് വര്‍ഷം വരെ ഗ്യാരണ്ടി നല്‍കുന്ന രീതിലിയുള്ള പ്രവൃത്തിയാണ് ബി എം ബി സി.

Latest