Connect with us

Kozhikode

കൂരാച്ചുണ്ട് മണ്ഡലം കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷം

Published

|

Last Updated

പേരാമ്പ്ര: കൂരാച്ചുണ്ട് മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ചേരിപ്പോര് രൂക്ഷമാകുന്നു. നേതൃത്വത്തിന്റെ അവഗണയും, കുടുംബ വാഴ്ചയിലും സഹികെട്ടിരിക്കയാണെന്നാരോപിച്ച് മണ്ഡലത്തിലെ ഐ വിഭാഗം പ്രവര്‍ത്തകര്‍ ഇന്ദിരാ വിചാര്‍ വേദിക്ക് രൂപം നല്‍കിയതോടെ പോര് വരും കാലങ്ങളില്‍ കൂടുതല്‍ രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. എ വിഭാഗത്തിനാണ്ുകൂരാച്ചുണ്ടില്‍ മുന്‍ തൂക്കം. ഇതു കാരണം പദവികളും ഇവരുടെ കൈയിലൊതുങ്ങിയിരിക്കയാണ്. പദവികളുടെ ഐ വിഭാഗത്തിനോട് ചിറ്റമ്മ നയമാണ് നേതൃത്വം കാണിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. അടിയന്തരാവസ്ഥക്ക് ശേഷം പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ഇന്ദിരാഗാന്ധിയോടും കരുണാകനുമോടൊപ്പം നിലകൊണ്ടവരായ ഐ വിഭാഗം പ്രവര്‍ത്തകരുടെ കൂട്ടായ്മയെന്ന പേരിലാണ് ഇന്ദിരാ വിചാര്‍ വേദിക്ക് രൂപം നല്‍കിയത്. ജില്ലയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് ഐ നേതാവായ ഒ.ഡി. തേതാമസ് അടക്കമുള്ള മുന്‍ ഐ ഗ്രൂപ്പ് നേതാക്കളെയും പാര്‍ട്ടിയുടേയും യുഡിഎഫിന്റേയും പരിപാടികളില്‍ നിന്ന് ഒഴിച്ചു നിര്‍ത്തിയതാണ് പ്രകോപനത്തിന് കാരണം. പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിലും ഈ വിവേചനം പ്രകടമായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരന്നെടുപ്പിന് മുമ്പ് ഡിഐസി വിട്ട് കെ.മുരളീധരനോടൊപ്പം പാര്‍ട്ടിയില്‍ തിരിച്ചെത്തിയ തോമസിന് സീറ്റ് നല്‍കിയില്ലെങ്കിലും, യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കുകയും, യുഡിഎഫ് മൃഗീയ ഭൂരിപക്ഷം നേടി പഞ്ചായത്ത് ഭരണം കൈപ്പിടിയിലൊതുക്കുകയും ചെയ്തിരുന്നു. പഞ്ചായത്തിലെ 13 വാര്‍ഡുകളിലും യുഡിഎഫാണ് വിജയിച്ചത്. എന്നാല്‍ നാല് വര്‍ഷം പിന്നിട്ടിട്ടും കെ.പി.സി.സി, ഡി.സി.സി. നേതൃത്വം ഇടപെട്ടിട്ടും കെ.മുരളീധരനോടൊപ്പം നിന്ന ഐ ഗ്രൂപ്പ് നേതാക്കളെ തിരിച്ചെടുക്കാന്‍ മണ്ഡലം നേതൃത്വം തയ്യാറാകാത്തതും മാറി ചിന്തിക്കാന്‍ ഇവരെ പ്രേരിപ്പിച്ചുവെന്നാണ് വിവരം. കൂരാച്ചുണ്ടിലെ ഭൂ നികുതി വിഷയത്തിലും, പഞ്ചായത്ത് ഭരണത്തില്‍ അഴിമതി ആരോപിച്ചും തോമസ് നടത്തിയ ഇടപെടല്‍ നേതൃത്വത്തിന് ദഹിക്കാതിരുന്നതാണ് തിരിച്ചെടുക്കല്‍ പ്രക്രിയ നീട്ടിക്കൊണ്ടു പോകാന്‍ ഇടയാക്കിയത്. കൂരാച്ചുണ്ടിലെ നേതൃത്വത്തിനെതിരെ തിരുത്തല്‍ ശക്തിയായി നിലകൊള്ളുമെന്ന പ്രഖ്യാപനത്തോടെ കഴിഞ്ഞ ദിവസം ഇന്ദിരാ വിചാര്‍ വേദിയുടെ പ്രഥമ യോഗം നടന്നു. ഒ.ഡി. തോമസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: ദേവസ്യാച്ചന്‍ പനക്കവയല്‍ (പ്രസി) മാത്യു കല്ലറക്കല്‍, ബേബി വലിയമറ്റം, ജോസ് ചെരിയംപുറം, അബ്ദുല്‍ജബ്ബാര്‍ കുഴുപ്പള്ളില്‍, സെബാസ്റ്റ്യന്‍ മ്ലാക്കുഴി (വൈ:പ്രസി) ജോബി വാളിയാം പ്ലാക്കല്‍ (ജന:സെക്ര) ജോസ് കാരിമറ്റത്തില്‍, ടി.ബാവക്കുറുപ്പ്, ഇബ്‌റാഹിം കൊടുമയില്‍, ആണ്ടി നാരുന്തേരി, ജയ്‌സണ്‍ ഒറ്റ പ്ലാക്കല്‍ (ജോ: സെക്ര) ബെന്നി തകിടിപ്പുറം (ട്രഷ.)