Connect with us

Kozhikode

മുക്കത്ത് വാഹന പാര്‍ക്കിംഗ് സൗകര്യമില്ല; യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതം

Published

|

Last Updated

മുക്കം: മുക്കം ടൗണിലും പരിസരങ്ങളിലും പാര്‍ക്കിംഗ് സൗകര്യമൊരുക്കാത്തത് വാഹനയാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമാകുന്നു. ദിവസേന നൂറുകണക്കിനാളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന മലയോര മേഖലയുടെ സിരാകേന്ദ്രമായ മുക്കത്ത് വാഹന പാര്‍ക്കിംഗ് ഇന്ന് ഒരു വലിയ പ്രശ്‌നമായി നിലനില്‍ക്കുകയാണ്. വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമില്ലാത്തത് ഏറെ വലക്കുന്നത് വ്യാപാരികളെയാണ്. വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്നവര്‍ കടകള്‍ക്ക് മുന്‍പില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുന്നത് കാരണം ആ കടകളിലേക്ക് പിന്നെ മറ്റാര്‍ക്കും കയറാന്‍ പറ്റാത്ത അവസ്ഥയാണ്. ടൂവീലര്‍ മുതല്‍ വലിയ ചരക്ക് വാഹനങ്ങള്‍ വരെ ഇങ്ങനെ നിര്‍ത്തിയിടുകയാണ് ചെയ്യുന്നത്.
റോഡില്‍ വാഹനങ്ങള്‍ അശാസ്ത്രീയമായി പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഗതാഗത തടസ്സവും പതിവാണ്. ഏറെ തിരക്കേറിയ മുക്കം പി സി റോഡ്, വയലില്‍ മുഹമ്മദ് ഹാജി റോഡ്, ഓര്‍ഫനേജ് റോഡ്, എസ് കെ പാര്‍ക്കിന് സമീപം, മാര്‍ക്കറ്റ്, അഭിലാഷ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെല്ലാം ഗതാഗത തടസ്സമാണ്. രാവിലെയും വൈകിയിട്ടും സ്‌കൂള്‍ സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് മറ്റും നടക്കാന്‍ പറ്റാത്തവിധം റോഡില്‍ വാഹനത്തിരക്കും അനുഭവപ്പെടുന്നു.
പൊതുവെ വീതി കുറഞ്ഞ മുക്കം ബസ് സ്റ്റാന്‍ഡില്‍ നിന്ന് എസ് കെ പാര്‍ക്കിലേക്കുള്ള റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനാല്‍ ഇവിടെ കാല്‍നട പോലും ദുസ്സഹമാണ്. വിവിധ സ്ഥലങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ രാവിലെ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ വൈകുന്നേരമാണ് ഇവിടെ നിന്ന് എടുക്കുന്നത്.
മുക്കം ടൗണിനോട് ചേര്‍ന്ന റവന്യൂ ഭൂമിയില്‍ പുതിയ കെട്ടിടങ്ങള്‍ സ്ഥാപിച്ച് അവിടെ പാര്‍ക്കിംഗ് സൗകര്യമൊരുക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

Latest