Connect with us

Kerala

നാളെ മുതല്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം

Published

|

Last Updated

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ അന്യായമായ സ്ഥലംമാറ്റത്തിലും പുതിയ മെഡിക്കല്‍ കോളജുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കാത്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ മെഡിക്കല്‍കോളജ് ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്ക് നടത്തി. കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ ജി എം സി ടി എ) നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഡി എം ഇ ഓഫീസിന് മുന്നിലും മറ്റിടങ്ങളില്‍ മെഡിക്കല്‍ കോളജുകള്‍ക്ക് മുന്നിലും ധര്‍ണ നടത്തി. പണിമുടക്കില്‍ കൂട്ടത്തോടെ ഡോക്ടര്‍മാര്‍ പങ്കെടുത്തത് മിക്ക ആശുപത്രിയിലും ഒ പിയിലെത്തിയ രോഗികളെ വലച്ചു.
തിങ്കളാഴ്ച മുതല്‍ നിസ്സഹകരണ സമരം ആരംഭിക്കാനാണ് തീരുമാനം. പേവാര്‍ഡ് ഡ്യൂട്ടികളില്‍ നിന്നും സ്‌പെഷ്യല്‍ ഡ്യൂട്ടികളില്‍ നിന്നും വിട്ടുനില്‍ക്കും. അതേസമയം ഒ പി, അത്യാഹിത വിഭാഗങ്ങള്‍, ശസ്ത്രക്രിയകള്‍ എന്നിവ തടസ്സം കൂടാതെ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് മെഡിക്കല്‍ കോളജുകളില്‍ നിന്നായി 36 ഡോക്ടര്‍മാരെയാണ് പുതുതായി ആരംഭിച്ച മഞ്ചേരി, ഇടുക്കി മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റിയിരിക്കുന്നത്. ഡോക്ടര്‍മാരുടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ അഞ്ച് മെഡിക്കല്‍ കോളജുകളിലും ഉണ്ടായിരുന്ന തസ്തിക ഉള്‍പ്പെടെയാണ് മാറ്റിയിരിക്കുന്നത്. ഇത് അശാസ്ത്രീയമാണെന്നും മെഡിക്കല്‍ വിദ്യാഭ്യാസത്തെ കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് എത്തിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പുതിയ തസ്തിക സൃഷ്ടിച്ചിട്ടാണെങ്കില്‍ സ്ഥലംമാറ്റത്തെ തങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.
അതേസമയം, ഡോക്ടര്‍മാരുടെ എണ്ണക്കൂടുതലാണ് സ്ഥലംമാറ്റത്തിന് കാരണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പറയുന്നു. എന്നാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന്മേല്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ ഡോക്ടര്‍മാരുടെ കുറവുണ്ടെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പുതിയ മെഡിക്കല്‍ കോളജുകളുടെ അംഗീകാരം പുതുക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപകരെ താത്കാലികമായി സ്ഥലം മാറ്റി നിയമിച്ചാണ് പരിശോധനയെ സര്‍ക്കാര്‍ നേരിടുന്നത്. ഡിസംബറില്‍ നടന്ന മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന പ്രകാരം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ 150 എം ബി ബി എസ് സീറ്റുകളും മഞ്ചേരിയില്‍ 100 സീറ്റും ഇടുക്കിയില്‍ 50 സീറ്റും കോഴിക്കോട്ട് 50 സീറ്റും നഷ്ടപ്പെടുമെന്നാണ് കരുതുന്നത്. പുതിയ സ്ഥലംമാറ്റം കൂടി വന്നതോടെ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളുടെ അംഗീകാരം കൂടി നഷ്ടപ്പെടുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
സമരത്തിന് ആധാരമായ കാരണങ്ങള്‍ക്ക് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് കെ ജി എം സി ടി എ സംസ്ഥാന പ്രസിഡന്റ് ഡോ. കെ മോഹനന്‍ പറഞ്ഞു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കൈക്കൊള്ളേണ്ട നയങ്ങള്‍ സംബന്ധിച്ച് തിങ്കളാഴ്ച രാവിലെ ചേരുന്ന സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് യോഗം തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest