Connect with us

Kozhikode

നാദാപുരം കൊലപാതകം: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍; അക്രമത്തില്‍ കോടികളുടെ നഷ്ടം

Published

|

Last Updated

നാദാപുരം: തൂണേരി കണ്ണങ്കയ്യില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. തൂണേരിയിലെ മഠത്തില്‍ ശുഹൈബ്(25), എടാടിയില്‍ ഫസല്‍(24), മെട്ടേമ്മല്‍ നാസര്‍(24) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. നാല് പേരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതികളെന്ന് പോലീസ് കരുതുന്ന തെയ്യമ്പാടി ഇസ്മാഈല്‍(27), തെയ്യമ്പാടി മുനീര്‍(24) എന്നിവര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയതായി റൂറല്‍ എസ് പി എച്ച് അശ്‌റഫ് പറഞ്ഞു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവത്തില്‍ കോടികളുടെ നഷ്ടമുണ്ടായി. വ്യാഴാഴ്ച 50 വീടുകള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. തീവെച്ചും ബോംബെറിഞ്ഞും അക്രമം സൃഷ്ടിച്ച അക്രമികള്‍ കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ചു. കണ്ണങ്കൈ, വെള്ളൂര്‍, കോടഞ്ചേരി, പോസ്റ്റോഫീസ് പരിസരം എന്നിവിടങ്ങളിലെ മിക്ക വീടുകളും കത്തിച്ചാമ്പലായി. ഉടുതുണിക്ക് മറുതുണിയില്ലാതെ വിഷമിക്കുകയാണ് മിക്ക വീട്ടുകാരും. ആക്രമണത്തോടൊപ്പം വ്യാപകമായ കൊള്ളയും അരങ്ങേരി. വീടുകളുടെ കരിങ്കല്‍, ചെങ്കല്‍ മതിലുകള്‍ തകര്‍ത്തിട്ടുണ്ട്. പെട്രോള്‍ ഒഴിച്ചും ഗ്യാസ് സിലിന്‍ഡറുകള്‍ തുറന്നിട്ടുമാണ് തീവെച്ചത്. മിക്ക വീടുകളുടെയും അലമാരകള്‍ വെട്ടിപ്പൊളിച്ച് തീയിട്ട അക്രമികള്‍ സ്വര്‍ണവും വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ടുപോയിട്ടുണ്ട്. ടി വി, ഫ്രിഡ്ജ് എന്നിവക്ക് പുറമെ 20 ഓളം മോട്ടോര്‍ ബൈക്കുകളും പത്തോളം കാറുകളും തീവെച്ച് നശിപ്പിച്ചു.
മുളിയില്‍ താഴെ ഇസ്മാഈല്‍, റഫീഖ്, സുബൈദ, പറക്കുന്നത്ത് കുഞ്ഞബ്ദുല്ല, വെള്ളച്ചാലില്‍ അമ്മദ്, കടയംകോട്ടുമ്മല്‍ അമ്മദ് എന്നിവരുടെ വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സിനും പോലീസിനും പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയാത്തത് തീപ്പിടിത്തത്തിന് ആക്കം കൂട്ടി.

Latest