Connect with us

International

ഈജിപ്തില്‍ സംഘര്‍ഷം; വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു

Published

|

Last Updated

കൈറോ: ഈജിപ്തില്‍ തീരദേശ നഗരമായ അലക്‌സാന്‍ഡ്രിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും പ്രദേശവാസികളുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു. 2011ല്‍ രാജ്യത്ത് നടന്ന വിപ്ലവത്തിന്റെ വാര്‍ഷികത്തിന് ദിവസങ്ങള്‍മാത്രം അവശേഷിക്കവെയാണ് പ്രതിഷേധ പ്രകടനം നടന്നത്. നിരോധിത സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ ഘടകമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയില്‍പ്പെട്ട റിദ അബുബക്കര്‍ എന്ന 17 കാരിയാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതെന്നും ഫേസ്ബുക്ക് പേജിലൂടെയാണ് വിദ്യാര്‍ഥിനിയെ തിരിച്ചറിഞ്ഞതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച അലക്‌സാന്‍ഡ്രിയയില്‍ പ്രതിഷേധക്കാരും പ്രദേശവാസികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി അലക്‌സാന്‍ഡ്രിയയിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ സൈന്യം വെടിവെച്ചുവെന്നത് ഇദ്ദേഹം നിഷേധിച്ചു. വെള്ളിയാഴ്ച 20 പേരെയും അതിനു മുമ്പുള്ള ദിവസം 68 പേരെയും അറസ്റ്റ് ചെയ്തതായി സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. ഹുസ്‌നി മുബാറക്കിനെ അട്ടിമറിച്ചതിന്റെ നാലാം വാര്‍ഷികം ഈ മാസം 25നാണ്. ഇതിന്റെ ഭാഗമായി ഈജിപ്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധത്തിന് ബ്രദര്‍ഹുഡ് അനുകൂലികള്‍ ആഹ്വാനം നല്‍കിയിരുന്നു. വെള്ളിയാഴ്ച കൈറോയിലുണ്ടായ ബോംബാക്രമണത്തില്‍ നാല് പോലീസുകാര്‍ക്കും ഒരു സിവിലിയനും പരുക്കേറ്റതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Latest