Connect with us

National

പ്രശാന്ത് ഭൂഷണും കെജരിവാളും തമ്മില്‍ അഭിപ്രായ ഭിന്നത

Published

|

Last Updated

ന്യൂഡല്‍ഹി: എ എ പിയിലെ രണ്ടാം നേതാവായ പ്രശാന്ത് ഭൂഷണ്‍, കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളുമായി ഉടക്കിയെന്ന് റിപ്പോര്‍ട്ട്. അത്ര നല്ല പ്രതിച്ഛായയില്ലാത്ത 12 സ്ഥാനാര്‍ഥികളുടെ പേരിലാണ് ഉരസലുണ്ടായതെന്നാണ് സൂചന. ഇവരുടെ പട്ടിക പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടിട്ടുണ്ട്.

ചിലരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് പാര്‍ട്ടിയുടെ ആഭ്യന്തര ലോക്പാലിന് സമര്‍പ്പിക്കുകയായിരുന്നു. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുത്ത രീതിയില്‍ ഏറെ പരാതികളുണ്ട്. പ്രത്യേകിച്ച് ഈയടുത്ത് പാര്‍ട്ടിയിലെടുത്ത ചിലരെ കുറിച്ച്. രണ്ട് സ്ഥാനാര്‍ഥികളെ ഒഴിവാക്കണമെന്ന് പാര്‍ട്ടി ലോക്പാല്‍ ശിപാര്‍ശ ചെയ്തു. മെഹ്‌റോളി, മുന്ദ്ക എന്നിവിടങ്ങളില്‍ മത്സരിക്കാനിരുന്ന ഗോവര്‍ധന്‍ സിംഗ്, രജീന്ദര്‍ ദബാസ് എന്നിവരെ ഈയടുത്ത് ഒഴിവാക്കിയിരുന്നു. ബാക്കി പത്ത് പേര്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ തെളിവുകളുണ്ടായിട്ടും, കെജ്‌രിവാള്‍ ഇക്കാര്യത്തില്‍ കണ്ണടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ പത്ത് പേരില്‍ അധികവും ഈയടുത്ത് എ എ പിയില്‍ ചേര്‍ന്നവരാണ്. ഇവരുടെ മേഖലകളില്‍ സ്വാധീനമുള്ളവരുമാണ്. ഔട്ടര്‍ ഡല്‍ഹി പ്രദേശത്താണ് ഇവരില്‍ പലരും മത്സരിക്കുന്നത്. 12 സ്ഥാനാര്‍ഥികളുടെ പേരും പ്രശാന്ത് ഭൂഷണാണ് പാര്‍ട്ടിക്ക് സമര്‍പ്പിച്ചതെന്ന് മുതിര്‍ന്ന നേതാവും കോര്‍ കമ്മിറ്റി അംഗവുമായ സഞ്ജയ് സിംഗ് പറഞ്ഞു.
പാര്‍ട്ടിയുടെ ദേശീയ സമിതി യോഗം വിളിക്കണമെന്നും പാര്‍ട്ടി കണ്‍വീനര്‍ മാറണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നേതാക്കളായ മനീഷ് സിസോദിയയും അശുതോഷും രണ്ട് കോടി രൂപക്ക് സീറ്റുകള്‍ വില്‍ക്കുന്നതായി തനിക്കറിയാമെന്ന് ഭൂഷണ്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. പണം നല്‍കി സീറ്റ് നേടിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഒരു സ്ഥാനാര്‍ഥിയെ മാറ്റിയതെന്ന് എ എ പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എ എ പി മുഖ്യ ഉപദേശകനും പ്രശാന്ത് ഭൂഷന്റെ പിതാവുമായ ശാന്തി ഭൂഷണ്‍ കഴിഞ്ഞ ദിവസം ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ കിരണ്‍ ബേദിയെ അനുകൂലിച്ച് സംസാരിച്ചിരുന്നു.

Latest