Connect with us

National

ബാലവേല: ഹൈദരാബാദില്‍ ഇരുനൂറോളം കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി

Published

|

Last Updated

ഹൈദരാബാദ്: വള, ചെരുപ്പ് നിര്‍മാണ ശാലകളില്‍ നിന്ന് ഹൈദരാബാദ് പോലീസ് ഇരുനൂറോളം കുട്ടികളെ രക്ഷപ്പെടുത്തി. ഓള്‍ഡ് സിറ്റിയിലെ അമാന്‍ നഗറിലുള്ള ശാലകളില്‍ നിന്നാണ് അതിരാവിലെ നടത്തിയ റെയ്ഡില്‍ ഇവരെ രക്ഷപ്പെടുത്താനായത്. നാലിനും 12നും ഇടയില്‍ വയസ്സുള്ള ഇവര്‍ ബീഹാര്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഏതാനും മാസമായി ഇവിടെ ജോലി ചെയ്യുകയായിരുന്നു. യാസീന്‍ എന്ന മേഖലയിലെ ഗുസ്തിപിടിത്തക്കാരന്റെ നിയന്ത്രണത്തിലായിരുന്നു കുട്ടികള്‍. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിമാസം 2000നും 5000നും ഇടയിലുള്ള ശമ്പളമാണ് ഇവര്‍ നല്‍കിയിരുന്നത്. കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മുതലാളിമാര്‍ കുറച്ച് പണം മുന്‍കൂറായി നല്‍കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വി സത്യനാരായണ പറഞ്ഞു. പണം നല്‍കിയ ശേഷം ഫാക്ടറികളില്‍ ജോലിയെടുപ്പിക്കാന്‍ ഇവരെ നഗരത്തിലേക്ക് കൊണ്ടുവരികയായിരുന്നു. രാസവസ്തുക്കളും ഉപയോഗിക്കുമെന്നതിനാല്‍ വളരെ വിഷമം പിടിച്ച തൊഴില്‍ സാഹചര്യമാണിത്.
ദിവസം 14 മണിക്കൂര്‍ വരെ ഇവരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുമായിരുന്നു. ചെറിയ ഒരു മുറിക്കുള്ളില്‍ മുപ്പതോളം കുട്ടികളെ പാര്‍പ്പിച്ചതായി റെയ്ഡില്‍ കണ്ടെത്തി. കൊടും തണുപ്പുള്ള ഈ സമയത്തും കുട്ടികള്‍ക്ക് പുതപ്പോ ചൂടുള്ള വസ്ത്രങ്ങളോ നല്‍കിയിരുന്നില്ല. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സി സി ടി വി ക്യാമറകള്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളെ കൊണ്ടുവന്നതിനെ കുറിച്ചുള്ള രേഖകളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം തൊഴില്‍ വകുപ്പ് ഇതിനടുത്ത സ്ഥലങ്ങള്‍ റെയ്ഡ് നടത്തുകയും 70 കുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഇടനിലക്കാരുടെയും മുതലാളിമാരുടെയും ശക്തമായ ബന്ധമാണ് ഇവിടെയുള്ളത്. ഇടനിലക്കാരന്‍ കുട്ടികളുടെ മാതാപിതാക്കളുമായി ഇടപാട് ഉറപ്പിച്ച്, മുതലാളിക്കൊപ്പം കുട്ടികളെ അയക്കുകയാണ് പതിവ്. കുട്ടികളെ അടുത്തുള്ള ഫംഗ്ഷന്‍ ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെ സ്വന്തം വീട്ടിലേക്ക് എത്തിക്കാനാണ് ഉദ്യോഗസ്ഥരുടെ ആലോചന. ഓടിപ്പോയതും തട്ടിക്കൊണ്ടുപോയതുമായ കുട്ടികളെ കണ്ടുപിടിക്കാനുള്ള “ഓപറേഷന്‍ സ്‌മൈലി”ന്റെ ഭാഗമായാണ് പോലീസിന്റെ റെയ്ഡ്.

Latest