Connect with us

Editorial

ഒത്തൊരുമിച്ച് നീങ്ങാം

Published

|

Last Updated

പേടിസ്വപ്‌നമായി മാറിയിരുന്ന “നാദാപുരം” സൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും പാതയിലേക്ക് തിരിച്ചുവന്നത് എത്രയോ സുമനസ്സുകളുടെ പറഞ്ഞറിയിക്കാനാകാത്ത ത്യാഗ സുരഭിലമായ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു. മനുഷ്യമനസ്സുകളില്‍ സംശയത്തിന്റെയും പ്രതികാരത്തിന്റെയും വിഷവിത്തുകള്‍ പാകി മുളപ്പിച്ചവര്‍ അവസരത്തിനൊത്ത് “കള്ളനും പോലീസും” കളിച്ചപ്പോള്‍ വില കൊടുക്കേണ്ടിവന്നവര്‍ മഹാഭൂരിപക്ഷവും നിരപരാധികളായിരുന്നു. ഈ അവസ്ഥ മനുഷ്യ മനസ്സുകളില്‍ സൃഷ്ടിച്ച അകല്‍ച്ച മാറ്റിയെടുക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. ആയിരക്കണക്കിനാളുകളുടെ ത്യാഗപൂര്‍ണമായ ആത്മസമര്‍പ്പണം വേണ്ടിവന്നു. ഇക്കാര്യത്തില്‍ രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ സംഘടനകളും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ മനുഷ്യസ്‌നേഹികളും വഹിച്ച പങ്ക് നിസ്തുലമായിരുന്നു; മാതൃകാപരമായിരുന്നു. അതിന് കളങ്കമേല്‍പ്പിക്കുന്നതായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച രാത്രി തൂണേരി പഞ്ചായത്തിലെ കണ്ണങ്കൈയില്‍ ഒരു ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിക്കാനിടയാക്കിയ അക്രമം. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് നാദാപുരം മേഖലയില്‍ പോലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്. എ ഡി ജി പി അടക്കമുള്ള ഉന്നതോദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ്‌ചെയ്യുന്നുണ്ട്. ഈ മുന്നൊരുക്കങ്ങള്‍ എല്ലാമുണ്ടായിട്ടും അടുത്ത ദിവസങ്ങളില്‍ പരിസര പ്രദേശങ്ങളില്‍ വസതികള്‍ക്കും വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ വ്യാപകമായ ആക്രമണങ്ങളുണ്ടായത് ആരിലും ആശങ്കയുളവാക്കുന്നതാണ്. സംഭവം സംബന്ധിച്ച് പരസ്പരം പഴിചാരുന്നവര്‍ തിരിച്ചറിയാതെ പോകുന്നത് നാദാപുരത്തിന്റെ ഹൃദയനൊമ്പരമാണ്.
നിസ്സാര സംഭവങ്ങള്‍ ഊതിപ്പെരുപ്പിച്ചും അതിന് വര്‍ഗീയ നിറം പകര്‍ന്നും മുതലെടുക്കാനുള്ള ദുഷ്ടശക്തികളുടെ പദ്ധതിയാണ് നാം കണ്ണങ്കൈയില്‍ കണ്ടത്. ആക്രമണത്തില്‍ മരിച്ച യുവാവും, പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരും മുപ്പത് വയസ്സില്‍ താഴെമാത്രം പ്രായമുള്ളവരാണ്. അതായത് ഇനിയും ഒരുപാട് കാലം ജീവിച്ചിരിക്കേണ്ടവര്‍. കുടുംബത്തിനും സമൂഹത്തിനും താങ്ങും തണലുമാകേണ്ടവര്‍. രാഷ്ട്രീയത്തിന്റെയും വര്‍ഗീയതയുടെയും പേരില്‍ ജീവന്‍ ഹോമിക്കേണ്ടിവരുന്നതിലെ നിരര്‍ഥകത യുവാക്കള്‍ തിരിച്ചറിയണം. ഒരാളുടെ ജീവനെടുക്കുകയും മറ്റേതാനും പേരെ ജീവച്ഛവങ്ങളാക്കുകയും ചെയ്ത അക്രമത്തില്‍ കോടികളുടെ സ്വത്തുവഹകളും വാഹനങ്ങളുമാണ് നശിപ്പിക്കപ്പെട്ടത്. പുത്തന്‍ വസതികള്‍ അടക്കം നിരവധി പാര്‍പ്പിടങ്ങളും കടകളും അഗ്നിക്കിരയാക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി, അക്രമം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇനി പോലീസ്. നിരപരാധികള്‍ പോലും അറസ്റ്റ്‌ചെയ്യപ്പെടുകയോ കസ്റ്റഡിയിലാകുകയോ ചെയ്തിട്ടുണ്ട്. യഥാര്‍ഥ പ്രതികളെ കണ്ടെത്താനും പിടികൂടാനും അവരെ നിയമത്തിന് മുന്നില്‍ ഹാജരാക്കാനും പോലീസിനാകണം. അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ നാദാപുരം മേഖലയില്‍ പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്. നാദാപുരം, എടച്ചേരി, കുറ്റിയാടി, വളയം പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ പത്തു ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളിലും വര്‍ഗീയ സംഘട്ടനങ്ങളിലും പലപ്പോഴും യഥാര്‍ഥ പ്രതികള്‍ പിടിക്കപ്പെടാറില്ല. നേതാക്കള്‍ തയ്യാറാക്കി നല്‍കുന്ന പട്ടിക വെച്ചാണ് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ അവസ്ഥയില്‍ അല്‍പ്പം മാറ്റം പ്രകടമായിട്ടുണ്ടെങ്കിലും പൂര്‍ണമായും നിഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പോലീസിനുപോലും പറയാനാകില്ല.
അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് മറയാക്കി കൊള്ളയും കവര്‍ച്ചയും നടത്തുന്ന സാമൂഹിക വിരുദ്ധശക്തികള്‍ ഇന്നും സമൂഹത്തില്‍ ഏറെയുണ്ട്. വീടുകള്‍ അടിച്ച് തകര്‍ക്കുകയും കൊള്ളിവെക്കുകയും സ്വര്‍ണവും പണവുമടക്കം കവര്‍ച്ച ചെയ്യുകയും ചെയ്യുന്നവരെ സമൂഹത്തില്‍ തുറന്നുകാട്ടാനും, അവരെ ഒറ്റപ്പെടുത്താനും മനസ്സില്‍ നന്മയുള്ളവര്‍ ശ്രമിക്കണം. പരസ്പരം കുറ്റാരോപണങ്ങള്‍ ഉന്നയിക്കാനും സംഘര്‍ഷാവസ്ഥ നിലനിര്‍ത്താനും ആഗ്രഹിക്കുന്ന ദുഷ്ടശക്തികളെ നാം തിരിച്ചറിയണം. നാദാപുരത്ത് സമാധാന പുനഃസ്ഥാപനത്തിന് സര്‍വകക്ഷി സമ്മേളനത്തിലെടുത്ത തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വം നടപ്പാക്കാന്‍ എല്ലാവരും പ്രയത്‌നിക്കണം. ജനാധിപത്യത്തില്‍ ജനതാത്പര്യങ്ങള്‍ക്കേ സ്ഥാനമുള്ളൂ. അതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം.

---- facebook comment plugin here -----

Latest