Connect with us

Kerala

സ്വന്തം ടീമിന്റെ വൈബ്‌സൈറ്റില്‍ മോദി ഇപ്പോഴും മുഖ്യമന്ത്രി

Published

|

Last Updated

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടങ്ങളും കാഴ്ചപ്പാടുകളും ജനങ്ങളിലെത്തിക്കുന്ന വെബ്‌സൈറ്റില്‍ മോദി ഇപ്പോഴും മുഖ്യമന്ത്രി. മോദി ടീമിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള വെബ്‌സൈറ്റിലാണ് മോദിയെ മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിക്കുന്നത്.
വിവിധ ഭാഷകളില്‍ മോദിയെ അവതരിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്ന വെബ്‌സൈറ്റുകളുണ്ട്. ഇതില്‍ മലയാളത്തിലുള്ള വൈബ്‌സൈറ്റിലാണ് ഈ പിഴവുള്ളത്. പ്രധാനമന്ത്രിയായതിന് ശേഷമുള്ള ചില പ്രധാനപ്പെട്ട ഫോട്ടോകള്‍ വെബ്‌സൈറ്റിലുണ്ടെങ്കിലും മുഖ്യമന്ത്രിയെന്നത് പ്രധാനമന്ത്രിയെന്ന് തിരുത്തിയിട്ടില്ല.
പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍, മന്ത്രിമാര്‍ക്കൊപ്പമുള്ള ഫോട്ടോകള്‍, പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് റാലികള്‍, പ്രഖ്യാപനങ്ങള്‍, പ്രസംഗങ്ങള്‍ എന്നിവയെല്ലാം വെബ്‌സൈറ്റിലുണ്ട്. മോഡിയുടെ ജീവ ചരിത്രം, ഭരണ പരിഷ്‌കാരങ്ങള്‍ എന്നിവയും പരാമര്‍ശിക്കുന്നുണ്ട്.
മോദിയുമായി പുതിയ ആശയങ്ങള്‍ പങ്കു വെക്കാനുള്ള സൗകര്യവും സൈറ്റിലുണ്ട്. നരേന്ദ്രമോദിക്ക് ആശയങ്ങളും, ആശംസകളും സന്ദേശങ്ങളും കൈമാറാമെന്ന് സൂചിപ്പിക്കുന്നതിന് തൊട്ടു താഴെ മുഖ്യമന്ത്രി മോദിയെ നിങ്ങള്‍ക്ക് വിളിക്കാം എന്നും സൂചിപ്പിക്കുന്നുണ്ട്. മോദിയുടെ പരിപാടികളും പദ്ധതികളും കൃത്യമായി ആസൂത്രണം ചെയ്യുന്നതും നിയന്ത്രിക്കുന്നതും പ്രത്യേക ടീമാണ്. ഇവരുടെ നിയന്ത്രണത്തില്‍ തന്നെയാണ് മോദിപ്രചാരണം ലക്ഷ്യമിട്ട് വിവിധ ഭാഷകളില്‍ സൈറ്റും പ്രവര്‍ത്തിക്കുന്നത്.
മോദിയുടെ ഓരോ നീക്കങ്ങളും സോഷ്യല്‍ മീഡിയയിലെ പ്രചാരണവുമെല്ലാം ഇവരുടെ കൈകളിലൂടെയാണ്. നേരത്തെ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും രാജ്യം മുഴുവന്‍ മോദി പ്രചാരണം അഴിച്ചുവിട്ടിരുന്നത് ഈ പ്രത്യേകം ടീം തന്നെയായിരുന്നു.