Connect with us

Kerala

പാര്‍ട്ടിയിലും പടയൊരുക്കം: മാണി പ്രതിരോധത്തില്‍

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴയുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാനായ മാണി പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നു. തീര്‍ത്തും പ്രതിരോധത്തിലായ മാണി ബലഹീനനായതോടെ മാണിയുടെ രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രഹസ്യമായും പരസ്യമായും കേരള കോണ്‍ഗ്രസില്‍ ചര്‍ച്ച തുടങ്ങി. രാജിക്കാര്യം പരസ്യമായി ഉന്നയിച്ച് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കൂടിയായ പി സി ജോര്‍ജ് രംഗത്തെത്തിയത് പാര്‍ട്ടിയെയും മാണിയെയും കൂടുതല്‍ പ്രതിരോധത്തിലാക്കി. ഇതോടെ മാണിക്കെതിരായ കോഴ ആരോപണത്തെ ചൊല്ലി കേരള കോണ്‍ഗ്രസിനുള്ളില്‍ നിലനില്‍ക്കുന്ന കടുത്ത ഭിന്നത മറനീക്കി പുറത്തുവന്നു. അതേസമയം, ജോര്‍ജിന്റെ ആവശ്യം പുച്ഛിച്ച് തള്ളുന്നുവെന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകരുടെ മുന്നിലെത്തിയ മന്ത്രി കെ എം മാണിയുടെ ശരീരഭാഷ അദ്ദേഹത്തിന്റെ ബലഹീനത പ്രകടമാക്കുന്നതായിരുന്നു.
കെ എം മാണി രാജിവെക്കേണ്ടി വന്നാല്‍ മന്ത്രി സ്ഥാനത്തേക്ക് ഡെപ്യൂട്ടി ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ സി എഫ് തോമസിനെ പരിഗണിക്കണമെന്നും ജോസ് കെ മാണിയെ മന്ത്രിസ്ഥാനത്തോ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തോ അംഗീകരിക്കുകയില്ലെന്നുമാണ് പി സി ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. മാണിയുടെ രാജിക്കാര്യം ഉദിക്കുന്നേയില്ലെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും അത്തരമൊരു സാഹചര്യത്തില്‍ പകരക്കാരനെ ചൂണ്ടിക്കാട്ടുന്നതിലെ ദുരൂഹതയാണ് കേരള കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നത്. അതേസമയം, പിന്‍ഗാമിയെക്കുറിച്ചുള്ള പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങളോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്ന് ജോയ് എബ്രഹാം പ്രസ്താവനയില്‍ വ്യക്തമാക്കി. ജോസ് കെ മാണിയെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ഖേദകരമെന്നും പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ജോയ് എബ്രഹാമിന്റെത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും പറഞ്ഞ ജോര്‍ജ്, തന്നെ തിരുത്താന്‍ ജോയ് എബ്രഹാം ആരെന്നും ചോദിച്ചു.
മന്ത്രി കെ എം മാണിയുടെ രാജിയെച്ചൊല്ലി മുന്നണിയില്‍ വ്യത്യസ്ത നിലപാടുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ധാര്‍മികതയുടെ പേരില്‍ രാജിവെക്കണമെന്ന് പരോക്ഷമായ അഭിപ്രായം പലരും മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും മുന്നണിയിലെ പ്രബലകക്ഷികളെല്ലാം പ്രത്യക്ഷത്തില്‍ മാണിയെ പിന്തുണക്കുന്നുണ്ട്. ഈ മാസം 28ന് യു ഡി എഫ് യോഗം ചേരുന്നതിന് മുമ്പ് സ്വന്തം നിലപാടുകളെടുക്കാന്‍ കോണ്‍ഗ്രസും ലീഗും പ്രത്യേകം കൂടിയാലോചനാ യോഗം ചേരുന്നുണ്ട്.
ബജറ്റ് മാണി തന്നെ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് നേരിടുന്നതിനെക്കുറിച്ച് മുന്നണിയില്‍ ഒരു പൊതു തീരുമാനത്തിലെത്തിയിട്ടില്ല. ഇതോടൊപ്പം ദിനംപ്രതി പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ആശങ്കയും ഘടകകക്ഷികള്‍ പങ്കുവെച്ചിട്ടുണ്ട്.
ആരോപണത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കെ എം മാണി രാജിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുള്‍പ്പെടെ കോണ്‍ഗ്രസിലെ ഒരുവിഭാഗം പറയുമ്പോള്‍, നിലവിലെ സാഹചര്യത്തില്‍ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടാണ് മറു വിഭാഗത്തിന്. ഇതെല്ലാം മന്ത്രി മാണിയെ സമ്മര്‍ദത്തിലാക്കുകയാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest