Connect with us

National

ഒടുവില്‍ ലിയാഖത് ഷാക്ക് എന്‍ ഐ എയുടെ ക്ലീന്‍ചിറ്റ്

Published

|

Last Updated

ന്യൂഡല്‍ഹി: തീവ്രവാദിയെന്ന് ആരോപിച്ച് രണ്ട് വര്‍ഷം മുമ്പ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ലിയാഖത് ഷാ നിരപരാധിയാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ). ലിയാഖതിന് എന്‍ ഐ എ ക്ലീന്‍ചിറ്റ് നല്‍കിയത് ഡല്‍ഹി പോലീസിന് വലിയ തിരിച്ചടിയായിട്ടുണ്ട്. നിരോധിത സംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്‍ അംഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒളിവില്‍ കഴിയുന്ന സാബിര്‍ ഖാന്‍ എന്നയാളാണ് ആയുധങ്ങളുടെ ഇടപാടുമായി ലിയാഖത്തിന്റെ പേര് ബന്ധപ്പെടുത്തിയതെന്നും എന്‍ ഐ എ കണ്ടെത്തി. സാബിറിനെ കേസില്‍ പ്രധാന കുറ്റാരോപിതനാക്കിയിട്ടുണ്ട്.
ലിയാഖത് ഷാക്കെതിരെയുള്ള ആരോപണങ്ങള്‍ ഒഴിവാക്കിയ എന്‍ ഐ എ, ഇയാളെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയ രണ്ട് ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടിയിട്ടുണ്ട്. പാക് അധീന കാശ്മീരില്‍ നിന്ന് നേപ്പാള്‍ വഴി കാശ്മീര്‍ താഴ്‌വരയിലേക്ക് വരികയായിരുന്ന ഷായെ 2013 മാര്‍ച്ച് 20നാണ് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം സൗനാലി അതിര്‍ത്തിയില്‍ വെച്ചാണ് ഷായെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നിരോധിത ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദിയാണെന്നും ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് വരികയാണെന്നും അവകാശപ്പെടുകയായിരുന്നു.
അറസ്റ്റിനെതിരെ അന്ന് തന്നെ ജമ്മു കാശ്മീര്‍ പോലീസ് രംഗത്ത് വന്നിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ പാക് അധീന കാശ്മീരിലേക്ക് പോയവര്‍ക്ക് തിരിച്ചുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അതനുസരിച്ചാണ് ഷാ വരുന്നതെന്നും കാശ്മീര്‍ പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
ഷായുടെ മൊഴിയനുസരിച്ച് ജുമാ മസ്ജിദിലെ ഹാജി അറഫാത് ഗസ്റ്റ് ഹൗസിന്റെ 304 ാം നമ്പര്‍ റെയ്ഡ് നടത്തി ആയുധങ്ങളും തിരകളും കണ്ടെടുത്തതായി ഡല്‍ഹി പോലീസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഷാക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ജമ്മു കാശ്മീര്‍ സര്‍ക്കാറിന്റെ കീഴടങ്ങല്‍ നയത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാനാണ് ഇയാള്‍ എത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായതായി എന്‍ ഐ എ അറിയിച്ചു.
മധ്യപ്രദേശിലെ ഷാജഹ്പൂരിലെ ഗെലാന സ്വദേശിയായ സാബിര്‍ ഖാനാണ് ആയുധങ്ങള്‍ ഗസ്റ്റ് ഹൗസിലെ റൂമില്‍ കൊണ്ടുവെച്ചത്. ജുമാ മസ്ജിദിലെ ഹാജി അറഫാത് ഗസ്റ്റ് ഹൗസില്‍ ഇയാള്‍ മുറി ബുക്ക് ചെയ്തിരുന്നു. കേസ് എന്‍ ഐ എക്ക് കൈമാറിയതോടെ ഒളിവില്‍ പോയ ഇയാളെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

---- facebook comment plugin here -----

Latest