Connect with us

National

ഒബാമയ്ക്ക് ഊഷ്മള സ്വീകരണം; വലിയ അംഗീകാരമെന്ന് ഒബാമ

Published

|

Last Updated

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ യു എസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ഊഷ്മള സ്വീകരണം. യു എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്‍ 9.40ഓടെയാണ് ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ ഇറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഒബാമയെ സ്വീകരിച്ചു. പ്രോട്ടോകോള്‍ മാറ്റിവെച്ചാണ് യു എസ് പ്രസിഡന്റിനെ സ്വീകരിക്കാന്‍ നരേന്ദ്ര മോഡി വിമാനത്താവളത്തില്‍ എത്തിയത്.

ഭാര്യ മിഷേലിന് പുറമെ ഉന്നത ഉദ്യോഗസ്ഥരുടെയും കോണ്‍ഗ്രസ് അംഗങ്ങളുടെയും സംഘവും ഒബാമയെ അനുഗമിക്കുന്നുണ്ട്.

obama_modi_greeting_PIB_

ഉച്ചക്ക് പന്ത്രണ്ട് മണിക്ക് രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ഔദ്യോഗികമായി ഒബാമയെ സ്വീകരിച്ചു. ഇതിന് പിന്നാലെ അദ്ദേഹം രാജ്ഘട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. രാജ്ഘട്ടില്‍ ഒരു വൃക്ഷത്തൈ  നടുകയും ചെയ്തു. ഇന്ത്യയില്‍ വീണ്ടും എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും റിപബ്ലിക് ദിന ചടങ്ങുകളില്‍ അടക്കം പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദ് ഹൗസില്‍ വെച്ച് മോദിക്കൊപ്പമുള്ള ഉച്ചഭക്ഷണത്തിനു ശേഷം മോദിയുമായി അനൗദ്യോഗിക കൂടിക്കാഴ്ച ആരംഭിക്കും. ഇതിന് ശേഷം നടക്കുന്ന പ്രതിനിധിതല ചര്‍ച്ചകള്‍ക്കു ശേഷം 4.10 ഓടെ സംയുക്ത പത്രസമ്മേളനവും നടക്കും.

വൈകീട്ട് എംബസി ഉദ്യോഗസ്ഥരുമായി ഒബാമ കൂടിക്കാഴ്ച നടത്തും. രാത്രി 7.50ന് രാഷ്ട്രപതിഭവനില്‍ എത്തുന്ന ഒബാമ പ്രണാബ് മുഖര്‍ജിക്കൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുക്കും. രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയാകും. ഇതാദ്യമായാണ് യു എസ് പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്തുന്നത്. ചൊവ്വാഴ്ച ഡല്‍ഹിയിലെ സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഭാഷണത്തിനു ശേഷം ഒബാമ സഊദി അറേബ്യയിലേക്ക് മടങ്ങും.

ചൊവ്വാഴ്ചത്തെ താജ്മഹല്‍ സന്ദര്‍ശനം ഒബാമ റദ്ദാക്കിയതായി വൈറ്റ്ഹൗസ് അധികൃതര്‍ സ്ഥിരീകരിച്ചു. സഊദിയില്‍ അബ്ദുല്ല രാജാവിന്റെ മരണശേഷം അധികാരമേറ്റ സല്‍മാന്‍ രാജാവിനെ സന്ദര്‍ശിക്കുന്നതിനായാണ് താജ് മഹല്‍ സന്ദര്‍ശനം റദ്ദാക്കിയത്. ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അറുനൂറ് തൊഴിലാളികള്‍ ചേര്‍ന്നാണ് താജ്മഹലും പരിസരവും വൃത്തിയാക്കിയത്.