Connect with us

International

സിറിയയില്‍ വ്യോമാക്രമണം: 42 സാധാരണക്കാര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനടുത്ത് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 42 പേര്‍ കൊല്ലപ്പെട്ടു. വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൗതയിലെ ഹമൂരിയ്യ ഗ്രാമത്തിലാണ് സിറിയന്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ആറ് കുട്ടികളും ഉള്‍പ്പെടുന്നതായി സിറിയയിലെ മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടി. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് അഞ്ച് തവണ അതിശക്തമായ ബോംബുകള്‍ ഈ ഗ്രാമത്തിന് മേല്‍ വര്‍ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രാര്‍ഥനക്ക് വിശ്വാസികള്‍ തടിച്ചുകൂടിയതിനിടയിലാണ് ആക്രമണം നടന്നത്. ബോംബാക്രമണത്തെ തുടര്‍ന്ന് മൃതദേഹങ്ങള്‍ പ്രദേശത്ത് ചിന്നിച്ചിതറി കിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സിറിയയിലെ മാധ്യമ സംഘടനകള്‍ യൂട്യൂബില്‍ നല്‍കിയിട്ടുണ്ട്. നിരവധി കുട്ടികള്‍ക്ക് ആക്രമണത്തിനിടെ പരുക്കേല്‍ക്കുകയും ചെയ്തു.
2012മുതലാണ് സിറിയയിലെ വിമതരെ ലക്ഷ്യം വെച്ച് സിറിയന്‍ സൈന്യം ആക്രമണം ആരംഭിച്ചിരുന്നത്. തീവ്രവാദികളെ ലക്ഷ്യം വെച്ചാണ് തങ്ങള്‍ വ്യോമാക്രമണം നടത്തുന്നതെന്ന് സിറിയ വാദിക്കുന്നുണ്ടെങ്കിലും ഇതുവരെ ആയിരക്കണക്കിന് സാധാരണക്കാരായ നിരപരാധികള്‍ കൊല്ലപ്പെട്ടു. ഇപ്പോള്‍ ആക്രമണം നടത്തിയ പ്രദേശം ഒരു വര്‍ഷത്തോളമായി സിറിയന്‍ സേനയുടെ കടുത്ത നിരീക്ഷണത്തിലാണ്. ഇവിടേക്കുള്ള ഭക്ഷണം, മരുന്നുകള്‍ എന്നിവക്ക് കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ പതിനായിരക്കണക്കിന് പേര്‍ ഇവിടെ നിന്ന് പലായനം ചെയ്തു. ബശാറുല്‍ അസദിന്റെ ഭരണത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന വര്‍ഷങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമിടെ 2,20,000 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിരുന്നു.

Latest