Connect with us

Gulf

പ്രവാസി ഭാരതീയര്‍ കണ്ട കാഴ്ചകള്‍, കേട്ട വാക്കുകള്‍

Published

|

Last Updated

ഇത്തവണത്തെ പ്രവാസി ഭാരതീയ ദിവസ് പല നിലകളാല്‍ സവിശേഷമായിരുന്നു. ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യത്തെ പ്രവാസി ഭാരതീയ ദിവസ്. യു എ ഇ മലയാളിയായ സാമൂഹിക പ്രവര്‍ത്തകന്‍ അശ്‌റഫ് താമരശ്ശേരിക്ക് സമ്മാന്‍. മഹാത്മജി പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തിയതിന്റെ നൂറാം വാര്‍ഷിക നിറവ്.

യു എ ഇയില്‍ നിന്നുള്ള ഫ്രണ്ട്‌സ് ഓഫ് ബി ജെ പിയുടെ ഒരു സംഘം അഹ്മദാബാദിലേക്കുള്ള വിമാനം കാത്ത് മുംബൈ വിമാനത്താവളത്തില്‍ ഇരിക്കുന്നതില്‍ നിന്ന് കാഴ്ച തുടങ്ങുന്നു. പ്രസിഡന്റ് ടി ആര്‍ രമേശിന്റ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം രണ്ട് വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. പ്രവാസി ഭാരതീയ ദിവസ് പരിചയപ്പെടുത്താന്‍ ഫ്രണ്ട്‌സ് ഓഫ് ബി ജെ പിയുടെ ചെലവിലാണ് വിദ്യാര്‍ഥികളുടെ യാത്ര.
പ്രവാസി ഭാരതീയ സമ്മാന്‍ അശ്‌റഫ് താമരശേരിക്ക് ലഭിക്കുമോ എന്ന സ്വാഭാവിക ചോദ്യം ഉയര്‍ന്നപ്പോള്‍ “ഞങ്ങള്‍ എതിര്‍ത്തിട്ടില്ല” എന്ന മറുപടിയാണ് രമേശില്‍ നിന്ന് ലഭിച്ചത്.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ വൈബ്രന്റ് ഗുജറാത്തിന്റെ പരസ്യബോര്‍ഡുകളാണ് ഏറെയും ഉണ്ടായിരുന്നത്. പ്രവാസി ഭാരതീയ ദിവസ് കഴിഞ്ഞയുടന്‍, ഗാന്ധിനഗറില്‍ വൈബ്രന്റ് ഗുജറാത്ത് എന്ന പേരില്‍ സംസ്ഥാന നിക്ഷേപ സംഗമം നടക്കുന്നതിന്റെ പരസ്യങ്ങളാണ്. ഗുജറാത്തിലെ സാധ്യതകള്‍ പരിചയപ്പെടുത്താന്‍ പ്രവാസി ഭാരതീയ ദിവസിനെ ഉപയോഗപ്പെടുത്താന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലും സംഘവും തീരുമാനിച്ച മട്ടാണ്.
ഗുജറാത്തിലെ വികസനം കാണൂയെന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി ജെ പി രാജ്യത്തെമ്പാടും പ്രചാരണം നടത്തിയിരുന്നു. അത് കൊണ്ട് തന്നെ, ഗുജറാത്തിന്റെ “മനോഹാരിത” കാണാന്‍ പ്രതിനിധികള്‍ക്ക് വെമ്പലുണ്ടായിരുന്നു. ആദ്യ ദിവസം തന്നെ നിരാശയായിരുന്നു ഫലം. അഹമ്മദാബാദ് നഗരത്തില്‍ മനുഷ്യരെക്കാള്‍ വില പശുക്കള്‍ക്കും നായ്ക്കള്‍ക്കുമാണെന്ന് ഏവരും കണ്ടറിഞ്ഞു. തെരുവുകളില്‍ പശുക്കള്‍ യഥേഷ്ടം അലഞ്ഞു നടക്കുന്നു. “വിശുദ്ധ പശു”ക്കള്‍ ആയത് കൊണ്ട് ആട്ടിയോടിക്കാന്‍ പലര്‍ക്കും ഭയം. അഹമ്മദാബാദില്‍ ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ വികസനം എത്തിനോക്കിയിട്ടില്ല. വിണ്ടുകീറിയ കെട്ടിടങ്ങളാണ് ഏറെയും.
അഹമ്മദാബാദിന് 30 കിലോമീറ്റര്‍ അകലെയാണ് പ്രവാസി ഭാരതീയ ദിവസ് നടന്ന ഗാന്ധിനഗര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 3000 ത്തോളം പ്രതിനിധികള്‍ എത്തിയിരുന്നു. താമസസ്ഥലം ലഭ്യമാകാന്‍ പലരും നെട്ടോട്ടത്തില്‍. വേണ്ടത്ര ഹോട്ടലുകള്‍ അഹമ്മദാബാദിലില്ല. എന്നാല്‍, ആതിഥ്യമര്യാദയില്‍ ഒട്ടും കുറവില്ല.
അഹമ്മദാബാദിനു സമീപം ഖാന്‍പൂര്‍ എന്ന പ്രദേശത്താണ് പലര്‍ക്കും താമസം സൗകര്യമായത്. ഖാന്‍പൂര്‍ “മഖ്ബറ”കളുടെ പട്ടണമാണ്. റോഡിന് നടുവിലും റസ്റ്റോറന്റിനകത്തും കുടീരങ്ങള്‍. “ലക്കി” എന്ന പ്രശസ്ത റസ്റ്റോറന്റിനകത്ത് നിരവധി മഖ്ബറകള്‍. പച്ചപ്പട്ട് പുതച്ചും ചന്ദനത്തിരി കത്തിച്ചും സംരക്ഷിക്കുന്നത് പാരമ്പര്യത്തിന്റെ ഭാഗം. ലക്കി റസ്റ്റോറന്റില്‍ എം എഫ് ഹുസൈന്റെ അപൂര്‍വ ചിത്രം കണ്ടു. ഹുസൈന്‍ അഹമ്മദാബാദില്‍ എത്തുമ്പോള്‍ ലക്കി റസ്റ്റോറന്റ് സന്ദര്‍ശകനായിരുന്നുവത്രെ. കോഴിക്കോട്ടുകാരാണ് ഇടക്ക് ഈ റസ്റ്റോറന്റ് നടത്തിയത്.
വിഖ്യാതമായ സബര്‍മതി നദീ തീരത്തുകൂടിയാണ് ഗാന്ധിനഗറിലേക്ക് യാത്ര. അവിടത്തെ മഹാത്മാ മന്ദിറിലാണ് പ്രവാസി ഭാരതീയ ദിവസ്. യുവ പ്രവാസി ഭാരതീയ ദിവസ് ആയിരന്നു ആദ്യ ദിവസം. പ്രവാസി വകുപ്പ് ജോയിന്റ് സെക്രട്ടറിയും മലയാളിയുമായ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍. വിദേശ കാര്യ, പ്രവാസി കാര്യ മന്ത്രി സുഷമാ സ്വരാജ് ആണ് യുവ പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്തത്. വാജ് പേയി സര്‍ക്കാറാണ് പ്രവാസി ഭാരതീയ ദിവസ് തുടങ്ങിയതെന്ന് അവര്‍ ഓര്‍മിപ്പിച്ചു. വിദേശത്തുള്ള ഇന്ത്യന്‍ യുവത്വം ഭാരതീയ സംസ്‌കാരം ഉപേക്ഷിക്കരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു. തൊട്ടുപിന്നാലെ, ഭാരത് കോ ജാനോ എന്ന പേരില്‍ ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ചും തത്ത്വ ശാസ്ത്രങ്ങളെക്കുറിച്ചും ചര്‍ച്ചയായിരുന്നു. സംഘ പരിവാരത്തോട് അടുപ്പമുള്ള ചരിത്രകാരന്‍മാരുടേതാണ് പ്രഭാഷണം.
അതിനുശേഷം, ഭാരത് കോ മാനോ എന്ന പേരില്‍ ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക പുരോഗതിയെക്കുറിച്ചുള്ള സെഷന്‍ നടന്നു. ഉച്ച കഴിഞ്ഞ് ഗാന്ധിയന്‍ ചിന്തകളെക്കുറിച്ചുള്ള സെഷന്‍ ശ്രദ്ധേയമായി. ദക്ഷിണാഫ്രിക്കയുടെ രാജ്യാന്തര സഹകരണ മന്ത്രി ശ്രീമതി മൈത്തെ എന്‍കോന മശബാനെയുടെ പ്രസംഗം ആവേശാജ്യമായിരുന്നു. മഹാത്മജിയുടെ ആശയങ്ങളില്‍ നിന്നാണ് നെല്‍സണ്‍ മണ്ഡേലയും ദക്ഷിണാഫ്രിക്കന്‍ കോണ്‍ഗ്രസും ഊര്‍ജം ഉള്‍ക്കൊണ്ടതെന്ന് അവര്‍ പറഞ്ഞു.
രണ്ടാം ദിനമാണ് പ്രധാന മന്ത്രി നരേന്ദ്രമോദി എത്തുക. അതിനുവേണ്ടിയാണ് പ്രതിനിധികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്നത്. വിദേശ ഇന്ത്യക്കാര്‍ വോട്ടവകാശം അടക്കം നിരവധി പ്രഖ്യാപനങ്ങള്‍ക്ക് കാതുകൂര്‍പ്പിച്ചിരുന്നു.
(തുടരും)

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest