Connect with us

Gulf

'മഹാനായ ഭരണാധികാരി; ഇന്ത്യയുടെ ആത്മസുഹൃത്ത്'

Published

|

Last Updated

ദുബൈ: തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രാജാവിന്റെ വിയോഗം അത്യധികം ദുഃഖത്തോടു കൂടിയാണ് ശ്രവിച്ചതെന്ന് എം എ യൂസുഫലി. അറബ് ലോകത്തിന് തീരാനഷ്ടമാണ് ഈ വേര്‍പാട്. സ്വദേശികളോടും വിദേശികളോടും അങ്ങേയറ്റത്തെ നീതിനിഷ്ടയോടെ പ്രവര്‍ത്തിച്ച ഭരണാധികാരിയായിരുന്നു.
നിതാഖത്തിന്റെ നാളുകളില്‍ ഇന്ത്യാക്കാരുള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് വിദേശികളോട് അനുകമ്പാ പൂര്‍ണമായ നിലപാട് സ്വീകരിച്ച ഉദാരമതിയായിരുന്നു. നിതാഖത്തിന്റെ ഇരകള്‍ക്ക് അവരുടെ രേഖകളുടെ ക്രമീകരണത്തിനുശേഷം വീണ്ടും സഊദിയിലേക്ക് തന്നെ വരാനുള്ള വാതില്‍ തുറന്നു കൊടുക്കണമെന്ന് തൊഴില്‍ മന്ത്രിയോട് നിര്‍ദ്ദേശിക്കുക വഴി രാജാവിന്റെ വിശാലമനസ്‌കതയും സൗമനസ്യവുമാണ് പ്രകടമായത്. പ്രജാക്ഷേമതല്പരനായ ഭരണ നിപുണനാണെന്ന് സഊദി അറേബ്യയുടെ വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലൂടെ അദ്ദേഹം തെളിയിക്കുകയും ചെയ്തു.
രാജ്യപുരോഗതിയില്‍ സ്വദേശികളോടൊപ്പം വിദേശികളേയും പങ്കാളികളാക്കുക വഴി ഉദാരപൂര്‍ണ്ണമായ ക്രാന്തദര്‍ശിത്വമാണ് അബ്ദുള്ള രാജാവ് പ്രകടിപ്പിച്ചത്. സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കുകയും സ്വദേശി വനിതകള്‍ക്ക് വികസനപ്രക്രിയയില്‍ പ്രാധാന്യം നല്‍കുകയും ചെയ്തു. മികച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവ് കൂടിയായ രാജാവ് വിദ്യാഭ്യാസത്തിന് പരമപ്രാധാന്യമാണ് കല്പിച്ചത്. വിദേശങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള വ്യവസായ സംരഭകരോടും നിക്ഷേപകരോടും അത്യുദാരമായ സമീപനം കൈക്കൊള്ളാനും അത് വഴി സഊദിയുടെ പുരോഗതിയില്‍ എല്ലാ വിഭാഗത്തേയും ഭാഗഭാക്കാക്കാനും അബ്ദുള്ളാ രാജാവിന് സാധിച്ചു. ലോകസമാധാനത്തിന് ഭീഷണിയായ ഭീകരതയുടെ വേരുകള്‍ സഊദിയുടെ മണ്ണില്‍ നിന്ന് പറിച്ച് നീക്കാനും ഇസ്ലാമിന്റെ സമാധാന സന്ദേശം ലോകമാകെ പ്രചരിപ്പിക്കാനും നേതൃപരമായ പങ്ക് വഹിക്കാനും അബ്ദുള്ളാ രാജാവിന് കഴിഞ്ഞു.
ലക്ഷക്കണക്കിന് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഓരോ വര്‍ഷവും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ രാജാവ് തന്നെ മുന്‍കൈയെടുത്തു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ലൊരു സുഹൃത്തിനെയാണ് നഷ്ടമായത്. അബ്ദുല്ലാ രാജവിന്റെ വിയോഗത്തില്‍ ദു:ഖിക്കുന്ന സൗദി അറേബ്യയിലേയും ലോകരാജ്യങ്ങളിലേയും ലക്ഷക്കണക്കിനാളൂകളോടൊപ്പം ഞാനും പങ്ക് ചേരുന്നു.
മഹാനായ ആ ഭരണാധികാരിയുടെ പരലോകമോക്ഷത്തിനായി പരമകാരുണികനോട് അകമഴിഞ്ഞ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Latest