Connect with us

Gulf

ചാനല്‍ തുടങ്ങുമെന്ന് പറഞ്ഞ് തട്ടിപ്പ്

Published

|

Last Updated

ദുബൈ: മലയാള ടെലിവിഷന്‍ ചാനല്‍ തുടങ്ങുമെന്ന് വിശ്വസിപ്പിച്ച് നിരവധി ഗള്‍ഫ് മലയാളികളെ വഞ്ചിച്ചതായി പരാതി. കേരളം ആസ്ഥാനമായി ഏതാനും വര്‍ഷം മുമ്പാണ് പുതിയ ചാനലിന്റെ ആലോചന. ഇതിന് വേണ്ടി ഗള്‍ഫിലെ വാണിജ്യ പ്രമുഖരില്‍ നിന്നും മറ്റും 40 കോടി രൂപയോളം പിരിച്ചെടുത്തതായാണ് കണക്ക്. എന്നാല്‍ ഇതേവരെ ചാനല്‍ സംപ്രേഷണം തുടങ്ങിയിട്ടില്ല. ചാനലിന് വേണ്ടി മുന്നില്‍ നിര്‍ത്തിയത് പ്രമുഖരായ മാധ്യമ പ്രവര്‍ത്തകരെയാണ്. ഇന്ത്യാവിഷനിലും മറ്റും പ്രവര്‍ത്തിച്ചിരുന്ന അനുഭവ സമ്പന്നരായ മാധ്യമ പ്രവര്‍ത്തകര്‍ പുതിയ ചാനലിന്റെ മുന്‍ നിരയില്‍ ഉണ്ടാകുമെന്നായിരുന്നു പ്രമോട്ടര്‍മാരുടെ ഉറപ്പ്. ഇതനുസരിച്ച് ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രമോട്ടര്‍മാരുടെ വഞ്ചനാപരമായ മനോഭാവം കാരണം പലരും പിരിഞ്ഞു പോയി. ചാനല്‍ പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും ഇപ്പോഴും പൂര്‍ണ തോതില്‍ ഓഫീസോ ചാനല്‍ സംപ്രേഷണമോ ആയിട്ടില്ല. ഗള്‍ഫിലെ ഒരു വാണിജ്യ പ്രമുഖനില്‍ നിന്ന് ഒമ്പത് കോടി രൂപയാണ് ഓഹരി പങ്കാളിത്തമായി വാങ്ങിയത്. പണം നിക്ഷേപിച്ചവര്‍ നിരാശയിലാണ്. പലരും കോടതി കയറാനുള്ള ശ്രമത്തിലുമാണ്. ചാനലിന്റെ പേര് പറഞ്ഞ് വീണ്ടും പണപ്പിരിവ് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് മലയാളികളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

കൊച്ചി കേന്ദ്രമായ വാണിജ്യ ചേമ്പറിന്റെ പേരും കാശ് പിരിക്കാന്‍ ഉപയോഗിച്ചതായി അനുഭവസ്ഥര്‍ പരാതിപ്പെടുന്നു. ഏതാനും ദിവസങ്ങളില്‍ ചാനല്‍ പരീക്ഷണ സംപ്രേഷണം നടത്തിയെങ്കിലും പരിപാടികള്‍ അവസാനിപ്പിച്ചുവെന്നാണ് സ്റ്റാഫുകളും പരാതിപ്പെടുന്നത്. ചാനല്‍ തുടങ്ങി രണ്ടു മാസത്തിനകം സെയില്‍സ് ഹെഡ്ഡിനോട് ജോലി മതിയാക്കി പോകാന്‍ ഒരു ഡയറക്ടര്‍ ഉത്തരവിട്ടെന്നും പരാതിയില്‍ പറയുന്നു.