Connect with us

Gulf

അല്‍ ജുബൈല്‍ മത്സ്യമാര്‍ക്കറ്റ്; റോഡില്‍ അപകടം പതിയിരിക്കുന്നു

Published

|

Last Updated

ഷാര്‍ജ: അല്‍ ജുബൈലിലെ മത്സ്യമാര്‍ക്കറ്റിലേക്കുള്ള പാതയില്‍ അപകടം പതിയിരിക്കുന്നതായി പരാതി. ബസ് സ്റ്റേഷനിലേക്കും, പച്ചക്കറിമാര്‍ക്കറ്റിലേക്കും മറ്റുമുള്ള പ്രധാന പാത മുറിച്ചു കടന്നാണ് ആളുകള്‍ മാര്‍ക്കറ്റിലെത്തുന്നത്. എമിറേറ്റിനകത്തും പുറത്തുനിന്നുമായി സ്ത്രീകളും കുട്ടികളുമടക്കം നിത്യവും നൂറുക്കണക്കിനാളുകളാണ് മത്സ്യം വാങ്ങാനായിമാര്‍ക്കറ്റിലെത്തുന്നത്. ഇതിനു പുറമെ മാര്‍ക്കറ്റിലെ ജീവനക്കാരും കടയുടമകളും മറ്റും എത്തുന്നതും ഇതുവഴിയാണ്.
പാതയില്‍ സീബ്ര ലൈനും, ഹമ്പും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടമൊഴിവാക്കാന്‍ ഇവ പര്യാപ്തമല്ലെന്ന് മാര്‍ക്കറ്റിലെ വ്യാപാരികള്‍ പറയുന്നു. സീബ്ര ലൈനുകള്‍ മാഞ്ഞുപോയതിനാല്‍ ലൈനുകള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നില്ല. പ്രത്യേകിച്ച് സന്ധ്യാസമയങ്ങളിലും മറ്റും അതുകൊണ്ടുതന്നെ വാഹനങ്ങള്‍ വേഗത കുറക്കാതെയാണ് ഓടുന്നതെന്നു പറയുന്നു. ഹമ്പ് കൊണ്ടും പ്രയോജനമില്ലെന്നു വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. ഉയരക്കുറവ് കാരണം വാഹനങ്ങള്‍ വേഗതകുറക്കുന്നില്ലെന്നും പറയുന്നു. റോഡ് മുറിച്ചു കടക്കാന്‍ ദീര്‍ഘ നേരം കാത്തിരിക്കേണ്ട സ്ഥിതിയാണത്രെ. കൂടുതല്‍ ആളുകളെ കാണുമ്പോള്‍ മാത്രമാണ് വാഹനങ്ങള്‍ നിര്‍ത്തി അവരെ കടന്നുപോകാന്‍ അനുവദിക്കുന്നതെന്നും പറയുന്നു. ഇതിനകം അപകടങ്ങള്‍ നടന്നതായി ഒരു വ്യാപാരി പറഞ്ഞു. അമിത വേഗതയിലെത്തിയ വാഹനം ഇടിക്കുകയായിരുന്നുവത്രെ. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു സംഭവമെന്നും വ്യാപാരി പറഞ്ഞു. അതു കൊണ്ടുതന്നെ ആളുകള്‍ റോഡ് മുറിച്ചു കടക്കാന്‍ ഭയപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി.
അപകടം തടയാന്‍ നടപടിവേണമെന്നാണ് ആവശ്യം ഉയരമുള്ള ബമ്പ് സ്ഥാപിച്ചും പുതുതായി സീബ്രാലൈന്‍ വരഞ്ഞും അപകടം ഒഴിവാക്കാനാകുമെന്നാണ് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നത്. ഫെഡസ്റ്റേറിയന്‍ ക്രോസിംഗ് പണിതും അപകടം തടയാമെന്നും ചൂണ്ടിക്കാട്ടുന്നു.
പുതിയ മത്സ്യമാര്‍ക്കറ്റ് തുറക്കുന്നതോടെ ഇതുവഴി യാത്ര ചെയ്യുന്നവരുടെ എണ്ണവും വര്‍ധിക്കും. മാര്‍ക്കറ്റിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. താമസിയാതെ ഉത്ഘാടനം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. അതിനു മുമ്പ് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ജനം ആഗ്രഹിക്കുന്നു.

Latest