Connect with us

Wayanad

വയനാട് മെഡി. കോളജിന്റെ പ്രവര്‍ത്തനം താത്കാലികമായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ തുടങ്ങണം: സര്‍വകക്ഷി യോഗം

Published

|

Last Updated

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം താമസംവിന താല്‍ക്കാലികമായി ആരംഭിക്കണമെന്ന് വയനാട് പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന സര്‍വകക്ഷി പ്രതിനിധി യോഗം ആവശ്യപ്പെട്ടു. ജനപ്രതിനിധികള്‍ അടങ്ങുന്ന ഉന്നതതല കമ്മിറ്റി ഇക്കാര്യത്തില്‍ നേരത്തെ എടുത്തിട്ടുള്ള തീരുമാനം നടപ്പാക്കുന്നതിലെ കാലവിളംബം ഒഴിവാക്കണം. കല്‍പറ്റ കൈനാട്ടിയിലുള്ള ജനറല്‍ ആശുപത്രി കെട്ടിടത്തിലെ സൗകര്യങ്ങളും നല്ലൂര്‍നാട് ആശുപത്രിയിലെ നിര്‍ദിഷ്ട കാന്‍സര്‍ ചികിത്സാ കേന്ദ്രത്തിലുള്ള സൗകര്യങ്ങളും ഇതിനായി ഉപയോഗിക്കാം. കാന്‍സര്‍ ചികില്‍സക്കുള്ള ഓങ്കോളജി, ഹൃദ്രോഗ ചികില്‍സക്കുള്ള കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍, ആദിവാസികള്‍ക്കും വയനാടന്‍ ചെട്ടിമാര്‍ക്കും ഇടയില്‍ കണ്ടുവരുന്ന ജനിത രോഗമായ സിക്കിള്‍സെല്‍ അനീമിയ തുടങ്ങിയ വിഭാഗങ്ങളില്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കിക്കൊണ്ടാവണം മെഡിക്കല്‍ കോളജില്‍ വിവിധ വകുപ്പുകള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം തുടങ്ങേണ്ടത്. സംസ്ഥാനത്ത് ചികില്‍സാ സൗകര്യത്തില്‍ ഏറ്റവും പിന്നാക്കമുള്ള ജില്ലയെന്ന പരിഗണന ഇക്കാര്യത്തില്‍ ഉണ്ടാവണം. ഈ ആവശ്യം ഉന്നയിച്ച് സര്‍വകക്ഷി സംഘം ഫെബ്രുവരി ഒന്‍പതിന് മുഖ്യമന്ത്രിയെയും ആരോഗ്യ വകുപ്പ് മന്ത്രിയെയും നേരില്‍ കണ്ട് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് പി കെ അബ്ദുല്‍ അസീസ് അധ്യക്ഷനായിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി ജി വിജയന്‍ രൂപരേഖ അവതരിപ്പിച്ചു. വിവിധ കക്ഷി നേതാക്കളായ കെ എല്‍ പൗലോസ്(കോണ്‍ഗ്രസ്) സി കെ ശശീന്ദ്രന്‍(സി പി എം), പി പി എ കരീം( മുസ്‌ലിംലീഗ്),കെ സദാനന്ദന്‍(ബി ജെ പി), സി പി വര്‍ഗീസ്(യു ഡി എഫ് കണ്‍വീനര്‍), വിജയന്‍ ചെറുകര(സി പി ഐ), കെ കെ ഹംസ( ജനതാദള്‍-യു), കെ ജെ ദേവസ്യ( കേരള കോണ്‍ഗ്രസ്-എം), പി എം ജോയി( ജനതാദള്‍-എസ്), എം സി സെബാസ്റ്റ്യന്‍( കേരള കോണ്‍-ജേക്കബ്), സി എം ശിവരാമന്‍(എന്‍ സി പി), ഏച്ചോം ഗോപി(ആര്‍ എസ് പി), ടി നാസര്‍(എസ് ഡി പി ഐ), എ പി അഹമ്മദ്(ഐ എന്‍ എല്‍), വി ജെ ബിനു(വെല്‍ഫയര്‍ പാര്‍ട്ടി), പി ടി പ്രേമാനന്ദ്(സി പി ഐ-എം എല്‍) എന്നിവര്‍ പ്രസംഗിച്ചു. പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് രമേഷ് എഴുത്തച്ഛന്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം ഇ എം മനോജ് നന്ദിയും പറഞ്ഞു. കേരള വെറ്ററിനറി സര്‍വകലാശാലാ ആസ്ഥാനം പൂക്കോട് നിന്ന് മാറ്റരുതെന്നും സര്‍വകക്ഷി പ്രതിനിധി യോഗം ആവശ്യപ്പെട്ടു.