Connect with us

Palakkad

സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കി മാറ്റും: മന്ത്രി കെ പി മോഹന്‍

Published

|

Last Updated

കുറ്റനാട്: കേരളത്തെ 2016 അവസാനത്തോടെ സമ്പൂര്‍ണ ജൈവ കാര്‍ഷിക സംസ്ഥാനമാക്കിമാറ്റുമെന്നു മന്ത്രി കെ പി മോഹനന്‍. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സമ്പൂര്‍ണ്ണ നീര്‍ത്തട പരിപാലന പദ്ധതി ദിനാചരണവും മാസ്റ്റര്‍ പ്ലാന്‍ രൂപീകരണ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാസവളങ്ങള്‍ മണ്ണിനെയും ആരോഗ്യത്തെയും നശിപ്പിക്കും.
അതുകൊണ്ടു നാം സമ്പൂര്‍ണ ജൈവകൃഷിരീതികളെ ആശ്രയിക്കണമെന്നും മന്ത്രി പറഞ്ഞു. 2016 ല്‍ കേരളത്തെ സമ്പൂര്‍ണ ജൈവ കാര്‍ഷിക സംസ്ഥാനമാക്കി മാറ്റുകയാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്നും പഴയകാല കാര്‍ഷിക സംസ്‌കാരത്തിലേക്കു നാം തിരിച്ചുപോകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നിറവ് കാര്‍ഷിക പദ്ധതിയില്‍ തൃത്താലയെക്കൂടി ഉള്‍കൊള്ളിച്ചതില്‍ വി. ടി ബല്‍റാം എം എല്‍ എ കൃഷി മന്ത്രിയോട് നന്ദി പറഞ്ഞു.
തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ത്താ പത്രികയായ ഉറവിന്റെ പ്രകാശനവും ചടങ്ങില്‍ മന്ത്രി നീര്‍ത്തട പരിപാലന പദ്ധതി ഡയറക്ടര്‍ ടി വി ജോര്‍ജിനു നല്‍കികൊണ്ടു നിര്‍വ്വഹിച്ചു .വിശ്വനാഥന്‍, അബ്ദുള്ള ഹാജി, ഉണ്ണികൃഷന്‍, സൈതലവി, മുഹമ്മദ് കുട്ടി, പ്രദീപ്, അച്ചുതന്‍ കുട്ടി തുടങ്ങിയ മാതൃക കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. 22 കോടി രൂപയാണ് ഈ പദ്ധതിയിലൂടെ തൃത്താലയില്‍ ചിലവഴിക്കുന്നത്. നീര്‍ത്തട പരിപാലന പദ്ധതി തൃത്താലയിലെ എല്ലാ പഞ്ചായത്തുകളിലും മികച്ചരീതിയിലാണ് നടപ്പിലാക്കിവരുന്നത്.

Latest