Connect with us

Kasargod

എക്‌സൈസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് പിടിച്ചു

Published

|

Last Updated

കാഞ്ഞങ്ങാട്: കിഴക്കന്‍ മലയോര പ്രദേശത്ത് നിന്ന് ഉത്പാദിപ്പിക്കുന്ന വാറ്റുചാരായം കാഞ്ഞങ്ങാട് നഗരത്തിലെത്തിച്ച് വ്യാപകമായി വിറ്റഴിക്കുന്ന യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായെങ്കിലും തന്ത്രപൂര്‍വം കുതറി മാറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇന്നലെ രാവിലെ പുതിയകോട്ടയിലാണ് സംഭവം.
നോര്‍ത്ത് കോട്ടച്ചേരിയിലെ മലനാട് ബാര്‍ പരിസരത്ത് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന അഞ്ച് ലിറ്റര്‍ വാറ്റു ചാരായവുമായി എണ്ണപ്പാറ മുക്കുഴിയിലെ കരിയത്ത് വീട്ടില്‍ കെ രാഘവനെ(30) എക്‌സൈസ് സംഘം കൈയ്യോടെ പിടികൂടി.
രാഘവനെ ജീപ്പില്‍ കയറ്റി ചെമ്മട്ടംവയലിലെ എക്‌സൈസ് ഓഫീസിലേക്ക് കൊണ്ടുപോകുമ്പോള്‍ തനിക്ക് വിശക്കുന്നുവെന്നും ഭക്ഷണം കഴിക്കണമെന്നും പറഞ്ഞതിനെ തുടര്‍ന്ന് പുതിയകോട്ടയിലെത്തിയപ്പോള്‍ യുവാവിനെ ഒരു ഹോട്ടലിനു മുമ്പില്‍ ജീപ്പ്‌നിര്‍ത്തി ഇറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ ബാബുരാജും ഗാര്‍ഡ് ജോസഫ് അഗസ്റ്റിനും ഡ്രൈവര്‍ രാജീവനും യുവാവിന്റെ പിന്നാലെ ഓടുകയും ആര്‍ ഡി ഒ ഓഫീസ് പരിസരത്ത് വച്ച് രാഘവനെ പിടികൂടുകയും ചെയ്തു.
നോര്‍ത്ത്‌കോട്ടച്ചേരിയിലും പരിസരത്തും കിഴക്കന്‍ മലയോര മേഖലയില്‍ നിന്നും കൊണ്ടുവരുന്ന വാറ്റ് ചാരായവും മംഗലാപുരത്തു നിന്നെത്തിക്കുന്ന വിദേശമദ്യവും വന്‍തോതില്‍ വിറ്റഴിക്കുന്നതായി എക്‌സൈസിന് സൂചന ലഭിച്ചിരുന്നു.