Connect with us

Malappuram

സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല; ഭരണ സമിതിയില്‍ കലഹം മുറുകുന്നു

Published

|

Last Updated

തിരൂര്‍: ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമി മറിച്ചു വിറ്റ സംഭവത്തില്‍ വിശദീകരണ റിപ്പോര്‍ട്ട് ഇനിയും സമര്‍പ്പിച്ചില്ല. 20ന് ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് സെക്രട്ടറി സംഭവത്തെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കഴിഞ്ഞ മാസം ചേര്‍ന്ന ബോര്‍ഡ് മീറ്റിംഗില്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഭൂമി കൈമാറ്റത്തെ സംബന്ധിച്ച് ഭരണ കക്ഷിയിലെ കോണ്‍ഗ്രസ് അംഗങ്ങളും പ്രതിപക്ഷാംഗങ്ങളും ചോദ്യമുന്നയിച്ചതോടെ വ്യക്തമായ മറുപടി നല്‍കാതെ പ്രസിഡന്റ് ഒഴിഞ്ഞ് മാറുകയായിരുന്നു. ഭൂമി കൈമാറ്റത്തെ സംബന്ധിച്ച രേഖകള്‍ ലഭ്യമല്ലെന്നായിരുന്നു സെക്രട്ടറിയുടെയും മറുപടി. ഇതോടെ ഭരണ സമിതിയില്‍ കലഹം മൂര്‍ച്ഛിച്ചിരിക്കുകയാണ്. 2003ല്‍ പ്രതീക്ഷാ സ്വയം സഹായ സംഘത്തിന് നാളികേര സംഭരണ യൂണിറ്റ് ആരംഭിക്കുന്നതിനായിരുന്നു തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ലക്ഷങ്ങള്‍ ചിലവിട്ട് മംഗലം വാളമരുതൂരില്‍ ഒമ്പതേ മുക്കാല്‍ സെന്റ് ഭൂമി വാങ്ങിയത്. ഈ ഭൂമിയില്‍ കെട്ടിടം പണിതാല്‍ മാത്രമെ ഫണ്ട് അനുവദിക്കാവൂ എന്നിരിക്കെ കെട്ടിടം പണിതതായി കാണിച്ച് അന്നത്തെ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചെക്ക് ഒപ്പിട്ട് നല്‍കുകയായിരുന്നു. പിന്നീട് 2012ല്‍ ഭൂമി രഹസ്യമായി സ്വകാര്യ വ്യക്തിക്ക് മറിച്ച് വില്‍ക്കുകയാണുണ്ടായത്. തുടര്‍ന്ന് നടന്ന ലോക്കല്‍ ഫണ്ട് ഓഡിറ്റിംഗ്് റിപ്പോര്‍ട്ടില്‍ ഭൂമി സംബന്ധിച്ച ക്രമക്കേട് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്. ഓഡിറ്റ് വന്നതോടെ വില്‍പ്പന നടത്തിയ ഭൂമിക്ക് പകരമായി മൂന്നര സെന്റ് ഭൂമി വാങ്ങുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമി ബ്ലോക്കിന്റെ സ്വന്തം ആസ്തിയായി കണക്കാക്കി രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന ഗ്രാമ വികസന കമ്മീഷണറുടെ ഉത്തരവ് ലംഘിച്ചായിരുന്നു ഭൂമി കൈമാറ്റ നടപടി സ്വീകരിച്ചത്. ഭൂമി വില്‍പ്പന നടന്നതായി ബ്ലോക്ക് പ്രസിഡന്റ് യോഗത്തില്‍ സമ്മതിച്ചെങ്കിലും ഇടപാട് സംബന്ധിച്ച രേഖകള്‍ സെക്രട്ടറിക്ക് ഇതുവരെയും സമര്‍പ്പിക്കാനായില്ല. ഇടപാട് നടന്ന കാലയളവില്‍ ഒരാള്‍ തന്നെയാണ് ബ്ലോക്ക് പ്രസിഡന്റ് എന്നതാണ് ഭരണ പ്രതിപക്ഷാംഗങ്ങള്‍ വിഷയം ചൂണ്ടിക്കാട്ടി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുല്ലക്കുട്ടിക്കെതിരില്‍ രംഗത്ത് വന്നത്. അടുത്ത ബോര്‍ഡ് യോഗത്തില്‍ സെക്രട്ടറി നല്‍കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടിയുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ തീരുമാനം.