Connect with us

Kozhikode

ലീഗുകാര്‍ സൈ്വരജീവിതം തകര്‍ക്കുന്നു: സി പി എം ജില്ലാ കമ്മിറ്റി

Published

|

Last Updated

കോഴിക്കോട്: ജനങ്ങളുടെ സൈ്വരജീവിതവും നാടിന്റെ സ്വസ്ഥതയും തകര്‍ത്ത് നാദാപുരം മേഖലയില്‍ കലാപം സൃഷ്ടിക്കാന്‍ മുസ്‌ലിം ലീഗുകാര്‍ ശ്രമിക്കുന്നതായി സി പി എം ജില്ലാ കമ്മിറ്റി. നാദാപുരം മേഖലയിലെ വെള്ളൂരില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. തെയ്യമ്പാടി ഇസ്മാഈല്‍ എന്ന ലീഗ് അക്രമിയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘമാണ് ഈ പൈശാചികമായ കൊലപാതകം ആസൂത്രണം ചെയ്തത്. അക്രമത്തില്‍ സി പി എം പ്രവര്‍ത്തകരായ നിഖില്‍, അഖില്‍, ലിനീഷ്, അനീഷ് എന്നിവര്‍ക്കും ഇവരോട് സംസാരിച്ച് നില്‍ക്കുകയായിരുന്ന കോണ്‍ഗ്രസ് അനുഭാവികളായ രാജേഷ്, വിജീഷ് എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. ഇതില്‍ നിഖിലിന്റെ നില ഗുരുതരമാണ്. കൊടും ക്രിമിനലായി അറിയപ്പെടുന്ന ഇസ്മാഈലിനെതിരെ പോലീസ് ഗുണ്ടാ ആക്ട് ഉള്‍പ്പെടെയുള്ള നിയമനടപടിക്ക് ഒരുങ്ങിയപ്പോള്‍ അധികാരം ഉപയോഗിച്ച് ലീഗ് പോലീസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. അക്രമത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും ജില്ലാ കമ്മിറ്റി അറിയിച്ചു.

Latest