Connect with us

Kozhikode

കൂട്ടിച്ചേര്‍ത്ത പഞ്ചായത്തുകളെ വിഭജിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് കൗണ്‍സില്‍

Published

|

Last Updated

കോഴിക്കോട്: കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കൂട്ടിച്ചേര്‍ത്ത ബേപ്പൂര്‍, ചെറുവണ്ണൂര്‍- നല്ലളം, എലത്തൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പാലിറ്റികളാക്കി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പറേഷന്‍ കൗണ്‍സില്‍ പ്രമേയം. നിലവിലുള്ള പ്രദേശങ്ങള്‍ വിഭജിക്കരുതെന്നും, മെട്രോനഗരമായി കോഴിക്കോടിനെ ഉയര്‍ത്തുന്ന തരത്തില്‍ നഗരസ്വഭാവം കൈവരിച്ച പ്രദേശങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കണമെന്നും മേയര്‍ പ്രൊഫ. എ കെ പ്രേമജം അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. വിഷയത്തില്‍ കൗണ്‍സില്‍ വിളിക്കുന്ന നേരം കൊണ്ട് കേസിന് പോയാല്‍ പോരേയെന്ന പി കിഷന്‍ചന്ദിന്റെ ചോദ്യം പരിഗണിച്ച് ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കാമെന്ന് ഭേദഗതി പ്രമേയത്തില്‍ ഉള്‍പ്പെടുത്താന്‍ ഭരണപക്ഷം തീരുമാനമെടുത്തു. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഇത് അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം നിലപാട് വ്യക്തമാക്കിയതോടെ പ്രമേയം വോട്ടിനിട്ട് 29 നെതിരെ 37 വോട്ടുകള്‍ക്ക് പാസാക്കി.
കേന്ദ്രവിഹിതം ഉള്‍പ്പെടെയുള്ളവ ലഭിക്കുന്നതിനായി കോര്‍പറേഷനിലേക്ക് കൂട്ടിച്ചേര്‍ത്ത വാര്‍ഡുകള്‍ നിലനിര്‍ത്തുകയും അതിന് പുറമെ കൂടുതല്‍ വാര്‍ഡുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയും വേണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. പഞ്ചായത്തുകളെ വിഭജിച്ച് മുനിസിപ്പാലിറ്റികളാക്കുക വഴി കോര്‍പറേഷനെ ചെറുതാക്കാനുള്ള നടപടിക്ക് കൂട്ടുനില്‍ക്കില്ലെന്ന് ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി ടി അബ്ദുല്ലത്വീഫ് പറഞ്ഞു. എന്നാല്‍ കോര്‍പറേഷനോട് നിലവില്‍ കൂട്ടുച്ചേര്‍ത്ത വാര്‍ഡുകളില്‍ യാതൊരു വികസനപ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്നും പ്രദേശങ്ങളുടെ വികസനത്തിന് അവ മുനിസിപ്പാലിറ്റികളുടെ ഭാഗമാക്കുകയാണ് ഉചിതമെന്നും പ്രതിപക്ഷ നേതാവ് എം ടി പത്മ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ ഭരണം നിലനിര്‍ത്താനുള്ള വെപ്രാളം കൊണ്ട് മാത്രം കൊണ്ടുവന്ന പ്രമേയമാണിതെന്ന് മുഹമ്മദലി പറഞ്ഞു. കഴിഞ്ഞ തവണ മൂന്ന് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്തില്ലെങ്കില്‍ മേയര്‍ ആ കസേരയില്‍ ഇരിക്കില്ലായിരുന്നെന്ന് ബീരാന്‍കോയയും പറഞ്ഞു. എന്നാല്‍ നഗരത്തിന്റെ മൊത്തം മുഖച്ഛായ മാറ്റാന്‍ ഏകീകരണമാണ് ആവശ്യമാണന്ന് ടി സുജനും, മുറിച്ചാലും കൂട്ടിച്ചേര്‍ത്താലും അത് ഭരണം നിലനിര്‍ത്താന്‍ ഭീഷണിയാകില്ലെന്ന് ചേമ്പില്‍ വിവേകാനന്ദനും അവകാശപ്പെട്ടു.
എ വി അന്‍വര്‍, അബ്ദുല്ലക്കോയ, സക്കറിയ പി ഹുസൈന്‍, വിദ്യാ ബാലകൃഷ്ണന്‍, കെ ശ്രീകുമാര്‍, സി എസ് സത്യഭാമ, എന്‍ സി മോയിന്‍കുട്ടി, പി കിഷന്‍ചന്ദ്, എം രാധാകൃഷ്ണന്‍, പി മോഹനന്‍, പൊന്ന്യത്ത് ദേവരാജ്, ഒ സദാശിവന്‍, ലിംന സുരേഷ്, ടി രജനി ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest