Connect with us

Articles

ജനഹൃദയങ്ങളില്‍ ജീവിച്ച ഭരണാധികാരി

Published

|

Last Updated

ആധുനിക സഊദിയുടെ ചരിത്രത്തിലെ ഏറ്റവും ജനപ്രിയ ഭരണാധികാരി എന്ന ഖ്യാതിയിലായിരിക്കും അബ്ദുല്ലാ രാജാവ് ഓര്‍മിക്കപ്പെടുക. ഒരു ദശാബ്ദക്കാലം കൊണ്ട് രാജ്യത്തെ പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് ആനയിക്കുകയും ഒപ്പം സ്വദേശികളുടേയും വിദേശികളുടേയും ഹൃദയങ്ങള്‍ കീഴ്‌പ്പെടുത്തുകയും ചെയ്തു.
രാജ്യം അദ്ദേഹത്തെ അതിനുമാത്രം ഉള്ളില്‍ സ്‌നേഹിച്ചിരുന്നു. 2005 ല്‍ അധികാരമേറ്റ ഉടനെ രാജ്യത്തെ വിവിധ പ്രവിശ്യകള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട അദ്ദേഹത്തെ അതിരറ്റ സ്‌നേഹവാല്‍സല്യങ്ങളോടെയാണ് ഗ്രാമവാസികളും നഗരവാസികളും എതിരേറ്റത്. രാജ്യത്തിന്റെ മുക്കുമൂലകളില്‍ ജനം അദ്ദേഹത്തിന്റെ ബഹുവര്‍ണ ഫഌക്‌സുകള്‍ സ്ഥാപിച്ചു. അതില്‍ എഴുതിവെക്കപ്പെട്ട വാചകം ഇങ്ങനെ വായിക്കാമായിരുന്നു “അന്‍തും ഫീ ഖുലൂബിനാ” (അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിലാണ്).
ഭരണസാരഥ്യം ഏറ്റെടുത്തതു മുതല്‍ കനത്ത വെല്ലുവിളികളാണ് അബ്ദുല്ല രാജാവിന് അഭിമുഖീകരിക്കേണ്ടി വന്നത്. അതി സമര്‍ഥമായ നയതന്ത്രജ്ഞതയാണ് അപ്പോഴെല്ലാം അദ്ദേഹം പ്രകടിപ്പിച്ചത്. ധീരമായ അദ്ദേഹത്തിന്റെ നയങ്ങളും തീരുമാനങ്ങളും എല്ലാ പ്രതിസന്ധികളിലും കരളുറപ്പോടെ രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ സഹായകമായി.
ലോകം മുഴുവന്‍ ഭീതിതമായ സാമ്പത്തിക പ്രതിസന്ധി നേരിട്ട 2008, 2009 കാലങ്ങളില്‍, പതറാതെ, ഉറച്ച കാല്‍വെപ്പുകളോടെയാണ് രാജ്യം അതിനെ നേരിട്ടത്. അല്‍ഖാഇദയുടെ തീവ്രവാദ ഭീഷണിയും അദ്ദേഹം ശക്തിയുക്തം പടിക്കു പുറത്തു നിര്‍ത്തി. ഏറ്റവും ഒടുവിലായി ഇസില്‍ ഭീകരവാദം വന്നപ്പോഴും, അത് ലോകത്തിന് അപകടമാണെന്നും, പിഴുതെറിയണമെന്നും ആദ്യമായി ലോകത്തോട് വിളിച്ചു പറഞ്ഞതും മലിക് അബ്ദുല്ല തന്നെയായിരുന്നു.
മധ്യേഷ്യയിലെ ഭരണകൂടങ്ങളെയെല്ലാം ഞെട്ടിച്ച “അറബ്‌വസന്ത”ത്തെ രാജാവ് നേരിട്ടത് തികച്ചും വ്യത്യസ്തമായാണ്. മിക്ക അറബ് രാജ്യങ്ങളിലും യുവാക്കള്‍ ഭരണാധികാരികള്‍ക്കെതിരില്‍ തെരുവിലിറങ്ങി. ലിബിയ, തുനീഷ്യ, ഈജിപ്ത്, യെമന്‍, സിറിയ തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ ഭരണകൂടങ്ങള്‍ അട്ടിമറിക്കപ്പെടുകയോ” അരാജകത്വം വരികയോ ചെയ്തപ്പോഴും സഊദിയില്‍ ഒരിലയനക്കം പോലും സംഭവിച്ചില്ല. തൊഴിലും, വിദ്യാഭ്യാസവും, ആനുകൂല്യങ്ങളും വാരിക്കോരി നല്‍കി തന്റെ ജനതയെ സ്‌നേഹം കൊണ്ട് തോല്‍പ്പിക്കുകയായിരുന്നു മലിക് അബ്ദുല്ല.
ഭരണകൂടത്തിന്റെ ഉരുക്കുമുഷ്ടി ഭയന്നായിരുന്നില്ല, മറിച്ച് രാജാവിന്റെ പ്രജകളോടുള്ള സ്‌നേഹത്തിനു മുമ്പില്‍ എല്ലാ പ്രതിഷേധങ്ങളും വഴിമാറുകയായിരുന്നു. സഊദി യുവാക്കളുടെ സ്വാതന്ത്ര്യ വാഞ്ജക്കുനേരെ വാതിലുകള്‍ കൊട്ടിയടക്കുകയായിരുന്നില്ല, മറിച്ച് അവര്‍ക്ക് സര്‍വ സ്വാതന്ത്ര്യവും ആനുകൂല്യങ്ങളും, അവകാശങ്ങളും അനുവദിക്കുകയായിരുന്നു. സഊദി വിദ്യാര്‍ഥികള്‍ക്ക് വിദേശ വിദ്യാഭ്യാസത്തിന് അവസരങ്ങളും സഹായങ്ങളും ഒരുക്കിക്കൊടുത്തു. സ്‌കോളര്‍ഷിപ്പ് നല്‍കി സമര്‍ഥരായ ലക്ഷത്തോളം വിദ്യാര്‍ഥികളെയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദേശത്തേക്ക് ഉന്നതപഠനത്തിനയച്ചത്. അമേരിക്കയില്‍ മാത്രം ഇപ്പോള്‍ കാല്‍ലക്ഷത്തോളം സഊദി വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്.
യുവാക്കള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു. കൃഷിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരിനല്‍കി. വിധവകള്‍ക്കും, അവിവാഹിതര്‍ക്കും, അശരണര്‍ക്കും സാമ്പത്തിക സഹായം നല്‍കി. ആതുര, വിദ്യാഭ്യാസ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം തന്നെ നടത്തി. എല്ലാ പ്രവിശ്യകളിലും അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികള്‍ സ്ഥാപിച്ചു. കിഴക്ക്, പടിഞ്ഞാറ് പ്രവിശ്യകളില്‍ നിരവധി ഉന്നത കലാലയങ്ങള്‍ സ്ഥാപിച്ചു. രാജ്യ തലസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്കായി സ്ഥാപിച്ച കിംഗ് സഊദ് യൂനിവേഴ്‌സിറ്റി അതില്‍ എടുത്തു പറയേണ്ട ഒന്നാണ്.
രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതി നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പൊതുഗതാഗതം കൂടുതല്‍ കാര്യക്ഷമമാകും. വിവിധ നഗരങ്ങളില്‍ മെട്രോ റെയിലിന്റെ നിര്‍മാണവും നടന്നുകൊണ്ടിരിക്കുന്നു.
തിരുഗേഹങ്ങളുടെ സേവകന്‍ കൂടിയായിരുന്ന അബ്ദുല്ല രാജാവ് ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മക്കയിലും, പ്രവാചക നഗരിയിലും ഹറമുകളില്‍ തുടക്കം കുറിച്ചിട്ടുള്ളത്. “കിംഗ് അബ്ദുല്ലാ മതാഫ് എക്‌സ്റ്റന്‍ഷന്‍” പദ്ധതിയും, ജബല്‍ കഅബ വരേ നീളുന്ന ശാമിയാ വികസന പ്രവൃത്തിയും തീരുന്നതോടെ മക്കാഹറമിന്റെ മുഖച്ഛായ തന്നെ മാറും. മദീനയിലെ പ്രവാചകരുടെ പള്ളിയായ മസ്ജിദുന്നബവി വടക്ക്, പടിഞ്ഞാറു ഭാഗങ്ങളിലേക്കു വികസിപ്പിക്കുന്ന പത്ത് വര്‍ഷം നീളുന്ന വന്‍ വികസന പദ്ധതിക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്.
മസ്ജിദുന്നബവി മുഴുസമയവും വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തത് അബ്ദുല്ലാ രാജാവിന്റെ പ്രത്യേക താത്പര്യം പരിഗണിച്ചായിരുന്നു. രാജ്യത്തെ ചരിത്ര സ്മാരകങ്ങളും, ഇരു ഹറമുകളുമായി ബന്ധപ്പെട്ട അമൂല്യ തിരുശേഷിപ്പുകളും സംരക്ഷിക്കാനും സൂക്ഷിക്കാനും ഉത്തരവിട്ടതും, അതിന് ബന്ധപ്പെട്ടവര്‍ക്ക് അധികാരം നല്‍കിയതും അദ്ദേഹമാണ്. നിരവധി ചരിത്ര ശേഷിപ്പുകളാണ് മുന്‍കാലങ്ങളില്‍ നാമാവശേഷമായിപ്പോയിരുന്നത്.
ലോക രാജ്യങ്ങളോടും, അറബ് രാജ്യങ്ങളോടും അബ്ദുല്ല രാജാവ് പുലര്‍ത്തിയിരുന്ന നയതന്ത്ര ബന്ധവും എടുത്തു പറയേണ്ടതാണ്. അനൈക്യത്തിലും, പരസ്പരം കലഹിച്ചുമിരുന്ന അറബ് രാജ്യങ്ങളെ ഒരുമയുടേയും ഐക്യത്തിന്റേയും വഴിയിലേക്കു കൈപ്പിടിച്ചതും മറ്റാരുമല്ല. 1962ല്‍ സഊദി നാഷനല്‍ ഗാര്‍ഡിന്റെ കമാന്‍ഡറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ആദ്യ ഉപപ്രധാന മന്ത്രിയായും, 1982ല്‍ കിരീടാവകാശിയായും നിയുക്തനായി. 1980 ല്‍ ജോര്‍ദാനും സിറിയയും തമ്മിലുണ്ടാകേണ്ടിയിരുന്ന യുദ്ധം ഇല്ലാതാക്കാന്‍ ഇടപെട്ടതിലൂടെ നയതന്ത്ര രംഗത്തും അദ്ദേഹം സുസമ്മതനായി. പശ്ചിമേഷ്യയില്‍ അസ്വസ്ഥത പുകഞ്ഞ സന്ദര്‍ഭങ്ങളിലെല്ലാം തികഞ്ഞ ഒരു മധ്യസ്ഥന്റെ റോളില്‍ അദ്ദേഹം തിളങ്ങി.
ഒരു ഭരണാധികാരി എന്ന നിലയില്‍ സമാധാന ശ്രമങ്ങള്‍ക്കും, സേവനങ്ങള്‍ക്കും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് അബ്ദുല്ലാ രാജാവിനെ തേടി എത്തിയിരുന്നത്. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി പോയ വര്‍ഷം ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. 2006 ല്‍ ഡല്‍ഹിയിലെ ജാമിയ മില്ലിയ സര്‍വകലാശാലയും അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. ഫോര്‍ബ്‌സ് മാഗസിന്‍ നടത്തിയ റാങ്കിംഗ് പ്രകാരം അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഭരണാധികാരിയായി അബ്ദുല്ലാ രാജാവിനെയായിരുന്നു തിരഞ്ഞെടുത്തിരുന്നത്. ലോകതലത്തിലെ റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനവും നല്‍കി.
സഊദിയുടെ പുരോഗതിയില്‍ വലിയ പങ്കു വഹിച്ച വിദേശ രാജ്യക്കാരോട് എന്നും സ്‌നേഹവും ബഹുമാനവും പുലര്‍ത്തിയ ഭരണാധികാരികൂടിയായിരുന്നു അബ്ദുല്ല. രാജ്യത്തെ വിദേശികളുടെ നിയമ പരിരക്ഷയും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ ശക്തമായ നിയമ നിര്‍മാണം തന്നെ കൊണ്ടുവന്നു. രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ സേന ഇന്ത്യയില്‍ നിന്നാകയാല്‍ ഇന്ത്യക്കാരോട് വലിയ മതിപ്പും സ്‌നേഹവുമായിരുന്നു അദ്ദേഹത്തിന്.
പല അവസരങ്ങളിലും അദ്ദേഹമതു തുറന്നു പറയുകയും ചെയ്തിരുന്നു. 2006 ല്‍ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അദ്ദേഹം പറഞ്ഞത് “ഇന്ത്യ എന്റെ രണ്ടാമത്തെ ഭവനമാണ്” എന്നാണ്. വിദേശികള്‍ക്കായി നിരവധി അവസരങ്ങളില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് ചരിത്രം സൃഷ്ടിക്കുക കൂടി ചെയ്തിട്ടുണ്ട് അബ്ദുല്ലാ രാജാവ്. ഇത്രയേറെ പൊതു മാപ്പുകള്‍ പ്രഖ്യാപിച്ച രാജ്യം ഒരു പക്ഷേ സഊദി അല്ലാതെ വേറെ ഉണ്ടാവില്ല.