Connect with us

Gulf

അനുഭവ സമ്പത്തിന്റെ കരുത്തുമായ് സല്‍മാന്‍ രാജകുമാരന്‍

Published

|

Last Updated

റിയാദ്: അബ്ദുല്ല രാജാവിന്റെ ഇതിഹാസതുല്യമായ നേതൃത്വത്തിന് തിരശ്ശീല വീഴുമ്പോള്‍ സഊദിയുടെ ഭരണസാരഥ്യമേറ്റെടുക്കുന്നത് 2011 മുതല്‍ രാജ്യത്തിന്റെ പ്രതിരോധ മന്ത്രി സ്ഥാനം വഹിച്ച അമൂല്യമായ അനുഭവ സമ്പത്തുള്ള സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന്‍. രാജ്യം നിര്‍ണായകമായ പരിവര്‍ത്തനങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് അബ്ദുല്ലാ രാജാവിന്റെ അര്‍ധ സഹോദരന്‍ സല്‍മാന്‍ രാജകുമാരന്‍ അധികാരമേല്‍ക്കുന്നത്. സാഹചര്യങ്ങള്‍ അനിശ്ചിതമായിരിക്കുകയും അതിന്റെ പ്രതിഫലനങ്ങള്‍ അറബ് ലോകത്ത് പ്രകടമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ തന്റെ അര്‍ധ സഹോദരന്റെ കാല്‍പ്പാടുകള്‍ പിന്തുടരുന്നതോടൊപ്പം സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് പുതിയ കാലത്തേക്ക് രാജ്യത്തെ നയിക്കാനുള്ള വഴികള്‍ വെട്ടുക കൂടി ചെയ്യുമെന്ന് പ്രതീക്ഷിക്കാം. യുവാക്കളെ കൂടുതല്‍ ഊര്‍ജസ്വലമാക്കാനും രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാക്കാനും അദ്ദേഹം പദ്ധതികള്‍ മുന്നോട്ട് വെച്ചേക്കും.
1963ല്‍ റിയാദ് ഗവര്‍ണര്‍ ആയാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഏതാണ്ട് അര നൂറ്റാണ്ടു കാലത്തെ അദ്ദേഹത്തിന്റെ നിതാന്തമായ ശ്രദ്ധയിലാണ് കൊച്ചു മരുപ്പട്ടണത്തില്‍ നിന്ന് റിയാദ് ലോകത്തെ ഏറ്റവും വലിയ തലസ്ഥാന നഗരികളുടെ ശ്രേണിയിലേക്ക് ഉയര്‍ന്നത്.
സഊദി ഭരണകൂടത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവിടുന്ന മന്ത്രാലയമാണ് പ്രതിരോധം. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി കരാറുകളുണ്ടാക്കുന്നതടക്കം നിരവധി സംരംഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക വഴി ആഗോള രാഷ്ട്രീയത്തില്‍ സല്‍മാന്‍ രാജകുമാരന്‍ പരിചയസമ്പത്ത് കൈവരിച്ചിട്ടുണ്ട്. രാജ്യത്തെ ഗോത്ര വര്‍ഗക്കാര്‍ അടക്കമുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദ്ദേഹം രാജ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അല്‍ ശര്‍ക്ക് അല്‍ അസ്‌വത്ത് പത്രത്തിന്റെ പ്രവര്‍ത്തനത്തിലും തത്പരനായിരുന്നു. രാഷ്ട്രീയ വീക്ഷണത്തില്‍ സല്‍മാന്‍ രാജകുമാരന്‍ പാരമ്പര്യവാദിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
തന്റെ സഹോദരന്‍മാരും അര്‍ധ സഹോദരന്‍മാരും മക്കളുമടങ്ങുന്ന ഭരണസംഘത്തിന്റെ പിന്തുണയായിരിക്കും സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിന്റെ ശക്തി സ്രോതസ്സ്. മകന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ പെട്രോളിയം മന്ത്രിയാണ്. മദീനയുടെ ഗവര്‍ണറാണ് ഫൈസല്‍ രാജകുമാരന്‍. ടൂറിസം മേധാവിയും രാജ്യത്തെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയുമാണ് സുല്‍ത്താന്‍ രാജകുമാരന്‍. സല്‍മാന്റെ മൂന്നാം ഭാര്യയിലെ മകന്‍ മുഹമ്മദ് രാജകുമാരന്‍ ഏറെ സ്വാധീനശക്തിയുള്ള ഭരണാധികാരിയായി കഴിവ് തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം റോയല്‍ കോര്‍ട്ടിന്റെ തലവനാണിപ്പോള്‍.
സല്‍മാന് കീഴിലെ കിരീടാവകാശി അദ്ദേഹത്തിന്റെ ഇളയ അര്‍ധ സഹോദരന്‍ മുഖ്‌രിന്‍ രാജകുമാരനാണ്. മുന്‍ രഹസ്യാന്വേഷണ മേധാവിയായ മുഖ്‌രിനെ 2014 മാര്‍ച്ചിലാണ് ഉപ കിരീടാവകാശിയാക്കിയത്.

Latest