Connect with us

International

തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന്‍ താവളമൊരുക്കുന്നു: ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: പാക് തീവ്രവാദത്തിനെതിരെ ശക്തമായ പ്രസ്താവനകളുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ രംഗത്ത്. തീവ്രവാദികള്‍ക്ക് പാക്കിസ്ഥാനില്‍ സുരക്ഷിത താവളമൊരുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തീവ്രവാദശക്തികളെ ശക്തമായി നേരിടുമെന്നും ഒരു ഇന്ത്യന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഒബാമ വ്യക്തമാക്കി.
തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായ രാജ്യം എന്ന നിലയില്‍ ഇന്ത്യയും അമേരിക്കയും ഇക്കാര്യത്തില്‍ കൈകോര്‍ക്കും. ഇരു രാജ്യങ്ങളും വലിയ ദുരന്തമാണ് തീവ്രവാദികളാല്‍ ഏറ്റുവാങ്ങിയത്- അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും ഇന്ത്യയിലെ മുംബൈ ആക്രമണവും സൂചിപ്പിച്ചുകൊണ്ട് ഒബാമ പറഞ്ഞു. 2008 നവംബര്‍ 26ന് മുംബൈയില്‍ നടത്തിയ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും. നിരോധിത ഭീകര സംഘടനയുടെ നേതാവ് ഹാഫിസ് സയ്യിദ് ഇപ്പോഴും പാക്കിസ്ഥാനില്‍ സ്വതന്ത്രമായി കഴിയുകയാണ്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അമേരിക്ക 10 മില്ല്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തന്നെ, 2008ലെ മുംബൈ ആക്രമണത്തിലെ മറ്റൊരു പ്രധാന ബുദ്ധികേന്ദ്രം സക്കിയുര്‍റഹ്മാന്‍ ലഖ്‌വിക്ക് ഇസ്‌ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി ജാമ്യം അനുവദിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര സമ്മര്‍ദം കൊണ്ടുമാത്രമാണ് പാക്കിസ്ഥാന്‍ ഇയാളെ തടങ്കലില്‍ വെക്കുന്നതെന്നും ഒബാമ വിശദീകരിച്ചു.
പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ സഹകരണമാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ ഉള്ളത്. ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ഇരു രാജ്യങ്ങളും കൂടുതല്‍ സുരക്ഷിതമാകുന്നുണ്ട്. ഒപ്പം ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകളും തുറന്നു കിട്ടുന്നു. അന്താരാഷ്ട്ര ബന്ധം കൂടുതല്‍ സുദൃഢമാക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ 60 ശതമാനത്തോളം വര്‍ധിച്ചു. സൈനിക പരിശീലനങ്ങളിലും രണ്ട് രാജ്യങ്ങളും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഒബാമ അഭിമുഖത്തില്‍ പറയുന്നു.
ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ക്ഷണിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ഒബാമ പറഞ്ഞു. ഇന്ത്യ രണ്ട് തവണ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നു. സുസ്ഥിര വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കിട്ടുന്ന അവസരമായി ഇതിനെ കാണുന്നു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെയും ഒബാമ അഭിമുഖത്തില്‍ അനുസ്മരിച്ചു. തന്റെ ഉറ്റ ചങ്ങാതി എന്നാണ് മന്‍മോഹന്‍ സിംഗിനെ കുറിച്ച് ഒബാമ പറഞ്ഞത്. തന്റെ ഇന്ത്യ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള അന്താരാഷ്ട്ര സൗഹൃദത്തിന്റെ കാര്യത്തില്‍ പുതിയ ചരിത്രമാകുമെന്നും ഒബാമ പ്രത്യാശ പ്രകടിപ്പിച്ചു.

Latest