Connect with us

Gulf

വിദേശ രാജ്യങ്ങളിലെ അനാഥരെ ദത്തെടുക്കുന്നത് സൗഊദി വിലക്കി

Published

|

Last Updated

ജിദ്ദ: സിറിയയിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും അനാഥരെ സഊദി പൗരന്മാര്‍ ദത്തെടുക്കുന്നത് സൗഊദി സാമൂഹിക കാര്യ മന്ത്രാലയം തടഞ്ഞു. “സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട അറബ് കുട്ടികളെ മന്ത്രാലയം ഏറ്റെടുക്കില്ല. അവരുടെ കാര്യങ്ങള്‍ ഏറ്റെടുക്കുന്ന നിരവധി അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകള്‍ ഉണ്ട്”- മന്ത്രാലയത്തിലെ കിഴക്കന്‍ പ്രവശ്യാ സാമൂഹിക മേല്‍നോട്ട ഡയറക്ടര്‍ ലത്വീഫ അല്‍ തമീമി പറഞ്ഞു.
അതേസമയം, വിദേശ സ്ത്രീകളില്‍ സഊദി പുരുഷന്മാര്‍ക്കുണ്ടായ കുട്ടികളെ ദത്തെടുക്കുന്നതിന് വിരോധമില്ല. അവരെ പൂര്‍ണ പൗരന്മാരായി പരിഗണിക്കും. നിലവില്‍ സഊദി കുടുംബങ്ങള്‍ 560 സഊദി അനാഥരെ ദത്തെടുത്തിട്ടുണ്ട്. ഇവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകള്‍ക്ക് അവകാശമുണ്ടായിരിക്കും.
സ്വകാര്യ ആശുപത്രികളിലെ ഈ കുട്ടികളുടെ ചികിത്സക്കും ബേങ്ക് അക്കൗണ്ടിനുമായി ദത്തെടുത്ത കുടുംബങ്ങള്‍ക്ക് മാസത്തില്‍ 3,000 സഊദി റിയാല്‍ സാമൂഹിക കാര്യാലയം നല്‍കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. അനാഥര്‍ തങ്ങളുടെ യഥാര്‍ഥ കുടുംബ നാമം സൂക്ഷിക്കുകയും അവര്‍ ദത്തെടുക്കപ്പെട്ട വിവരം പ്രായപൂര്‍ത്തിയായാല്‍ അറിയിക്കുകയും വേണം. ദത്തെടുക്കല്‍ സമ്പ്രദായത്തിന്റെ ദുര്‍വിനിയോഗം ഇതുവരെ സാമൂഹിക മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും തമീമി പറഞ്ഞു.
അനാഥര്‍ക്ക് 18 വയസ്സ് വരെ ദത്തെടുത്തവരോടൊപ്പം കഴിയാന്‍ അവകാശമുണ്ടാകും. വിവാഹാവശ്യത്തിന് 60,000 സഊദി റിയാല്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.
“ഇസ്‌ലാം അനാഥകളെ ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും കുടുംബ നാമം മാറ്റുന്നത് അംഗീകരിക്കുന്നില്ലെന്നും ഉമ്മുല്‍ ഖുറാ സര്‍വകലാശാലയിലെ ഇസ്‌ലാമിക് സയന്‍സ് പ്രൊഫസര്‍ അബ്ദുല്ല മക്കി പറഞ്ഞു. “അനാഥരെ ആശ്ലേഷിക്കാന്‍ ഇസ്‌ലാം മുസ്‌ലിംകളെ പ്രോത്സാഹിപ്പിക്കുന്നു. കാരണം അനാഥര്‍ വളരേണ്ടത് കുടുംബ സാഹചര്യത്തിലാണ്”- മക്കി പറയുന്നു.

Latest