Connect with us

Alappuzha

കേരള ശാസ്ത്ര കോണ്‍ഗ്രസ് 27ന് തുടങ്ങും

Published

|

Last Updated

ആലപ്പുഴ: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയേഴാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് 27 മുതല്‍ 29 വരെ ആലപ്പുഴയില്‍ നടക്കും.27ന് രാവിലെ പത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് കെ സി വേണുഗോപാല്‍ എം പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഡോ ടി എം തോമസ് ഐസക്ക് എം എല്‍ എ അധ്യക്ഷത വഹിക്കും.കെ സി വേണുഗോപാല്‍ എം പി വിശിഷ്ടാതിഥിയായിരിക്കും.
മിസൈല്‍ വനിത ഡോ ടെസ്സി തോമസ് മുഖ്യപ്രഭാഷണം നടത്തും. ശാസ്ത്രസാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മാരപാണ്ഡ്യന്‍, ഡോ കെ കെ രാമചന്ദ്രന്‍, ബി ജി ശ്രീദേവി, ഡോ. കെ ആര്‍ ലേഖ സംസാരിക്കും. ഡോ. എസ് വാസുദേവ് അവാര്‍ഡും കേരള സംസ്ഥാന യുവശാസ്ത്ര അവാര്‍ഡുകളും മുഖ്യമന്ത്രി സമ്മാനിക്കും.കേരളത്തിലെ പരമ്പരാഗത വ്യവസായം എന്നതാണ് ഇത്തവണത്തെ ശാസ്ത്രകോണ്‍ഗ്രസിന്റെ പ്രധാന ചര്‍ച്ചാ വിഷയമെന്ന് സംഘാടകര്‍ അറിയിച്ചു.മൂന്ന് ദിവസമായി നടക്കുന്ന ശാസ്ത്ര കോണ്‍ഗ്രസില്‍ 1200 ഓളം പ്രതിനിധികളും ആലപ്പുഴ ജില്ലയിലുള്ള 200 ഓളം ശാസ്ത്ര വിദ്യാര്‍ഥികളും പ്രമുഖ ശാസ്ത്രജ്ഞന്മാരും വിദ്യാഭ്യാസ വിചക്ഷണരും പങ്കെടുക്കും.ശാസ്ത്ര കോണ്‍ഗ്രസില്‍ 16 ഓളം വിഷയങ്ങളിലായി 563 ഗവേഷണ പ്രബന്ധങ്ങള്‍ ലഭിച്ചു. ഇതില്‍ 341 എണ്ണം അവതരണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ 53 എണ്ണം ഏറ്റവും നല്ല പ്രബന്ധത്തിനുള്ള മത്സരത്തിനും 117 എണ്ണം അവതരണത്തിനും ബാക്കിയുള്ളവ പോസ്റ്റര്‍ പ്രദര്‍ശനത്തിനുമായിരിക്കും. സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ബാലശാസ്ത്ര കോണ്‍ഗ്രസ് 29ന് രാവിലെ നടക്കും. കേരള സംസ്ഥാന യുവ ശാസ്ത്ര അവാര്‍ഡ് നേടിയവരുടെ അവതരണവും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളും ശാസ്ത്രജ്ഞരുമായുള്ള അഭിമുഖവും നടക്കും.കേരളത്തിലെ പരമ്പരാഗത വ്യവസായം എന്ന 27-ാം കോണ്‍ഗ്രസിന്റെ മുഖ്യവിഷയത്തെ ആസ്പദമാക്കി തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍, ടി കെ ജോസ്, ഡോ. ജി സി ഗോപാലപിള്ള, പ്രൊഫ. മധൂസൂദനക്കുറുപ്പ്, ഡോ. കെ ആര്‍ അനില്‍, ബാലമുരളി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.29ന് ഉച്ചക്ക് രണ്ട് മണിക്ക് ശാസ്ത്ര കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്‍ മുഖ്യാതിഥിയായിരിക്കും. മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.