Connect with us

National

ഗുജറാത്തിലെ സ്‌കൂളുകളില്‍ സരസ്വതി പൂജ നടത്തണമെന്ന് സര്‍കുലര്‍

Published

|

Last Updated

അഹ്മദാബാദ്: ഗുജറാത്തിലെ സ്‌കൂളുകളില്‍ സരസ്വതി പൂജ നടത്തണമെന്ന് സര്‍ക്കാര്‍ സര്‍കുലര്‍ പുറപ്പെടുവിച്ചു. അഹ്മദാബാദിലെ നൂറുകണക്കിന് സ്‌കൂളുകളില്‍ സര്‍കുലര്‍ ലഭിച്ചു. ഇത് വിവാദമായിട്ടുണ്ട്.
ഹിന്ദുവിശ്വാസ പ്രകാരം വിജ്ഞാനത്തിന്റെയും അറിവിന്റെയും ദേവതയായ സരസ്വതിയെ ആരാധിക്കുന്ന ആഘോഷ വേളയായ വസന്ത് പഞ്ചമിയെ കുറിച്ച് മുനിസിപാലിറ്റിയിലെ സ്‌കൂളുകളെ അറിയിച്ചതാണ് സര്‍ക്കുലറിലൂടെയെന്ന് മുനിസിപല്‍ സ്‌കൂള്‍ ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എല്‍ ഡി ദേശായ് പറഞ്ഞു. അറിവ് ഉന്നതങ്ങളിലേക്ക് നയിക്കുമെന്ന് വിദ്യാര്‍ഥികളെ മനസ്സിലാക്കാന്‍ സഹായിക്കുന്നതിന്, എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമായും സരസ്വതി പൂജ നടത്തുകയും സരസ്വതി മന്ത്രം ചൊല്ലുകയും വേണം. വസന്ത പഞ്ചമി എങ്ങനെയാണ് ആഘോഷിക്കേണ്ടത് എന്നത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ച് നല്‍കുകയും വേണം. സര്‍കുലറില്‍ പറയുന്നു.
നഗരത്തിലെ സ്‌കൂളുകളിലേക്കാണ് സര്‍കുലര്‍ അയച്ചത്. 300 ഗുജറാതി മീഡിയം സ്‌കൂളുകളില്‍ പതിനായിരത്തോളം മുസ്‌ലിം വിദ്യാര്‍ഥികളുണ്ട്. നഗരത്തിലെ അമ്പതോളം വരുന്ന ഉറുദു മീഡിയം സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ ഇക്കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ന്യൂനപക്ഷ സമുദായത്തിലെ വിദ്യാര്‍ഥികളുടെ വികാരം പൂജ നിര്‍വഹിക്കുന്നതിലൂടെ വ്രണപ്പെടുമെന്നത് തീര്‍ച്ചയാണ്. വിദ്യാര്‍ഥികളെ അറിയിച്ചിട്ടില്ല. ഇതൊരു കുഴപ്പം പിടിച്ച സമയം തന്നെ. ഒരു സ്‌കൂളിലെ പേര് വെളിപ്പെടുത്താത്ത ഹെഡ്മാസ്റ്റര്‍ പറഞ്ഞു.

Latest