Connect with us

Kerala

ആദിവാസി സംരക്ഷണത്തിന് ജനമൈത്രി പോലീസ്

Published

|

Last Updated

തിരുവനന്തപുരം: ആദിവാസികളുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ ജനമൈത്രി പോലീസിനെ ഉപയോഗിക്കാന്‍ പദ്ധതിയൊരുങ്ങുന്നു. ആദിവാസി ഊരുകളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അവരുടെ ക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനുമായി ജനമൈത്രി പോലീസ് വനിതാ വിജിലന്‍സ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. ആദിവാസികള്‍ക്കിടയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി തുടങ്ങാന്‍ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിക്കുന്നത്.
സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനായി പത്ത് ലക്ഷം രൂപ ആസൂത്രണ ബോര്‍ഡ് അനുവദിച്ചിട്ടുണ്ട്. വയനാട് ജില്ലയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിക്കുക. സമൂഹ വികസനത്തിനായി സ്ത്രീകളുടെ പങ്ക് ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് ജനമൈത്രി സുരക്ഷാ പദ്ധതി നോഡല്‍ ഓഫീസറായ എ ഡി ജി പി. ബി സന്ധ്യ പറഞ്ഞു.
ലഹരിവിരുദ്ധ ക്യാമ്പയിനുകള്‍, കൗണ്‍സലിംഗ്, സ്‌കൂളില്‍ നിന്ന് കൊഴിഞ്ഞുപോയ കുട്ടികളെ തിരിച്ചെത്തിക്കല്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി പ്രാരംഭ ഘട്ടത്തില്‍ നടത്തുക. സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനും അവയുടെ കാരണം കണ്ടെത്തുന്നതിനുമുള്ള സ്ത്രീകളുടെ കഴിവാണ് ഈ ദൗത്യത്തിന് അവരെത്തന്നെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ബി സന്ധ്യ പറഞ്ഞു.
ഒരു വിജിലന്‍സ് കമ്മിറ്റിയില്‍ ഇരുപത് പേരാണ് ഉണ്ടാകുക. ഇതില്‍ ആദിവാസി സ്ത്രീകളും ജനമൈത്രി സുരക്ഷാ ബീറ്റ് ഓഫീസര്‍മാരും ഉണ്ടാകും. ആദിവാസി സ്ത്രീകളില്‍ നിന്ന് വിദ്യാഭ്യാസമുള്ളവരെയായിരിക്കും കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുക. ഇവര്‍ക്കായി പ്രത്യേക പരിശീലന ക്ലാസ്സുകള്‍ നല്‍കും.
കമ്മിറ്റിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് തങ്ങളുടെ കഴിവും ആശയവിനിമയ പാടവവും വര്‍ധിപ്പിക്കാന്‍ ഈ പരിശീലന ക്ലാസുകളിലൂടെയും വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരുമൊത്തുള്ള പ്രവര്‍ത്തനങ്ങളിലൂടെയും സാധിക്കും.
ഒരു മാസത്തിനുള്ളില്‍ പദ്ധതി ആരംഭിക്കാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ വയനാട്ടിലെ ഏതൊക്കെ ആദിവാസി കേന്ദ്രങ്ങള്‍ പദ്ധതിയിലുള്‍പ്പെടുത്താം എന്നതു സംബന്ധിച്ച പഠനമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രശ്‌നബാധിത പ്രദേശങ്ങളായിരിക്കും ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കുക. പദ്ധതിക്കാവശ്യമായ ഫണ്ട് ലഭ്യമാകുന്നതനുസരിച്ചായിരിക്കും മറ്റ് ജില്ലകളിലേക്കുകൂടി പദ്ധതി വ്യാപിപ്പിക്കുന്നത്.
വിവിധ ജില്ലകളിലെ ആദിവാസി പ്രദേശങ്ങളിലെ അമ്പത് പോലീസ് സ്റ്റേഷനുകളില്‍ ജനമൈത്രി സുരക്ഷാ പദ്ധതി നിലവിലുണ്ട്. ഈ സ്റ്റേഷനുകളില്‍ പി എസ് സി പരീക്ഷാ പരിശീലനം, ഡി- അഡിക്ഷന്‍ പരിപാടികള്‍ എന്നിങ്ങനെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.
പോഷകാഹാരക്കുറവ്, ആരോഗ്യ പ്രശ്‌നങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, വിദ്യാഭ്യാസ സംവിധാനങ്ങളുടെ പോരായ്മ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ആദിവാസികള്‍ക്ക് മുന്നിലുള്ളത്. നില്‍പ്പ് സമരമടക്കമുള്ള പ്രതിഷേധങ്ങളുയര്‍ത്തിയെങ്കിലും സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജനമൈത്രി പോലീസ് നേതൃത്വം നല്‍കുന്ന പുതിയ പദ്ധതി കാടിന്റെ മക്കള്‍ക്ക് പുതിയ പ്രതീക്ഷയാകും.

Latest