Connect with us

Articles

വെല്ലുവിളികളുടെ മണല്‍ക്കാടുകളെ മുറിച്ചുകടന്ന രാജാവ്

Published

|

Last Updated

സഊദി അറേബ്യക്ക് കാലം ഏല്‍പ്പിച്ച ചില നിയോഗങ്ങളുണ്ട്. അതിലൊന്ന്, അറബ് ദേശീയതയുടെ ആസ്ഥാനമാവുകയെന്നതാണ്. മറ്റൊന്ന്, എണ്ണ സമ്പത്ത് ലോകത്തിനു വേണ്ടി കൈകാര്യം ചെയ്യുക എന്നതും. ഇവ രണ്ടിനും സമ്മര്‍ദങ്ങള്‍ ഏറെ. ഭരണാധികാരി എപ്പോഴും മുള്‍മുനയിലായിരിക്കും. കിരീടവുമായി നില്‍ക്കുമ്പോള്‍ തന്നെ അസാധാരണമായ മെയ്‌വഴക്കം പ്രകടിപ്പിക്കേണ്ടിവരും. അത്തരമൊരു ഭരണാധികാരിയാണ് ഇന്നലെ അന്തരിച്ച അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ്.
ഭരണാധികാരി എന്ന വിശേഷണത്തിനു മുമ്പ് “തിരുഗേഹങ്ങളുടെ പരിപാലകന്‍” എന്ന് ചേര്‍ത്തു കൊണ്ടാണ് സഊദി രാജാവിനെ അറബ് സമൂഹം അഭിസംബോധന ചെയ്യുന്നത്. വിശുദ്ധ മസ്ജിദുകളുടെ നിയന്ത്രണം ഭരണാധികാരിയില്‍ നിക്ഷിപ്തമാണ്. ഭീകരതയുടെ കാലത്ത് സഊദിയുടെ ഭരണത്തിന് നേതൃത്വം നല്‍കുക എന്നതിനപ്പുറം തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനാകുക എന്നതാണ് മഹത്തായ ഉത്തരവാദിത്വം; വെല്ലുവിളി. അത് ഭംഗിയായി നിറവേറ്റാന്‍ അബ്ദുല്ല രാജാവിന് കഴിഞ്ഞു.
2005 ആഗസ്റ്റ് ഒന്നിനാണ് അബ്ദുല്ല രാജാവ് ഭരണ സാരഥ്യം ഏറ്റെടുക്കുന്നത്. കിരീടാവകാശി ആയിരിക്കുമ്പോള്‍ തന്നെ ദൈനംദിന ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത് അബ്ദുല്ല രാജാവായിരുന്നു. അര്‍ധ സഹോദരന്‍ ഫഹദ് രാജാവിന്റെ നിഴലില്‍ നിന്ന് രാജാവായിക്കൊണ്ടുള്ള പ്രത്യക്ഷപ്പെടല്‍ സ്വാഭാവിക പ്രക്രിയയായിരുന്നു. ആധുനിക സഊദിയുടെ ശില്‍പ്പിയായി അബ്ദുല്ല രാജാവ് മാറുന്നതിന് മുമ്പ് നിരവധി പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. 1961ല്‍ മക്ക ഗവര്‍ണറായി. 1962ല്‍ ദേശീയ സേനയുടെ അധിപനായി. 1982ല്‍ ഫഹദ് രാജാവ് ഭരണാധികാരിയായപ്പോള്‍ കിരീടാവകാശിയായി.
അമേരിക്കയോടും ബ്രിട്ടനോടും ഏറെ അടുപ്പം പുലര്‍ത്തിയ ഭരണാധികാരിയാണ് അബ്ദുല്ല രാജാവ്. ഇത് രണ്ട് വിധത്തിലാണ് സഊദിയുടെ സാമൂഹികാവസ്ഥയെ സ്വാധീനിച്ചത്. ഫലസ്തീന്‍ പ്രശ്‌നത്തിലടക്കം അറബ് പ്രശ്‌നങ്ങളില്‍ ഇരട്ടത്താപ്പ് നയമുള്ള അമേരിക്കയോട് സൗഹൃദത്തിലാകുന്നത്, അപകടകരമായിരുന്നു. എന്നാല്‍ മേഖലയുടെ സുരക്ഷിതത്വത്തിന് അമേരിക്കന്‍ ബന്ധം അനിവാര്യമാണെന്ന് അബ്ദുല്ല രാജാവ് ഉറച്ചു വിശ്വസിച്ചു.
അറബ് വസന്തം, ഭീകരവാദം, ഇറാന്റെ ആണവ സമ്പുഷ്ടീകരണം എന്നിങ്ങനെ തൊട്ടാല്‍ പൊള്ളുന്ന അനേകം രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അബ്ദുല്ല രാജാവിന് അഭിമുഖീകരിക്കേണ്ടിവന്നു.
പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകരവാദം ഇറാഖ് കടന്ന് സഊദി അറേബ്യയുടെ അരികിലെത്തിയത് പൊടുന്നനെയാണ്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ സഊദി പൗരന്‍മാരില്‍ ചിലര്‍ പങ്കെടുത്തുവെന്ന കുറ്റം, ഭരണാധികാരിക്ക് തലവേദനയായി. തൊട്ടുപിന്നാലെ അറബ് വസന്തം എന്ന പേരില്‍ രാഷ്ട്രീയ അസ്വസ്ഥതകള്‍ ഉടലെടുത്തു. ജി സി സിയെ നയിക്കുന്ന രാജ്യമെന്ന നിലയില്‍ കണ്ണടയ്ക്കാന്‍ സഊദിക്ക് കഴിയുമായിരുന്നില്ല. ഊജിപ്തില്‍ ഇസ്‌ലാമിക് ബ്രദര്‍ഹുഡിനെതിരെ നടപടി സ്വീകരിക്കാന്‍ ഖത്തറിനെ പ്രേരിപ്പിച്ചത് സഊദിയാണ്. ഇതിന്റെ പേരില്‍ ഒരു വേള ഖത്തറുമായി സഊദി തെറ്റിപ്പിരിഞ്ഞു.
ഒരു ഭാഗത്ത്, ആണവ ശക്തിയാകുന്ന ഇറാന്‍, മറു ഭാഗത്ത് ഭീകരവാദികള്‍ എന്നിങ്ങനെ നിരവധി സങ്കീര്‍ണതകളെ അഭിമുഖീകരിക്കേണ്ടിവന്നപ്പോഴും നിശ്ചയദാര്‍ഢ്യം കൈവിടാതെ ജി സി സിയെ നയിക്കാന്‍ അബ്ദുല്ല രാജാവിന് കഴിഞ്ഞു.
അമേരിക്കയുമായി സൗഹൃദം തുടര്‍ന്നപ്പോള്‍ തന്നെ, ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. 2001മെയില്‍ ഇസ്‌റാഈല്‍ സൈന്യം അല്‍ അഖ്‌സക്കെതിരെ നീക്കം നടത്തിയതില്‍ പ്രതിഷേധിച്ച് അമേരിക്കയുടെ ക്ഷണം അബ്ദുല്ല രാജാവ് നിരസിച്ചിരുന്നു. 2003ല്‍ അല്‍ ഖാഇദയെ അടിച്ചമര്‍ത്താന്‍ അമേരിക്ക സഹായം വാഗ്ദാനം ചെയ്‌തെങ്കിലും സ്വീകരിക്കാന്‍ രാജാവ് കൂട്ടാക്കിയില്ല.
സഊദിയില്‍ സര്‍വകലാശാലകള്‍ വര്‍ധിപ്പിക്കാന്‍ രാജാവ് എന്നും ബദ്ധശ്രദ്ധനായിരുന്നു. വിദേശ രാജ്യങ്ങളില്‍ പഠനം നടത്താന്‍ 70,000 ഓളം വിദ്യാര്‍ഥികള്‍ക്ക് ധന സഹായം നല്‍കി. കിംഗ് അബ്ദുല്ല യൂനിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി രാജാവിന്റെ സൃഷ്ടിയാണ്. വിദ്യാഭ്യാസ വത്കരണത്തിലൂടെ ഭീകരവാദത്തെ മറികടക്കാമെന്ന തന്ത്രമാണ് രാജാവ് സ്വീകരിച്ചത്. മാത്രമല്ല, സ്വദേശീ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വേണമായിരുന്നു. അത് കണ്ടറിഞ്ഞതിന്റെ ഫലമാണ് നിതാഖാത്ത്. മലയാളികള്‍ക്കടക്കം വിദേശികള്‍ക്ക് നിരാശയായെങ്കിലും സ്വദേശികള്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കി. സഊദിയുടെ കെട്ടുറപ്പ് ജി സി സിക്ക് അത്യന്താപേക്ഷിതം. ഭരണം ഏറ്റെടുത്ത സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിന് യു എ ഇ, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുമായി മികച്ച ബന്ധമുണ്ട്. ആഭ്യന്തര പ്രശ്‌നങ്ങളെ നേരിടാന്‍ ഇച്ഛാശക്തിയുണ്ട്. അത് കൊണ്ടുതന്നെ അറബ് സമൂഹത്തിന് ആശങ്കകളില്ല. ഗള്‍ഫ് സമ്പദ്ഘടനയുടെ നട്ടെല്ലായ എണ്ണവില കുത്തനെ താഴ്ന്നത് മാത്രമാണ് പ്രശ്‌നം. അത് സ്ഥായിയായ പ്രതിഭാസമല്ലെന്ന് കരുതുന്നവരാണ് ഏറെയും.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest