Connect with us

Editorial

ജനസംഖ്യാ കണക്കിലെ മറിമായങ്ങള്‍

Published

|

Last Updated

ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യാ വര്‍ധനവിനെക്കുറിച്ച “ഞെട്ടിക്കുന്ന” വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നു. പത്ത് വര്‍ഷത്തിനിടെ ജനസംഖ്യയിലെ മുസ്‌ലിം പ്രാതിനിധ്യം 13.4 ശതമാനത്തില്‍ നിന്ന് 14.2 ശതമാനമായി ഉയര്‍ന്നിരിക്കുന്നുവത്രെ. ജനസംഖ്യയുടെ ദേശീയ വരള്‍ച്ചാ നിരക്ക് 18 ശതമാനമാണെങ്കില്‍ മുസ്‌ലിംകളുടേത് 24 ശതമാനമാണ്. അതിര്‍ത്തി സംസ്ഥാനങ്ങളിലാണ് വര്‍ധനവ് കൂടുതലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിംകള്‍ വര്‍ധിച്ചാലുണ്ടാകുന്ന വിപത്തെന്തെന്ന് ബി ജെ പി. എം പി യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞു വെച്ചിട്ടുണ്ട്. മുസ്‌ലിം ജനസംഖ്യാ പെരുപ്പം കൊണ്ടാണ് രാജ്യത്ത് വര്‍ഗീയ കലാപങ്ങളുണ്ടാകുന്നതെന്നാണ് നോയിഡയില്‍ ഒരു റാലിയില്‍ അദ്ദേഹം പ്രസ്താവിച്ചത്.
2011 ലെ സെന്‍സസിനെ ആധാരമാക്കിയുള്ളതാണ് മുസ്‌ലിം ജനസംഖ്യാ വളര്‍ച്ചയെക്കുറിച്ച ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. മതം തിരിച്ചുള്ള ജനസംഖ്യാ കണക്കുകള്‍ പുറത്തു വിടേണ്ടതില്ലെന്നായിരുന്നു യു പി എ സര്‍ക്കാരിന്റെ തീരുമാനം. ആ നയത്തില്‍ നിന്ന് വ്യതിചലിച്ചു മുസ്‌ലിം ജനസംഖ്യയുടെ വര്‍ധന വെളിപ്പെടുത്തിയ മോദിസര്‍ക്കാര്‍, മറ്റു സമുദായങ്ങളുടെയൊന്നും കണക്കുകള്‍ പുറത്തു വിട്ടില്ലെന്നറിയുമ്പോള്‍ ഇതിന്റെ പിന്നിലെ ദുഷ്ടലാക്ക് വ്യക്തമാണ്. ദല്‍ഹി തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ധ്രുവീകരണം, ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റം ശക്തിപ്പെടുന്നുവെന്ന സംഘ്പരിവാര്‍ പ്രചാരണത്തിനും ഘര്‍വാപസിക്കും ന്യായീകരണം, മുസ്‌ലിംകളെക്കുറിച്ചുള്ള ഭീതി സൃഷ്ടിക്കല്‍ തുടങ്ങി പല ലക്ഷ്യങ്ങളും ഇതിന് പിന്നിലുണ്ട്.
യഥാര്‍ഥത്തില്‍ മുസ്‌ലിം ജനസംഖ്യാ വര്‍ധനവില്‍ സര്‍ക്കാറും സംഘ്പരിവാറും അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും ഉയര്‍ത്തുന്ന ആശങ്ക അടിസ്ഥാന രഹിതമാണ്. 1990-കളിലേതിനെ അപേക്ഷിച്ചു മുസ്‌ലിം ജനസംഖ്യാ വളര്‍ച്ച ഇപ്പോള്‍ നാല് ശതമാനം കുറയുകയാണുണ്ടായതെന്നാണ് കണക്കുകള്‍ ബോധ്യപ്പെടുത്തുന്നത്. 1991-2001 കാലഘട്ടത്തില്‍ വളര്‍ച്ചാ നിരക്ക് 29 ശതമാനമായിരുന്നു. 2001-ലെ സെന്‍സസ് അനുസരിച്ചു 25 ശതമാനവും. വളര്‍ച്ചയുടെ ദേശീയ ശരാശരിയില്‍ നിന്നുള്ള വ്യത്യാസം നാമമാത്രവുമാണ്.
ബംഗ്ലാദേശില്‍ നിന്നുള്ള കുടയേറ്റമാണ് രാജ്യത്തെ മുസ്‌ലിം വര്‍ധനവിന് കാരണമെന്നും അസമിലെ വര്‍ഗീയ സംഘര്‍ഷം ശക്തിപ്പെട്ടത് ഇതുകൊണ്ടാണെന്നുമുളള പ്രചാരണം വസ്തുതാ വിരുദ്ധമാണ്. അതിര്‍ത്തി സംസ്ഥാനങ്ങളിലേക്ക് നേരിയ തോതിലുള്ള കുടിയേറ്റമുണ്ടെങ്കിലും അസമിലെ മുസ്‌ലിം ജനസംഖ്യാ വര്‍ധനവിന് കാരണം ഇതിലുപരി മുസ്‌ലിം സമുദായത്തിന്റെ നിരക്ഷരതയാണെന്നാണ് സി എന്‍ എന്‍- ഐ ബി എന്‍ ചാനലിനോട് മുന്‍മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് പറഞ്ഞത്. 1980കളില്‍ സംസ്ഥാനത്ത് ആര്‍ എസ് എസ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ബോഡോകളെ മുസ്‌ലിംകള്‍ക്കെതിരില്‍ തിരിച്ചുവിട്ടതോടെയാണ് അവിടെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചത്. ഈ ലക്ഷ്യത്തില്‍ സംഘ്പരിവാര്‍ അഴിച്ചു വിട്ടതാണ്, സംസ്ഥാനത്ത് മുസ്‌ലിം കുടിയേറ്റം ക്രമാതീതമായി വര്‍ധിക്കുന്നുവെന്നും, ഈ നില തുടര്‍ന്നാല്‍ അവിടെ തദ്ദേശീയ ജനവിഭാഗമായ ബോഡോകള്‍ ന്യൂനപക്ഷമായിത്തീരുമെന്നുമുള്ള പ്രചാരണം.
മുസ്‌ലിം ജനസംഖ്യാ വര്‍ധനവ് പെരുപ്പിച്ചു കാണിച്ചു ഇതര സമുദായങ്ങളില്‍””ആശങ്ക” സൃഷ്ടിക്കുന്നത് ഒരു പുതിയ സംഭവമല്ല. ആഗോള തലത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണിത്. ആഗോള മുസ്‌ലിം ജനസംഖ്യയുടെ ഭാവിയെക്കുറിച്ചു നടത്തിയ വാഷിംഗ്ടണിലെ “ദി പ്യൂ ഫോറം ഓണ്‍ റിലീജ്യന്‍ ആന്റ് പബ്ലിക് ലൈഫ്” 2011ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അടുത്ത രണ്ട് ദശാബ്ദത്തിനുള്ളില്‍ ആഗോള മുസ്‌ലിം ജനസംഖ്യ മറ്റുള്ളവരേക്കാള്‍ രണ്ട് മടങ്ങ് വര്‍ധിക്കുമെന്നും 10 ലക്ഷത്തില്‍ കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യങ്ങളുടെ എണ്ണം അതോടെ നിലവിലെ 72ല്‍ നിന്ന് 79 ആയി ഉയരുമെന്നും “മുന്നറിയിപ്പ്” നല്‍കിയിരുന്നു. ഇന്ത്യയിലെ മുസ്‌ലിംകളുടെ എണ്ണം 2030-ഓടെ 23.6 കോടിയായി വര്‍ധിച്ചു 16 ശതമാനത്തിലെത്തുമെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്. ഹിന്ദു ഭൂരിപക്ഷമുള്ള ഇന്ത്യ പോലുള്ള ഒരു രാജ്യം ജനസംഖ്യാടിസ്ഥാനത്തില്‍ ലോകത്തെ മൂന്നാമത്തെ മുസ്‌ലിം രാജ്യമാണെന്ന വസ്തുത ഞെട്ടിക്കുന്നതാണെന്നാണ് ഇതിനിടെ ഒരു ക്രൈസ്തവ സൈറ്റ് അഭിപ്രായപ്പെട്ടത്. മുസ്‌ലിം തീവ്രവാദത്തോടുള്ള ഭയം കൊണ്ടോ എണ്ണക്കിണറുകളോടുള്ള സ്‌നേഹം കൊണ്ടോ മറ്റു രാജ്യങ്ങള്‍ പ്രകടിപ്പിക്കുന്ന മുസ്‌ലിം പ്രീണനമാണ് മുസ്‌ലിംകളുടെ വളര്‍ച്ചക്ക് കാരണമെന്നും സൈറ്റ് വിലയിരുത്തുകയുണ്ടായി. സയണിസ്റ്റ്, വര്‍ഗീയ ഫാസിസ്റ്റ് ലോബി സൃഷ്ടിച്ച ഇസ്‌ലാമോഫോബിയയുടെ തുടര്‍ച്ചയെന്നതിലപ്പുറം ഇത്തരം നിരീക്ഷണങ്ങള്‍ക്ക് യാഥാര്‍ഥ്യത്തിന്റെ പിന്‍ബലം അശേഷവുമില്ല. മുസ്‌ലിംകളുടെ ജനസംഖ്യാ വര്‍ധനവിനെക്കുറിച്ചു സൂക്ഷ്മ നിരീക്ഷണം നടത്തുന്ന ഈ ഗവേഷണാര്‍ഥികളൊന്നും മറ്റു സമുദായക്കാരുടെ വളര്‍ച്ച പഠിക്കാനോ, അതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്താനോ താത്പര്യം കാണിക്കാറില്ലെന്നത് ശ്രദ്ധേയമാണ്.