Connect with us

Gulf

സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് സഊദി രാജാവ്

Published

|

Last Updated

റിയാദ്: സഊദി അറേബ്യയുടെ പുതിയ ഭരണാധികാരിയായി പ്രതിരോധ മന്ത്രി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന്‍ സ്ഥാനമേറ്റു. അന്തരിച്ച അബ്ദുല്ല രാജാവിന്റെ അര്‍ധ സഹോദരനാണ് സല്‍മാന്‍ രാജകുമാരന്‍. 2011 മുതല്‍ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിസ്ഥാനം വഹിക്കുന്ന സല്‍മാന്‍ രാജകുമാരന്‍ 1963 മുതല്‍ 48 വര്‍ഷമായി റിയാദ് പ്രവിശ്യയുടെ ഗവര്‍ണറായിരുന്നു.
കിരീടാവകാശി സുല്‍ത്താന്‍ രാജകുമാരന്റെ മരണത്തെ തുടര്‍ന്നാണ് പ്രതിരോധ മന്ത്രിയായി ചുമതലയേറ്റത്. 2012 ജൂണിലാണ് സല്‍മാനെ കിരീടാവകാശിയായി അബ്ദുല്ല രാജാവ് പ്രഖ്യാപിച്ചത്. അബ്ദുല്‍ അസീസ് ബിന്‍ അല്‍ സഊദിന്റെ ഭാര്യമാരിലൊരാളായ ഹുസ്‌നാ ബിന്‍ത് അഹ്മദ് സുദൈരിയില്‍ ജനിച്ച ഏഴ് ആണ്‍മക്കളില്‍ ഒരാളാണ് 79കാരനായ സല്‍മാന്‍. 1935 ഡിസംബര്‍ 31നാണ് ജനനം.
കലുഷിതമായ ലോക സാഹചര്യത്തില്‍ സഊദിയെ കൂടുതല്‍ ശക്തമായി നയിക്കുകയെന്ന ദൗത്യമാണ് സല്‍മാന്‍ രാജകുമാരന്‍ ഏറ്റെടുക്കുന്നത്.
ആരോഗ്യ കാരണങ്ങളാല്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ നിന്ന് അബ്ദുല്ല രാജാവ് വിട്ടുനിന്നപ്പോഴെല്ലാം ഭരണചുമതല വഹിച്ചിരുന്നത് സല്‍മാന്‍ രാജകുമാരനായിരുന്നു. സഊദി അറേബ്യയുടെ സ്ഥിരതക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും നിലവിലുള്ള ഭരണത്തിന്റെ തുടര്‍ച്ചയായിരിക്കും തന്റെ കാലത്തും ഉണ്ടാകുകയെന്നും സല്‍മാന്‍ രാജകുമാരന്‍ അധികാരമേറ്റ ശേഷം പറഞ്ഞു.

Latest