Connect with us

Palakkad

വള്ളുവനാട്ടില്‍ പരമ്പരാഗത കാര്‍ഷിക രീതികള്‍ മറയുന്നു

Published

|

Last Updated

കൊപ്പം : വള്ളുവനാട്ടില്‍ നിന്നും പരമ്പരാഗത കാര്‍ഷിക രീതികള്‍ മറയുന്നു.
കൊയ്ത്ത് തുടങ്ങിയാല്‍ പണ്ട് കാലങ്ങളില്‍ കറ്റകള്‍ തലച്ചുമടായി വീടുകളിലെത്തിക്കും. ചാണകം കൊണ്ട് തേച്ചുമിനുക്കി വെടിപ്പാക്കിയ മുറ്റത്ത് വെച്ച് തന്നെയായിരിക്കും മെതിയും ചേറലും. ഉരലോ ഉയരമേറിയ കല്ലോ നിലത്തിട്ട് അതില്‍ ചുരുട്ട് തല്ലിയാണ് നെല്ല് തിരിച്ചെടുക്കുക. മെതിയും ചേറലും കഴിഞ്ഞാല്‍ നെല്ല് തന്നെയായിരിക്കും കൂലി. സ്ത്രീതൊഴിലാഴികള്‍ ചേറി വൃത്തിയാക്കിയ നെല്ല് മുറ്റത്തിട്ട് തന്നെ ഉണക്കും. കൊയ്ത്തും മെതിയും കഴിഞ്ഞ് രണ്ട് ദിവസം നെല്ല് പരത്തിയിട്ട് വെയിലും മഞ്ഞും കൊള്ളിക്കുന്ന ഈ രീതിക്ക് കള ഉറക്കം എന്നാണ് പറയുന്നത്.
കറ്റ പാടത്തിട്ട് രണ്ടോ മൂന്നോ ദിവസം വെയിലും മഞ്ഞും കൊള്ളിക്കുന്ന പതിവ് കറ്റ ഉറക്കവും പുതിയ കര്‍ഷകര്‍ക്ക് പോലും പരിചയമില്ലാതായി.ഇതോടെ കറ്റക്ക് കാവലിരിക്കുന്ന രീതിയും എന്നോ പോയ്മറഞ്ഞു. നെല്ല് ചാക്കില്‍ കെട്ടി വീട്ടില്‍ കൊണ്ട് പോയി കൊടുത്താല്‍ പോലും സ്വീകരിക്കാത്തതിനാല്‍ ചുരുട്ട് ആരും മോഷ്ടിക്കുന്ന പേടിയുമില്ല.മിക്കവരും വിത്തിന് നെല്ലൊരുക്കാത്തതിനാല്‍ അതും വേണ്ടാതായി.
കോണ്‍ക്രീറ്റ് സൗധങ്ങളിലൊക്കെ ടൈല്‍സ് പാകിയ മുറ്റങ്ങളായതോടെ നെല്ല് പരത്താനുപയോഗിക്കുന്ന പരമ്പും അന്യമായതിനാല്‍ പരമ്പ് നെയ്ത്ത് തൊഴിലാളികളെയും ഇന്ന് കാണാനില്ല. നെല്‍പത്തായവും നാരായവും നാഴിയും പറയുമൊക്കെ കാണാക്കാഴ്ചയായി. നെല്ലും അരിയും ചേറാനും മുറം പോലും വേണ്ടാതായി. പാടത്ത് നിന്ന് തന്നെ മെതിനടത്തിയ നെല്ല് വാങ്ങാന്‍ കച്ചവടക്കാര്‍ തയ്യാറാകുന്നതിനാല്‍ എയര്‍കണ്ടീഷന്‍ ചെയ്ത വീടകങ്ങളിലേക്ക് ഇന്ന് നെല്‍ശേഖരവും കയറ്റാതായി. ഉരലും കുന്താണിയും ഉലക്കയും മ്യൂസിയങ്ങളില്‍ പോലും കാണാനില്ല. മുന്‍കാലങ്ങളില്‍ കുണ്ടന്‍ പാടം, കുത്തൊഴുക്കുള്ള പാടം, പള്ളിയാല്‍പാടം എന്നിങ്ങനെയുള്ള വ്യത്യസ്ത പാടങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ നെല്‍വിത്തുകള്‍ ഉപയോഗിച്ചിരുന്നു.
വെള്ളങ്കഴമ, ചിറ്റേനി, കൂട്ടുമുണ്ടകം എന്നിങ്ങനെ പരമ്പരാഗത വിത്തുകള്‍ സുലഭമായിരുന്നു. എന്നാല്‍ കര്‍ഷകര്‍ പരാമ്പരാഗത കൃഷിയില്‍ നിന്ന് വഴുതിയതും വിത്ത് സം”രിക്കാത്തതും ഇത്തരം നെല്‍വിത്തുകള്‍ തന്നെ അന്യമാകുന്നതിന് ഇടയായി.
മൂപ്പൂവലും പുഞ്ചയും കൃഷി ചെയ്തിരുന്ന കര്‍ഷകരില്‍ ഭൂരിഭാഗവും കരിങ്കറയായി. ഒരു പൂവ്വല്‍നെല്‍കൃഷിയാണിപ്പോള്‍ പലരും നടത്തുന്നത്. കൃഷിയെ മാത്രം ആശ്രയിച്ച് കഴിയേണ്ട അവസ്ഥയില്‍ നിന്ന് ജനങ്ങള്‍ മാറിയതും വരുമാനം കുറവായതും കൃഷിച്ചെലവ് കൂടിയതുമാണ് ഈ അവസ്ഥക്ക് കാരണം. നെല്‍കൃഷി നടത്തിയ പാടങ്ങളില്‍ ഒരു മാസമായി കൊയ്ത്ത് ആരംഭിച്ചിട്ട്. ഇത് തന്നെ വള്ളുവനാടന്‍ കൃഷിരീതിയുടെ അടിസ്ഥാനം ഇല്ലാതാക്കുന്നതാണ്. മകരക്കൊയ്ത്ത് എന്നത് വൃശ്ചിക കൊയ്ത്തായി മാറി.
കരിങ്കറ കൃഷിയാണ് ചെയ്യുന്നത് എന്നതിനാല്‍ രണ്ടാം വിളയുടെയും മൂന്നാം വിളയുടെയും ഇടയിലുള്ള കാലത്താണ് കൃഷിയിറക്കി വിളവെടുക്കുന്നതിനാലാണ് മകരത്തിന് മുന്‍പെ കൊയ്യുന്നത്. നെല്ല് കൊയ്യുന്നതും മെതിക്കുന്നതും യന്ത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങിയതും മുന്‍കാലങ്ങളിലെ കൃഷി രീതിക്ക് കോട്ടം തട്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ സാധാരണ രീതിയില്‍ തൊഴിലാളികള്‍ കൊയ്യുന്ന പാടത്തും നെല്ല് മെതിക്കല്‍ അവിടെ വെച്ചുതന്നെ നടത്തുകയാണ്. പാടത്ത് ടാര്‍പോളിന്‍ കെട്ടി അതിനകത്താണ് മെതി. കറ്റ വീടുകളില്‍ എത്തിക്കാനുള്ള കൂടിയ ചെലവും വൈക്കോല്‍ പാടത്ത്വെച്ചു തന്നെ കച്ചവടക്കാര്‍ വാങ്ങാന്‍ തയ്യാറാകുന്നതും പരമ്പരാഗത രീതിയില്‍ നിന്നും വഴുതാന്‍ കാരണമായി.
ചിട്ടയായ കൃഷി രീതിക്ക് വന്ന മാറ്റം മൂലം അവശേഷിക്കുന്ന പാരമ്പര്യ നെല്‍കൃഷി അടയാളങ്ങളും വൈകാതെ അന്യമാകുമെന്നാണ് ആശങ്ക.

---- facebook comment plugin here -----

Latest