Connect with us

Wayanad

സന്ദര്‍ശകരുടെ ഹൃദയം കവര്‍ന്ന് സ്വപ്‌നോദ്യാനം

Published

|

Last Updated

അമ്പലവയല്‍: മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം പൂപ്പൊലിയുടെ ഭാഗമായി തയാറാക്കിയ സ്വപ്‌നോദ്യാനം സന്ദര്‍ശകരുടെ ഹൃദയം കവരുന്നു. മൂന്നര ഏക്കറിന്റെ വിശാലതയുള്ള ഉദ്യാനം കുട്ടികളുടെ വിനോദത്തിനും വിജ്ഞാനത്തിനുമുള്ള വിഭവങ്ങളാല്‍ സമ്പന്നം.
നൂറുകണക്കിനു ബഹുവര്‍ണ പുഷ്പങ്ങള്‍, അപൂര്‍വ ഇനങ്ങളില്‍പ്പെട്ടതടക്കം പക്ഷികളുടെ ശേഖരം, ഹൈടെക് നഴ്‌സറി, ഒരു സെന്റ് പോളിഹൗസ്, ഫ്രോഗ് റൈഡ്, മാരിയോ റൗണ്ട്, മ്യൂസിക് ഫൗണ്ടന്‍, ഡാന്‍സിംഗ് ഫ്‌ളോര്‍, ഊഞ്ഞാലുകള്‍, കാളവണ്ടി തുടങ്ങിയവ സ്വപ്‌നോദ്യാനത്തിലെ വിനോദ-വിജ്ഞാന ഉപാധികള്‍.
ഡാലിയ, റോസ്, ജെര്‍ബറ, സീനിയ തുടങ്ങിയ ഇനം പൂക്കളാണ് ഉദ്യാനത്തിലെത്തുന്ന കുട്ടികളെ പുഞ്ചിരിയോടെ സ്വീകരിക്കുന്നത്. ചൈന പസന്ത്, കൊക്കൊട്ടില്‍, പഞ്ചവര്‍ണക്കിളികള്‍, പ്രണയക്കിളികള്‍, വിവിധയിനം പ്രാവുകള്‍… ഇങ്ങനെ നീളുന്നതാണ് പക്ഷിശേഖരത്തിലെ ഇനങ്ങള്‍. ചണച്ചാക്കുകളും സിമന്റും ഉപയോഗപ്പെടുത്തി നിര്‍മിച്ചതാണ് മ്യൂസിക് ഫൗണ്ടന്‍. ഒന്നര മീറ്റര്‍ താഴ്ചയും 10 മീറ്റര്‍ വ്യാസവുമാണ് ഫൗണ്ടന്. ഒരേക്കര്‍ വരുന്നതാണ് ഹൈടെക് നഴ്‌സറി. 60ല്‍പരം ഇനം പൂച്ചെടികളാണ് നഴ്‌സറിയില്‍.
കാര്‍ഷിക സര്‍വകാശാലയ്ക്ക് കീഴിലുള്ള ഹൈടെക് കാര്‍ഷിക കര്‍മസേനയും മേഖലാ ഗവേഷണ കേന്ദ്രത്തിനു പരിധിയിലെ സ്വയംസഹായസംഘാംഗങ്ങളും ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി രാജേന്ദ്രന്‍, ഫാം മാനേജര്‍ കെ വി വത്സന്‍, ഹൈടെക് കര്‍മസേന സെക്രട്ടറി കെ പി അബ്ദുല്‍സലാം എന്നിവരുടെ നേതൃത്വത്തിലാണ് സ്വപ്‌നോദ്യാനത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കിയത്.

ആനപ്പാറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍ പി വിഭാഗം കുട്ടികളായിരുന്നു ആദ്യ സന്ദര്‍ശകര്‍. വരും ദിവസങ്ങളില്‍ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ക്കും അവസരം ഒരുക്കുമെന്ന് അധ്യാപകന്‍ ജിനു ജോര്‍ജ് പറഞ്ഞു. പൂപ്പൊലിയുടെ രണ്ടാം പതിപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ “ഫാര്‍ ബെറ്റര്‍” എന്നായിരുന്നു അധ്യാപകരുടെ പ്രതികരണം. സ്വപ്‌നോദ്യാനത്തിലേക്കുള്ള 10 രൂപ പ്രത്യേക പ്രവേശന ഫീസ് അല്‍പം കൂടുതലാണെന്ന പരിഭവവും അവര്‍ പറഞ്ഞു.