Connect with us

Wayanad

നിലനില്‍പ്പ് മണ്ണുമായി ബന്ധമുളള സംസ്‌കാരങ്ങള്‍ക്കു മാത്രം -എസ് രാധാകൃഷ്ണന്‍

Published

|

Last Updated

അമ്പലവയല്‍: മണ്ണുമായി ബന്ധമുളള സംസ്‌കാരങ്ങള്‍ക്കുമാത്രമാണ് ലോകത്ത് നിലനില്‍പ്പെന്ന് ആകാശവാണി കോഴിക്കോട് നിലയം ഡയറക്ടര്‍ എസ്.രാധാകൃഷ്ണന്‍. കേരള കാര്‍ഷിക സര്‍വകലാശാല ദേശീയ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാങ്കേതിക സെമിനാര്‍ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അശാസ്ത്രീയ വികസന പരിപാടികള്‍ കാര്‍ഷിക സംസ്‌കൃതിയെ കണ്ടംതുണ്ടമാക്കുകയാണ്. പരിസ്ഥിതിത്തകര്‍ച്ചയ്ക്കും അതുവഴി വന്‍കൃഷിനാശത്തിനും ഇടയാക്കിയ വികസനത്തിനു കേരളത്തില്‍ ഉദാഹരണങ്ങള്‍ നിരവധിയുണ്ട്.
ആകെ വരുമാനത്തിന്റെ 65 ശതമാനമെങ്കിലും കാര്‍ഷിക മേഖലയില്‍നിന്നു നേടുന്ന ഒരു രാജ്യമാണ് കാര്‍ഷിക രാജ്യമെന്ന പദവിക്ക് അര്‍ഹം. എന്നാല്‍ ഇന്ത്യയില്‍ ആകെ വരുമാനത്തിന്റെ 15-16 ശതമാനമാണ് കാര്‍ഷിക മേഖലയുടെ സംഭാവന. ജനങ്ങളെ കാര്‍ഷികവൃത്തിയില്‍നിന്നു അകറ്റുന്നതിതിനുള്ളള ശ്രമം കമ്പോളശക്തികള്‍ തുടരുകയുമാണ്. രാജ്യത്ത് കാര്‍ഷികോത്പാദനരംഗത്തുള്ള സാധാരണക്കാരില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതുണ്ട്. ചെറുകിട കര്‍ഷകരില്‍ 76 ശതമാനം എങ്ങനേയും കൃഷി നിര്‍ത്തണമെന്ന അഭിപ്രായക്കാരാണ്. കൃഷി വേണ്ടാ എന്നു പറയുന്ന തലമുറയെയാണോ സൃഷ്ടിക്കേണ്ടതെന്ന് ഭരണാധികാരികളടക്കം പരിശോധിക്കണം. മണ്ണില്‍ ചിവിട്ടിനില്‍ക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കണം. കാര്‍ഷിക വ്യവസ്ഥിതിയില്‍ അധിഷ്ഠിതമായ ജീവിതസംസ്‌കൃതിയുടെ പുനഃസൃഷ്ടിക്ക് സാഹചര്യം ഒരുക്കണം. കംപ്യൂട്ടര്‍ നട്ടാല്‍ നെല്ല് വിളയില്ലെന്ന് സര്‍വരും തിരിച്ചറിയണം-രാധാകൃഷ്ണന്‍ പറഞ്ഞു.
അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് എം.യു.ജോര്‍ജ് അധ്യക്ഷനായിരുന്നു. കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വ്യാപനകേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.ജോസ് മാത്യു, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഗവേണിംഗ് ബോഡി അംഗം അഡ്വ.ജോര്‍ജ് പോത്തന്‍, വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് മേധാവി പ്രൊഫ.ഡോ.പി.എസ്.ജോണ്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം.പി.ലക്ഷ്മീദേവി എന്നിവര്‍ പ്രസംഗിച്ചു. ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന്‍ സ്വാഗതവും അമ്പലവയല്‍ കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ.എ. രാധമ്മ പിള്ള നന്ദിയും പറഞ്ഞു.
“മണ്ണിന്റെ ആരോഗ്യവും കാര്‍ഷികോത്പാദനവും” എന്നതായിരുന്നു ആദ്യ സെമിനാര്‍ വിഷയം. “മണ്ണിന്റെ ആരോഗ്യപരിപാലനവും കാര്‍ഷികോല്‍പാദനവും”, “സമ്മിശ്ര കൃഷിയും സാധ്യതകളും”,”ജൈവകൃഷിയിലൂടെ മണ്ണിന്റെ ആരോഗ്യം” എന്നീ സെഷനുകള്‍ക്ക് യഥാക്രമം കണ്ണുര്‍ കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ.പി.ജയരാജ്, വെള്ളനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് മേധാവി ഡോ.പി.എസ്.ജോണ്‍, വെള്ളായണി കാര്‍ഷിക കോളേജിലെ പ്രൊഫ. ഡോ.സാം.ടി.കുറുന്തോട്ടിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൃഷി വകുപ്പിനെ പ്രതിനിധാനം ചെയ്ത് ആത്മ ഡപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ഡോ.കെ.ആശ പങ്കെടുത്തു.