Connect with us

Malappuram

ചാലിയാറില്‍ ഉള്‍നാടന്‍ മത്സ്യ ബന്ധനം പ്രതിസന്ധിയില്‍

Published

|

Last Updated

എടവണ്ണപ്പാറ: ആയിരക്കണക്കിന് ആളുകളുടെ ഉപ ജീവനത്തിന്റെ സ്രോതസ്സായിരുന്ന ചാലിയാര്‍ പുഴയിലെ ഉള്‍നാടന്‍ മത്സ്യബന്ധനം ഇന്ന് അതിജീവനത്തിന്റെ പാതയില്‍. നിലമ്പൂര്‍ മുതല്‍ ബേപ്പൂര്‍ വരെ നീണ്ടു കിടക്കുന്ന ഉള്‍നാടന്‍ മത്സ്യബന്ധനം നിരവധി കാരണങ്ങളാല്‍ പ്രയാസം നേരിടുന്നു.
വിവിധ ഇനം മത്സ്യങ്ങളാല്‍ സമ്പന്നമായിരുന്ന ചാലിയാറില്‍ ഇന്ന് മത്സ്യസമ്പത്ത് വളരെ പരിമിതമായിരിക്കുകയാണ്. വാള, ചെമ്പല്ലി, ഇരിമീന്‍ തുടങ്ങിയ മത്സ്യങ്ങള്‍ ധാരളമായി കാണപ്പെട്ടിരുന്ന ചാലിയാറില്‍ ഇവ അപൂര്‍വ ഇനങ്ങളായി മാറിയിരിക്കുകയാണ്.
ഊര്‍ക്കടവ് റഗുലേറ്റര്‍ കംബ്രിഡ്ജ് വന്നതോടെ ചാലിയാറിലെ ഉള്‍നാടന്‍ മത്സ്യബന്ധനം പ്രതിസന്ധികള്‍ നേരിട്ട് തുടങ്ങി. പാലത്തിന്റെ താഴ് ഭാഗങ്ങളില്‍ നിന്ന് മത്സ്യങ്ങളുടെ വരവ് നിന്നു. ചാലിയാര്‍ പുഴയില്‍ ധാരാളമായി കണ്ടിരുന്നതും നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്നതുമായ തണ്ടാടി മീന്‍ പിടുത്തം ഇന്ന് അപൂര്‍വ കാഴ്ചയാണ്. വെള്ളം കെട്ടി കിടക്കുന്നതിനാല്‍ ചെളി നിറഞ്ഞതാണ് തണ്ടാടി പിടുത്തത്തിന് പ്രധാന തടസ്സമായി മാറിയത്.
ചാലിയാര്‍ പുഴയില്‍ വ്യാപകമായ മണലെടുപ്പും ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് തടസ്സമായി തീര്‍ന്നു. മണലെടുപ്പിന് പുഴയിലിടുന്ന നങ്കൂരങ്ങളാണ് മത്സ്യബന്ധനത്തെ സാരമായി ബാധിക്കുന്നത്. ചാലിയാര്‍ പുഴയില്‍ ഇപ്പോള്‍ തലങ്ങും വിലങ്ങും നങ്കൂരങ്ങളാണ്. മണലെടുപ്പിനുള്ള ഔദ്യോഗിക സമയം രാവിലെ ആറു മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് വരെ ആണെങ്കിലും മണല്‍ തൊഴിലാളികള്‍ പുലര്‍ച്ചെ രണ്ട് മണി മുതല്‍ ജോലിക്ക് വരുന്നത് മത്സ്യബന്ധനത്തെ ബാധിക്കുന്നുവെന്ന് മത്സ്യതൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
വളര്‍ത്തു മത്സ്യങ്ങളായ രോഹു, കട്‌ല, സിഫ്രന്‍സ് തുടങ്ങിയ മത്സ്യങ്ങള്‍ ചാലിയാറില്‍ യഥേഷ്ടം ഉണ്ടെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വളര്‍ത്തു മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ ചാലിയാറില്‍ നിക്ഷേപിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുപോലെ ചെമ്മീന്‍ കുഞ്ഞുങ്ങളെയും ചാലിയാറില്‍ നിക്ഷേപിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. മുന്‍ കാലങ്ങളില്‍ ധാരാളമായി ചെമ്മീന്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. ഇപ്പോള്‍ പേരിന് പോലും ചെമ്മീന്‍ ചാലിയാറില്‍ ലഭ്യമല്ല.
നേരത്തെ, മത്സ്യബന്ധനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ ഗവണ്‍മെന്റില്‍ നിന്ന് ഇളവുകള്‍ ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ അത്തരം ആനുകൂല്യങ്ങള്‍ ലഭ്യമല്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഒരു കാലത്ത് ചാലിയാറിന്റെ തീരദേശങ്ങളില്‍ മുഖ്യതൊഴിലായിരുന്ന ഉള്‍നാടന്‍ മത്സ്യബന്ധനം ഇന്ന് ഒട്ടേറെ പ്രതിസന്ധികളില്‍ പെട്ട് ഉഴലുകയാണ്.

Latest