Connect with us

Malappuram

മാവോവാദി സാന്നിധ്യം: നിലമ്പൂരില്‍ സുരക്ഷ ശക്തമാക്കി

Published

|

Last Updated

നിലമ്പൂര്‍: ജില്ലയിലെ മാവോവാദി സാന്നിധ്യത്തെ തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കി. നിലമ്പൂര്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാവോവാദി സാന്നിധ്യവുമായി പോലീസിന് ചില രഹസ്യ വിവരങ്ങള്‍ ലഭ്യമായതിനെ തുടര്‍ന്നാണ് നടപടി.
നേരത്തെ തന്നെ മാവോവാദി ആക്രമണ സാധ്യതയുണ്ടായിരുന്ന മലയോര മേഖലയിലെ പോലീസ് സ്റ്റേഷനുകള്‍ക്കും സുരക്ഷ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായാണ് അറിയുന്നത്. വ്യാഴാഴ്ച രാവിലെ നിലമ്പൂര്‍ മേഖലയില്‍ പോലീസ് പ്രത്യേക പരിശോധനകളും നടത്തി. അതേ സമയം മാവോവാദികളുടെ സാന്നിധ്യം സംബന്ധിച്ചുള്ള പുതിയ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല.
വ്യാഴാഴ്ച പുലര്‍ച്ചെ നിലമ്പൂര്‍ നഗരത്തിനടുത്ത് മാവോവാദികളെന്ന് സംശയിക്കുന്ന ചിലര്‍ വന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
രണ്ടുവര്‍ഷം മുമ്പ് നിലമ്പൂരില്‍ ആദ്യമായി മാവോവാദി സാന്നിധ്യമുണ്ടായിരുന്നപ്പോള്‍ മുതല്‍ മന്ത്രി ആര്യാടന്റെ വീടിന് മുന്നില്‍ ഏര്‍പ്പെടുത്തിയരുന്ന പോലീസ് കാവല്‍ ഇപ്പോഴും തുടരുന്നുണ്ട്. നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിനും പ്രത്യേകം പോലീസ് സെക്യൂരിറ്റി അനുവദിച്ചിട്ടുണ്ട്.
എടക്കര: മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന സംഘത്തെ കാറില്‍ കണ്ടുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പോലീസ് വാഹനങ്ങള്‍ പരിശോധിച്ചു. ഇന്നലെ പുലര്‍ച്ചെ ആറോടെ മങ്കട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രഭാത സവാരിക്കിറങ്ങിയ ചിലരാണ് കാറില്‍ സംഘത്തെ കണ്ടതായി വെളിപ്പെടുത്തിയത്. ഇവരോട് നിലമ്പൂരിലേക്കുള്ള വഴി ചോദിച്ചു. സ്ത്രീകളടങ്ങുന്ന നാല് പേരാണ് കാറിലുണ്ടായിരുന്നത്. കമ്പിളികൊണ്ട് തലമൂടിയിരുന്നു.
ഇവരുടെ പക്കല്‍ തോക്കുകണ്ടുവെന്നാണ് പറയുന്നത്. തമിഴാണ് സംസാരിച്ചിരുന്നത്. ഇതേ തുടര്‍ന്ന് പോലീസുകാര്‍ പരിശോധനയുമായി റോഡിലിറങ്ങി. തീവ്രവാദ വിരുദ്ധ സേനയുടെ അകമ്പടിയോടെ തുടങ്ങിയ പരിശോധന 10 മണി വരെ നീണ്ടു നിന്നും. എങ്കിലും ഇങ്ങനെ ഒരു സംഘത്തെ കണ്ടത്താനായില്ല.

Latest