Connect with us

Malappuram

ആരോഗ്യത്തിലേക്ക് നിലമ്പൂര്‍ ഒന്നിച്ചുനടന്നു; വാക്കത്തോണ്‍ ചരിത്രമായി

Published

|

Last Updated

നിലമ്പൂര്‍: ഇന്ത്യയില്‍ ആദ്യമായി ഒരു നഗരത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്ന സൗഖ്യം സമഗ്ര ആരോഗ്യ പദ്ധതിയുടെ പ്രചരണത്തിനായി നടത്തിയ നിലമ്പൂര്‍ വാക്കത്തോണ്‍ ജനപങ്കാളിത്തം കൊണ്ട് ചരിത്രമായി. പതിനായിരത്തോളം പേരാണ് വാക്കത്തോണില്‍ പങ്കെടുത്തത്.
ഇന്നലെ വൈകുന്നേരം നിലമ്പൂര്‍ മിനി ബൈപാസില്‍ കളക്ടര്‍ കെ ബിജു വാക്കത്തോണ്‍ ഫഌഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ആധ്യക്ഷത വഹിച്ചു. അന്ധരുടെ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യയുടെ വൈസ് ക്യാപ്ടന്‍ മുഹമ്മദ് ഫര്‍ഹാന്‍ പതാകയേന്തി വാക്കത്തോണ്‍ നയിച്ചു. ചന്തക്കുന്ന് വരെ രണ്ടര കിലോ മീറ്റര്‍ ദൂരം പതിനായിരത്തോളം പേര്‍ ഒന്നിച്ചു നടന്നായിരുന്നു “വാക്കത്തോണ്‍”. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍, ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വീട്ടമ്മമാര്‍, വിമുക്ത ഭടന്‍മാര്‍, മുതിര്‍ന്ന പൗരന്‍മാര്‍, സന്നദ്ധ സംഘടനകള്‍, വിവിധ രാഷ്ട്രീയ, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ എന്നിവരടക്കം നിലമ്പൂര്‍ ജനത ഒന്നടങ്കം പങ്കാളികളായി.
ചന്തക്കുന്നില്‍ വാക്കത്തോണ്‍ സമാനപനസമ്മേളനത്തില്‍ ഡി എം ഒ. ഡോ. ഉമര്‍ ഫാറൂഖ് ആരോഗ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, അഡ്‌നോക്ക് വോയേജര്‍ സൗത്ത് ഇന്ത്യന്‍ ഡീലര്‍ നാലകത്ത് ഷിഹാബ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് ബാബു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ദേവശ്ശേരി മുജീബ്, അഡ്വ. ബാബു മോഹനക്കുറുപ്പ്, പാലോളി മെഹബൂബ്, പത്മിനി ഗോപിനാഥ്, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ സംസാരിച്ചു.
“ആരോഗ്യത്തോടെ ആജീവനാന്തം” എന്ന സന്ദേശവുമായി നിലമ്പൂര്‍ നഗരസഭയും സംസ്ഥാന ആരോഗ്യവകുപ്പും, ദേശീയ ഗ്രാമീണ, നഗര ആരോഗ്യ ദൗത്യവും സംയുക്തമായാണ് പൈലറ്റ് പ്രൊജക്ടായി നിലമ്പൂരില്‍ സൗഖ്യം- സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി നഗരസഭയിലെ 11,500 വീടുകളും ഈമാസം 26, 27 തീയതികളില്‍ സന്ദര്‍ശിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആശാ വളണ്ടിയര്‍മാര്‍, അയല്‍കൂട്ടം അംഗങ്ങള്‍, നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ എന്നിവരടങ്ങുന്ന സംഘം ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കും. ഓരോരുത്തരുടെയും രക്തസമ്മര്‍ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഉയരം, തൂക്കം എന്നിവ രേഖപ്പെടുത്താനുള്ള ഉപകരണങ്ങളുമായാണ് സംഘം വീടുകളിലെത്തുക.
കുടുംബത്തിന്റെ ആരോഗ്യ പശ്ചാത്തലം, ജീവിക്കുന്ന ചുറ്റുപാട്, എന്നിവ വിശദമായി പരിശോധിച്ച് ഓരോരുത്തരുടെയും രോഗ്യ രേഖ തയ്യാറാക്കും. ലഭിക്കുന്ന പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രോഗമില്ലാത്തവര്‍, രോഗം വരാന്‍ സാധ്യതയുള്ളവര്‍, രോഗ ബാധിതര്‍ എന്നിങ്ങനെ മൂന്നായി തരംതിരിക്കും. ഇതില്‍ രോഗം വരാന്‍ സാധ്യതയുള്ളവരെയും രോഗികളെയും രോഗം നേരത്തെ കണ്ടെത്തുന്നതിനാവശ്യമായ രണ്ടാം ഘട്ട വിശദ പരിശോധനക്ക് വിധേയമാക്കും. ഇതില്‍ തെരഞ്ഞെടുക്കുവര്‍ക്ക് അതിവിദഗ്ധ പരിശോധന നടത്തി വിദഗ്ദ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മറ്റു സ്വകാര്യ, സഹകരണ, സര്‍ക്കാര്‍ മെഡിക്കല്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് ഫലപ്രദമായ ചികിത്സ നല്‍കും. രോഗമില്ലാത്തവര്‍ക്ക് രോഗം വരാതിരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കും.
വീടുകളില്‍ സന്ദര്‍ശിച്ച് തയ്യാറാക്കുന്ന ആരോഗ്യവിവരങ്ങള്‍ ഓണ്‍ലൈന്‍ രേഖയാക്കി ഓരോരുത്തര്‍ക്കും നല്‍കും. തുടര്‍ പരിശോധനാവിവരങ്ങള്‍ യഥാസമയങ്ങളില്‍ ഓണ്‍ലൈനായി കൂട്ടിച്ചേര്‍ക്കുകയും ചെയ്യാം.
ഓരോ കുടുംബങ്ങള്‍ക്കും പ്രത്യേക പാസ്‌വേഡ് നല്‍കി ലോകത്തിന്റെ ഏതുഭാഗത്തുനിന്നും ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ടാകും.

Latest