Connect with us

Kozhikode

ദേശീയ ഗെയിംസിന് കോഴിക്കോട്ടും ആരവങ്ങള്‍ ഉയരുകയായി

Published

|

Last Updated

കോഴിക്കോട്: കൗമാര കലാമേള പടിയിറങ്ങി. ഇനി നഗരം ദേശീയ ഗെയിംസിന്റെ ആരവങ്ങളിലേക്ക്. സംസ്ഥാനം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ അവസാനഘട്ടത്തിലാണ്.

ഫുട്‌ബോള്‍, ബീച്ച് വോളി, വോളിബോള്‍ തുടങ്ങിയ മത്സരങ്ങളാണ് ജില്ലയില്‍ നടക്കുന്നത്. ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും ജില്ലയില്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഒഴുകിയെത്തുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി മെഡിക്കല്‍ കോളജ് സ്റ്റേഡിയവും കോര്‍പറേഷന്‍ ഗ്രൗണ്ടുമാണ് ഒരുങ്ങുന്നത്.
മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തിയായങ്കിലും കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഇപ്പോഴും അറ്റകുറ്റപ്പണികള്‍ ബാക്കിയുള്ളത് ആശങ്ക ഉണര്‍ത്തുന്നു. ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തീകരിച്ച് കുറ്റമറ്റ രീതിയില്‍ മത്സരം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
അതിനിടെ, ദേശീയ ഗെയിംസിന്റെ വരവറിയിച്ചുള്ള ദീപശിഖാ പ്രയാണം നാള ജില്ലയില്‍ എത്തും. ദീപശിഖാ പ്രയാണം വിജയിപ്പിക്കുന്നത് കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. നാളെ രാവിലെ 11ന് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ സ്വീകരണം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ സി എ ലത അറിയിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സാമൂഹിക- രാഷ്ട്രീയ- സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിലാണ് സ്വീകരണം. അഴിയൂര്‍, ഒഞ്ചിയം ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വീകരണ ചടങ്ങില്‍ വിദ്യാര്‍ഥികളെയും സ്‌കൂള്‍, കോളജ്തലത്തില്‍ കായിക രംഗത്ത് മികവ് തെളിയിച്ചവരും പങ്കെടുക്കും. ഇതിനായി സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്.
ജനപങ്കാളിത്തം ഉറപ്പാക്കന്‍ ദീപശിഖ കടന്നുപോകുന്ന ഓരോ പോയിന്റിലും പരമാവധി ആളുകളെ പങ്കെടുപ്പിക്കും. ജില്ലയില്‍ അഴിയൂര്‍, ചോറോട്, വടകര, പയ്യോളി, തിക്കോടി, മൂടാടി, കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര എന്നിവിടങ്ങളിലൂടെയാണ് ദീപശിഖാ പ്രയാണം കടന്നുപോകുന്നത്. ഓരോ സ്ഥലത്തും അതത് ഗ്രാമപഞ്ചായത്തുകള്‍ സ്വീകരണത്തിന് നേതൃത്വം നല്‍കും. വൈകീട്ട് മാനാഞ്ചിറയില്‍ കോര്‍പറേഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ദീപശിഖയെ വരവേല്‍ക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ജെ മത്തായി, ഒളിമ്പ്യന്‍ വി ദിജു, മൂസഹാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest