Connect with us

Kozhikode

ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്കിന് ഭാഗിക പ്രതികരണം

Published

|

Last Updated

കോഴിക്കോട്: ഒരു വിഭാഗം ജീവനക്കാരും അധ്യാപകരും ചേര്‍ന്ന് നടത്തിയ പണിമുടക്ക് ജില്ലയില്‍ ഭാഗികം. കോഴിക്കോട്, താമരശ്ശേരി, വടകര, കൊയിലാണ്ടി താലൂക്കുകളിലെ ഭൂരിഭാഗം സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞു കിടന്നതായി പണിമുടക്കിന് ആഹ്വാനം ചെയ്ത കേരള എന്‍ ജി ഒ യൂനിയന്‍, ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് അസോസിഷേയന്‍ ഭാരവാഹികള്‍ അറിയിച്ചു. വില്ലേജ് ഓഫീസ് മുതല്‍ കലക്ടറേറ്റ് വരെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ സമരം പൂര്‍ണ വിജയമായിരുന്നെന്നും ഇവര്‍ അവകാശപ്പെട്ടു. ഇടക്കാലാശ്വാസവും ശമ്പള പരിഷ്‌കരണവും ഏര്‍പ്പെടുത്തുക, 30500 തസ്തികള്‍ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അധ്യാപക- വിദ്യാര്‍ഥി അനുപാതം കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
പണിമുടക്കിയ അധ്യാപകരും ജീവനക്കാരും താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. നഗരത്തില്‍ പി ഡബ്ല്യൂ ഡി കോംപ്ലക്‌സിന് മുമ്പില്‍ നിന്ന് ആരംഭിച്ച പ്രകടനം കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം എന്‍ ജി ഒ യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി കെ സതീശ്, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ടി എം സജീന്ദ്രന്‍ പ്രസംഗിച്ചു. എന്നാല്‍, രാഷ്ട്രീയ പ്രേരിതമായ സമരമാണ് നടന്നതെന്നും 75 ശതമാനത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരായതായും കേരള എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം എ ഖാദര്‍, ജില്ലാ സെക്രട്ടറി എന്‍ പി ബാലകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. കലക്ടറേറ്റില്‍ 235ല്‍ 152 പേര്‍ ജോലിക്കെത്തിയെന്നും കോഴിക്കോട് താലൂക്ക് ഓഫീസില്‍ 90 ല്‍ 63 പേര്‍ ജോലിക്ക് ഹാജരായി. ബാക്കിയുള്ള 27 പേരില്‍ നിരവധി പേര്‍ അവധിയിലാണെന്നും ഇവര്‍ പറഞ്ഞു.

Latest