Connect with us

Kozhikode

പുഴയോരത്തെ പുറമ്പോക്കുഭൂമി കൈയേറിയതായി പരാതി

Published

|

Last Updated

കൊടുവള്ളി: ദേശീയപാത 212ല്‍ വെണ്ണക്കാട് തൂക്കുപാലത്തിന് സമീപം പുറമ്പോക്കുഭൂമി സ്വകാര്യവ്യക്തി കൈയേറിയതായി പരാതി. പൂനൂര്‍ പുഴയോരത്തുള്ള 2.2 സെന്റ് ഭൂമിയാണ് സ്വകാര്യ വ്യക്തി കൈയേറി ചുറ്റുമതില്‍ കെട്ടിയത്. വെണ്ണക്കാട് വാര്‍ഡ് യു ഡി എഫ് കമ്മിറ്റി 2012ല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്നത്തെ ഡെപ്യൂട്ടി തഹസില്‍ദാരും സര്‍വെയറും പ്രദേശം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ 2.2 സെന്റ് ഭൂമി കൈയേറിയതായി കണ്ടെത്തിയെന്ന് കുന്ദമംഗലം ഡെപ്യൂട്ടി തഹസില്‍ദാര്‍ 2012 ജനുവരി 30ന് മദ്‌റസാ ബസാര്‍ സ്വദേശി സി കെ അബ്ബാസിന് നല്‍കിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കൈയേറ്റം ഒഴിപ്പിക്കുന്നതിന് കൊടുവള്ളി വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
ഈ മാസം 15ന് സ്വകാര്യ വ്യക്തി സ്ഥലം വീണ്ടും കൈയേറുകയും ചുറ്റുമതില്‍ സ്ഥാപിച്ച് സ്വന്തമാക്കുകയും ചെയ്തതായും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വെണ്ണക്കാട് യൂനിറ്റ് കോണ്‍ഗ്രസ് കമ്മിറ്റി ജില്ലാകലക്ടര്‍ക്കും പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്.

Latest