Connect with us

National

മുസ്‌ലിം ജനസംഖ്യ 24% വര്‍ധിച്ചതായി റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: 2001-2011 കാലയളവില്‍ രാജ്യത്തെ മുസ്‌ലിം ജനസംഖ്യ 24 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ദേശീയ ശരാശരി 18 ശതമാനമാണ്. ആകെ ജനസംഖ്യയില്‍ സമുദായത്തിന്റെ പ്രാതിനിധ്യം 13.4 ശതമാനത്തില്‍ നിന്ന് 14.2 ശതമാനമായിട്ടുണ്ട്. അതേസമയം, സെന്‍സസ് രജിസ്ട്രാര്‍ ജനറല്‍ ഔദ്യോഗികമായി പുറത്തുവിടാത്ത ഈ റിപ്പോര്‍ട്ട് പ്രധാന ദേശീയ മാധ്യമത്തിന് ചോര്‍ന്ന് കിട്ടിയത് ദുരൂഹമാണ്.
ജമ്മു കാശ്മീരിലാണ് ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ളത്; 68.3 ശതമാനം. 34.2 ശതമാനമുള്ള അസം രണ്ടാമതും 27 ശതമാനവുമായി പശ്ചിമ ബംഗാള്‍ മൂന്നാം സ്ഥാനത്തുമാണ്. മതവിശ്വാസികളുടെ ജനസംഖ്യയെ സംബന്ധിച്ച സെന്‍സസ് റിപ്പോര്‍ട്ടാണിത്. 1991- 2001 കാലയളവില്‍ മുസ്‌ലിം ജനസംഖ്യാ വളര്‍ച്ച 29 ശതമാനമായിരുന്നു. അസമിലാണ് മുസ്‌ലിം ജനസംഖ്യയില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടായത്. 2001ല്‍ ഇവിടെ 30.9 ശതമാനമായിരുന്നു മുസ്‌ലിം ജനസംഖ്യ. കഴിഞ്ഞ 30 വര്‍ഷമായി ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റമാണ് ഇതിന് കാരണമായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
മുസ്‌ലിം ജനസംഖ്യാ വളര്‍ച്ച കുറഞ്ഞത് മണിപ്പൂരിലാണ്. 8.8 ശതമാനത്തില്‍ നിന്ന് 8.4 ശതമാനമായി കുറഞ്ഞു. ബംഗ്ലേദേശില്‍ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റമാണ് പശ്ചിമ ബംഗാളിലെയും ഉയര്‍ച്ചക്ക് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. 2001ല്‍ ഇവിടെ 25.2 ശതമാനമായിരുന്നു മുസ്‌ലിം ജനസംഖ്യ. .8 ശതമാനമുള്ള ദേശീയ ശരാശരിയേക്കാള്‍ അധികമാണ് (1.8 ശതമാനം) ഇവിടുത്തേത്. ഉത്തരാഖണ്ഡില്‍ 11.9 ശതമാനമായിരുന്നത് 13.9 ശതമാനമായി ഉയര്‍ന്നു. രണ്ട് ശതമാനത്തിന്റെ വളര്‍ച്ച. കേരളത്തില്‍ 24.7 ശതമാനമായിരുന്നത് 26.6ഉം ഗോവയില്‍ 6.8 ആയിരുന്നത് 8.4ഉം ജമ്മു കാശ്മീരില്‍ 67 ആയിരുന്നത് 68.3ഉം ഹരിയാനയില്‍ 5.8 ആയിരുന്നത് ഏഴും ഡല്‍ഹിയില്‍ 11.7 ആയിരുന്നത് 12.9ഉം ശതമാനമായി ഉയര്‍ന്നു.
അതേസമയം, മതാടിസ്ഥാനത്തിലുള്ള സെന്‍സസ് റിപ്പോര്‍ട്ട് പരസ്യമാക്കുന്നതിലെ അനൗചിത്യം പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഏറ്റവും ഒടുവില്‍ മുസ്‌ലിം ജനസംഖ്യ മാത്രം ഉയര്‍ത്തിക്കാട്ടുന്നത്, തീവ്രഹിന്ദുത്വ സംഘടനകളുടെ ഘര്‍വാപസിയും കൂടുതല്‍ കുട്ടികള്‍ വേണമെന്ന നിലപാടിനെ ന്യായീകരിക്കുന്നതിനാണെന്ന് നിരീക്ഷണമുണ്ട്.

Latest