Connect with us

National

മോദി പ്രശംസ: ജനാര്‍ദനന്‍ ദ്വിവേദിക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുക്കും

Published

|

Last Updated

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദനന്‍ ദ്വിവേദിയുടെ മോദി പ്രശംസയില്‍ ഞെട്ടിയ പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ ശക്തമായി കടന്നാക്രമിച്ച് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തുന്ന തരത്തില്‍ ഒരു വെബ്‌സൈറ്റിനോട് സംസാരിച്ച നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്നും ഹൈക്കമാന്‍ഡ് ഉചിതമായ നടപടിയെടുക്കുമെന്നും പാര്‍ട്ടി വക്താവ് അജയ് മാക്കന്‍ പറഞ്ഞു. ബി ജെ പിയും നരേന്ദ്ര മോദിയും നേടിയത് ഭാരതീയതയുടെ വിജയമാണെന്നായിരുന്നു എ ഐ സി സി ജനറല്‍ സെക്രട്ടറി ജനാര്‍ദനനന്‍ ദ്വിവേദി വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
കോണ്‍ഗ്രസ് നേതൃത്വത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. മോദി ഇന്ത്യയില്‍ പുതിയൊരു രാഷ്ട്രീയം കൊണ്ടുവന്നിരിക്കുകയാണ്. അദ്ദേഹത്തിന് ഇന്ത്യന്‍ ജനങ്ങളുടെ ഭാഷയില്‍ സംസാരിക്കാന്‍ കഴിയുന്നു. കോണ്‍ഗ്രസ് നേതാക്കളെ ഇന്ത്യക്കാര്‍ സ്വന്തം നേതാക്കളായി കാണുന്നില്ല. ഇന്ത്യക്കാരില്‍ സാമൂഹികമായി സ്വാധീനം ചെലുത്തുന്നതില്‍ മോദി വിജയിച്ചുവെന്നും ദ്വിവേദി പറയുന്നു.
ദ്വിവേദിയുടെ കാഴ്ചപ്പാടുകള്‍ കോണ്‍ഗ്രസിന്റെതല്ലെന്ന് മാക്കന്‍ തിരിച്ചടിച്ചു. ദ്വിവേദിക്കെതിരെ പാര്‍ട്ടി ഹൈക്കമാന്‍ഡ് ശക്തമായ അച്ചടക്ക നടപടിയെടുക്കും. 2002ലെ ഗുജറാത്ത് വംശഹത്യ എങ്ങനെയാണ് ഭാരതീയതയുടെ വിജയമാകുക? കേന്ദ്ര ഭരണകൂടം നേരിട്ട് നിയന്ത്രിക്കുന്ന ഡല്‍ഹിയിലെ ത്രിലോക്പുരിയിലും ഭാവനയിലും വര്‍ഗീയ കലാപങ്ങളുണ്ടായി. ചര്‍ച്ചുകള്‍ തകര്‍ക്കപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം വിദ്വേഷ പ്രചാരണം നടക്കുന്നു. ഇവയൊക്കെയാണോ മോദി കൊണ്ടുവന്ന ഭാരതീയതയുടെ വിജയം? – അജയ് മാക്കന്‍ ചോദിച്ചു. ഭാരതീയത എന്താണെന്ന് അറിയണമെങ്കില്‍ മഹാത്മാ ഗാന്ധിയെയും ഇന്ദിരാ ഗാന്ധിയെയും സ്വാമി വിവേകാനന്ദനെയും വായിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
അതിനിടെ തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന വാദവുമായി ദ്വിവേദി രംഗത്തെത്തി. മോദിയെ ഒരിക്കലും വാഴ്ത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് വിശകലനം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ദ്വിവേദി പറഞ്ഞു. മോദി ഭാരതീയതയുടെ പ്രതിനിധിയാണെന്ന് പറഞ്ഞിട്ടില്ല. ഭാരതീയത എന്താണെന്ന് തനിക്ക് നന്നായി അറിയാം. അത് ആരില്‍ നിന്നെങ്കിലും പഠിക്കേണ്ട് സ്ഥിതി തനിക്ക് വന്നിട്ടില്ലെന്നും മാക്കനെ പരോക്ഷമായി പരാമര്‍ശിച്ച് ദ്വിവേദി പറഞ്ഞു. നേരത്തേ കോണ്‍ഗ്രസ് എം പി ശശി തരൂരും മോദിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. തരൂരിന് വേണ്ടത്ര പാര്‍ട്ടി പാരമ്പര്യമില്ലെന്നായിരുന്നു ആ ഘട്ടത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതികരണം. എന്നാല്‍ മുതിര്‍ന്ന നേതാവും രാഷ്ട്രീയ നയരൂപവത്കരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നയാളും രാജ്യസഭാംഗവുമായ ജനാര്‍ദനന്‍ ദ്വിവേദിയും ഇതേ പാതയിലെത്തിയത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള നേതാവു കൂടിയാണ് ദ്വിവേദി. പാര്‍ട്ടിയിലെ പഴയ നേതൃനിരയും രാഹുലിന്റെ നേതൃത്വത്തിലുള്ള പുതിയ നിരയും തമ്മിലുള്ള ആശയ സംഘര്‍ഷത്തിന്റെ ഭാഗമാണ് ദ്വിവേദിയുടെ പരാമര്‍ശമെന്ന് വിലയിരുത്തലുണ്ട്.